രണ്ടു മണിക്കൂർ മാത്രം ഗ്യാസ് ഉപയോഗിക്കരുത്; വിവാദ ഉത്തരവിൽ മാറ്റം വരുത്തി ആലുവ പൊലീസ്
text_fieldsകൊച്ചി: നവകേരള സദസ്സിനായി മുഖ്യമന്ത്രി പിണറായി വിജയൻ വരുന്ന ദിവസം സമ്മേളന വേദിക്കരികിൽ കച്ചവടക്കാർ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്ന ഉത്തരവിൽ മാറ്റം വരുത്തി ആലുവ പൊലീസ്. പരിപാടി നടക്കുന്ന രണ്ടുമണിക്കൂർ നേരത്തേക്ക് ഗ്യാസ് ഉപയോഗിക്കരുതെന്നാണ് നിർദേശം. ഒരുദിവസം മുഴുവൻ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്നായിരുന്നു നേരത്തേ നിർദേശം നൽകിയത്.
സമ്മേളന വേദിക്ക് സമീപത്തെ കടകളിലെ കച്ചവടക്കാർക്കാണ് ഇതു സംബന്ധിച്ച് നിർദേശം നൽകിയിരുന്നത്. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിർദേശം. ഭക്ഷണം മറ്റ്സ്ഥലങ്ങളിലെ വെച്ചുണ്ടാക്കി കടകളിൽ എത്തിച്ച് വിൽക്കാനാണ് പൊലീസിന്റെ നിർദേശം. ജീവനക്കാർ പൊലീസ് സ്റ്റേഷനിലെത്തി തിരിച്ചറിയൽ കാർഡ് വാങ്ങണമെന്നും നിർദേശിച്ചിട്ടുണ്ട്. ഡിസംബർ ഏഴിന് ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമാണ് നവകേരള സദസ് ചേരുന്നത്.
സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബസ്‍സ്റ്റാന്റിന് സമീപത്തെ കടകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് താൽകാലിക തിരിച്ചറിയൽ കാർഡ് നൽകാൻ തീരുമാനിച്ചത്. പരിശോധനക്ക് ശേഷം ഇന്ന് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യും. ഇതിന് വേണ്ടി തൊഴിലാളികൾ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും തിരിച്ചറിയൽ കാർഡിന്റെ പതിപ്പും സ്റ്റേഷനിൽ എത്തിക്കണം. തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.