ഇടുക്കി ഡാം: അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ സജ്ജമായി ആലുവ താലൂക്ക്
text_fieldsകൊച്ചി:ഇടുക്കി ഡാം തുറക്കുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ സജ്ജമായി ആലുവ താലൂക്ക്. നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന അടിയന്തര ഘട്ടത്തിൽ എടുക്കേണ്ട മുന്നൊരുക്കത്തെക്കുറിച്ച് അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ അവലോകനം നടത്തി .
അടിയന്തര സാഹചര്യം ഉണ്ടായാൽ രക്ഷാപ്രവർത്തനത്തിന് എല്ലാ വകുപ്പുകളും സജ്ജമാണെന്ന് യോഗം വിലയിരുത്തി. ഡാം തുറക്കുന്ന സാഹചര്യത്തിൽ ഞായറാഴ്ച താലൂക്കിലെ എല്ലാ വില്ലേജ് ഓഫീസുകളും തുറന്ന്
പ്രവർത്തിക്കും.അടിയന്തര ഘട്ടം നേരിടാൻ താലൂക്ക് ഓഫീസിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും.ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് താലൂക്കിൽ ആകെ ഏഴ് ക്യാമ്പുകളാണ് നിലവിലുള്ളത്. ഡാം തുറക്കുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ ക്യാമ്പുകൾ ആരംഭിക്കാൻ താലൂക്കിലെ എല്ലാ പഞ്ചായത്തുകളും സജ്ജമാണ്.
24 മണിക്കൂറും പൊലീസിന്റെ സേവനം ലഭ്യമാക്കാൻ തയാറെടുപ്പുകൾ നടത്തിയതായി പൊലീസ് യോഗത്തിൽ അറിയിച്ചു. ആലുവ മണപ്പുറം ഉൾപ്പെടെ നദിയുടെ തീരത്തും, കടവുകളിലും ആളുകളെ നിയന്ത്രിക്കുന്നതിന് സജ്ജീകരണം ഒരുക്കാനും, ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ വിവരം നൽകാനും പോലീസിന് നിർദ്ദേശം നൽകി. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാവിധ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഫയർ ആൻഡ് റെസ്ക്യൂ വകുപ്പ് യോഗത്തിൽ അറിയിച്ചു. ആവശ്യമായ വാഹനങ്ങളും, ക്രെയിൻ അടക്കമുള്ള സംവിധാനങ്ങളും സജ്ജമാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
ഇന്റർ ഏജൻസി ഗ്രൂപ്പുകളുമായി ചേർന്ന് ക്യാമ്പുകളിൽ ആവശ്യമായ വസ്തുക്കളും, സംവിധാനങ്ങളും ഒരുക്കാൻ തിരുമാനമായി.നിലവിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിൽ തിങ്കളാഴ്ച രാവിലെ വരെയുള്ള ഭക്ഷണ സാധനങ്ങൾ സജ്ജീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
യോഗത്തിൽ ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടർ ഉഷ ബിന്ദുമോൾ, ആലുവ തഹസിൽദാർ സുനിൽ മാത്യു, പോലീസ്, അഗ്നിരക്ഷാസേന, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർമാർ, ഇന്റർ ഏജൻസി ഗ്രൂപ്പ് പ്രതിനിധികൾ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.