Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലുവപ്പുഴ വിൽപ്പനക്കോ?

ആലുവപ്പുഴ വിൽപ്പനക്കോ?

text_fields
bookmark_border
ആലുവപ്പുഴ വിൽപ്പനക്കോ?
cancel

കോഴിക്കോട്: ആലുവപ്പുഴ വിൽപ്പനക്കെതിരെ 2002 കൊച്ചിയിൽ വലിയ സമരങ്ങൾ ഉയർന്നിരുന്നു. ആഗോള മുതൽമുടക്ക് മേളയിലാണ് ഇത് സംബന്ധിച്ച് നീക്കമുണ്ടായത്. എഴുത്തുകാരും സാംസ്കരിക നായകന്മാരും ആലുവ പുഴയോരത്ത് കൺവെൻഷൻ നടത്തി സർക്കാർ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ടു. അന്നു മാറ്റിവെച്ച വീഞ്ഞ് പുതിയ കുപ്പിയിൽ സർക്കാർ അവതരിപ്പിക്കുകയാണ്. ആലുവ പുഴ സംരക്ഷിക്കുന്നതിന് അന്ന് സമരത്തിന് മുന്നിൽ നിന്ന പി.രാജീവ് ഇന്ന് മന്ത്രിയുമാണ്.

കൊച്ചി നഗരസഭയിലെ കുടിവെള്ള വിതരണം സ്വകാര്യവൽക്കരിക്കാൻ സർക്കാർ തീരുമാനിച്ചു. കൊച്ചിക്കുമേൽ പറന്നിറങ്ങുന്നത് ലോകത്തെ ഏറ്റവും വലിയ സ്വകാര്യ കുടിവെള്ള കമ്പനിയായ സൂയസ് ആണെന്ന് വാട്ടർ അതോറിറ്റി ജീവനക്കാർ പറയുന്നു. മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ കരാർ നൽകിയ കമ്പനിയുടെ പേര് പറഞ്ഞില്ല. അതേസമയം കരാർ ഉറപ്പിച്ചുവെന്ന് അംഗീകരിച്ചു. ഏഷ്യൻ വികസന ബാങ്കിന്റെ (എ.ഡി.ബി) ധനസഹായത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതിയിൽ കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ള വിതരണ ശൃംഖലയുടെ നവീകരണവും പരിപാലനവുമാണ് പദ്ധതി. ബഹുരാഷ്ട്ര കമ്പനിയായ സൂയസ് ആണ് ഈ പ്രവർത്തിക്ക് കുറഞ്ഞ തുക ക്വോട്ട് ചെയ്തിരിക്കുന്നത്.

പദ്ധതി സംബന്ധിച്ച് വാട്ടർ അതോറിറ്റിയിലെ സംഘടനകൾ നിരവധി ചോദ്യങ്ങൾ ഉയർത്തിയെങ്കിലും സർക്കാരിന് മറുപടിയില്ല. മറ്റ് ടെണ്ടറുകളിൽ നിന്ന് വ്യത്യസ്തമായി ഈ ടെണ്ടറിൽ കരാറുകാരൻ ചെയ്യേണ്ട പ്രവർത്തികൾ (സ്കോപ്പ് ഒഫ് ടെണ്ടർ) കൃത്യമായി നിർവചിച്ചിട്ടില്ലെന്നായിരുന്നു ഒന്നമതായി അവർ ചൂണ്ടിക്കാണിച്ചത്. കരാറെടുക്കുന്ന കമ്പനി ആദ്യത്തെ ഒരു വർഷം വിതരണശൃംഖലയെ പറ്റി പഠനം നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ ചെയ്യേണ്ട പ്രവർത്തികൾ തീരുമാനിക്കുകയുമാണ് ചെയ്യുന്നത്. ഈ വ്യവസ്ഥ മത്സരാധിഷ്ടിതമായ ടെണ്ടർ സംബന്ധിച്ച അംഗീകൃത മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

എ.ഡി.ബി കൺസൾട്ടന്റ്റ് തയാറാക്കിയ എസ്റ്റിമേറ്റിനെ ആധാരമാക്കിയാണ് സാങ്കേതികാനുമതി നൽകിയിരിക്കുന്നത്. ഈ എസ്റ്റിമേറ്റിൽ ധാരാളം അപാകതകൾ കടന്നുകൂടിയതായും ഇതിന്റെ ഫലമായി എസ്റ്റിമേറ്റ് തുക വളരെയധികം ഉയർന്നുവെന്നും ആക്ഷേപമുണ്ട്. വാട്ടർ അതോറിറ്റിയുടെ എസ്റ്റിമേറ്റ് തുക 798.13 കോടിയും ക്വോട്ട് ചെയ്ത തുക 982.18 കോടിയുമാണ്. എസ്റ്റിമേറ്റ് തുകയേക്കാൾ 23 ശതമാനം കൂടുതലാണ് ക്വോട്ട്ചെയ്ത തുക. 184 കോടി രൂപയാണ് ഇതിന്റെ ഫലമായി അധിക ചിലവ് വരും. നിലവിലെ സർക്കാർ ഉത്തരവ് അനുസരിച്ച് പരമാവധി എസ്റ്റിമേറ്റ് തുകയേക്കാൾ 10 ശതമാനം അധികം അല്ലെങ്കിൽ ലോക്കൽ മാർക്കറ്റ് റേറ്റ് മാത്രമാണ് അനുവദിക്കാൻ കഴിയുകയെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടി.

ഏഴ് വർഷം വരെയാണ് നിർമാണപ്രവർത്തികൾ നടക്കുക. അത്രയും കാലം മാത്രമേ വായ്പ ലഭിക്കുകയുള്ളൂ. അവസാന മൂന്ന് വർഷം പദ്ധതിയുടെ പരിപാലന ചിലവ് സർക്കാർ പൂർണമായും വഹിക്കേണ്ടി വരും. പ്രതിവർഷം 30 കോടി രൂപയാണ് കമ്പനി ക്വോട്ട് ചെയ്തിരിക്കുന്നത്. പരിപാലനത്തിനുള്ള എസ്റ്റിമേറ്റിൽ ധാരാളം പിശകുകളുള്ളതായി ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. ഈ എസ്റ്റിമേറ്റിൽ മിക്കവാറും ഇനങ്ങൾക്ക് സർക്കാർ അംഗീകൃത നിരക്കുകൾ ലഭ്യമല്ല. എ.ഡി.ബിയുടെ തന്നെ നിർദേശപ്രകാരമാണ് ഈ എസ്റ്റിമേറ്റ് തയാറാക്കിയത്. ഈ നിരക്കുകൾ പലതും വളരെ കൂടുതലാണ്.

കൊച്ചി നഗരത്തിലെ വിതരണശൃംഖലയിൽ 51 ശതമാനം ജലനഷ്ടമുണ്ടെന്നാണ് ഈ പ്രവർത്തിയുടെ ടെണ്ടർ ഡോക്യുമെൻറിൽ പറയുന്നത്. ഇത് 20 ശതമാനമായി കുറക്കണമെന്നതാണ് കരാറിലെ പ്രധാന നിബന്ധന. എന്നാൽ, വിതരണശൃംഖലയിലെ ജലനഷ്ടം ഇത്രയും ഉണ്ടാകില്ല എന്നാണ് ജീവനക്കാരുടെ വിലയിരുത്തൽ. യഥാർഥ കണക്കുകൾ വാട്ടർ അതോറിറ്റിയിൽ ഇല്ല. എന്നാൽ പരമാവധി 35 നും 40 നും ഇടയിൽ ജലനഷ്ടമേ ഉണ്ടാവുകയുള്ളൂ എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. അതിനാൽ കമ്പനിക്ക് യഥാർഥത്തിൽ ചെയ്യേണ്ടി വരുന്ന പ്രവർത്തിയുടെ അളവ് വളരെ കുറവായിരിക്കും.

റോഡ് മുറിക്കുന്നത് അടക്കമുള്ള അനുമതികൾ യഥാസമയം കിട്ടാത്തത് കാരണമോ മറ്റ് കാരണങ്ങളാലോ പ്രവർത്തി നീണ്ട് പോവുകയും തർക്കമുണ്ടാവുകയും ചെയ്യാൽ കമ്പനിക്ക് ഇൻറർനാഷണൽ ആർബിട്രേഷന് പോകാൻ വ്യവസ്ഥയുണ്ട്. ഇങ്ങനെ സംഭവിച്ചാൽ സിങ്കപ്പൂരിൽ വച്ചാണ് ആർബിട്രേഷൻ നടക്കുക. ഇത് വാട്ടർ അതോറിറ്റിക്ക് ദോഷകരമായിരിക്കും. ഈ കാര്യങ്ങളൊന്നും ഇതുവരെയും കൊച്ചി കോർപ്പറേഷനെ അറിയിക്കുകയോ അവരുമായി പ്രോജക്റ്റിനെ പറ്റി ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ല. ഈ പദ്ധതിയെ പറ്റി തികഞ്ഞ അജ്ഞതയാണ് കോർപ്പറേഷനുള്ളതെന്നാണ് വാട്ടർ ഉദ്യോഗസ്ഥരുടെ അഭിപ്രായം.

പദ്ധതി നടപ്പിലാക്കി തുടങ്ങുന്ന രണ്ടാം വർഷമുതൽ കോർപ്പറേഷൻ പരിധിയിലുള്ള 14 ഓഫിസുകളിൽ നിന്നായി 200 സ്ഥിരം ജീവനക്കാർക്കും ആശ്രിത കരാർ ജീവനക്കാരായ 500 തൊഴിലാളികൾക്കും തൊഴിൽ പൂർണമായോ ഭാഗികമായോ നഷ്ടപ്പെടുമെന്നാണ് ജീവനക്കാരുടെ വിലയിരുത്തൽ. പദ്ധതി ചെലവിന്റെ 70 ശതമാനം കേന്ദ്ര സർക്കാർ വഴി എ.ഡി.ബി വായ്പയും ബാക്കി 30 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്. 2017 ൽ സർക്കാർ തീരുമാന പ്രകരാമാണ് എ.ഡി.ബിയെ ഫണ്ടിങ് ഏജൻസിയായി തെരഞ്ഞെടുത്തത്.

പത്ത് വർഷം നീണ്ടുനിൽക്കുന്ന ഈ പ്രോജക്ടിൽ പ്രൈസ് എസ്കലേഷൻ വ്യവസ്ഥ ഉൾപ്പെടിയിട്ടുണ്ട്. കരാർ കാലയളവിൽ പ്രൈസ് ഇൻഡക്ട് മാറുന്നതനുസരിച്ച് കോട്ട് ചെയ്ത തുക മാറിക്കൊണ്ടിരിക്കും. അതിനാൽ യഥാർഥത്തിൽ കരാറുകാരൻ ക്വോട്ട്ചെയ്ത തുകയെക്കാൾ എത്രയോ കൂടുതൽ തുക അയാൾക്ക് നൽകേണ്ടതായി വരും. ഇത് സർക്കാരിനും വാട്ടർ അതോറിറ്റിക്കും വലിയ ബാധ്യതയായി മാറും.

10 വർഷം കമ്പനിക്കാണ് ജലവിതരണത്തിന്റെ ചുമതല. കേരളത്തിൽ ഒരു ജലവിതരണ പദ്ധതിയുടെ വിതരണശൃംഖല പൂർണമായും ഒരു സ്വകാര്യ കമ്പനിയെ ഏൽപിക്കുന്നത് സംസ്ഥാനത്ത് ആദ്യമായാണ്.

കരാർ പ്രകാരം കരാറുകാരൻ ഓരോ മാസവും 1020 വാട്ടർ ക്വാളിറ്റി ടെസ്റ്റുകൾ നടത്തുമെന്നാണ് മന്ത്രി നിയസഭയിൽ വ്യക്തമാക്കിയത്. (കണക്ഷനുകളുടെ എണ്ണം കൂടിയാൽ ഈ എണ്ണം വർധിച്ചേക്കാം). വാട്ടർ അതോറിറ്റി നിലവിൽ പരിപാലനം ചെയ്യുന്ന ട്രീറ്റ്മെൻറ് പ്ലാന്റുകളിൽ നിന്നും വിതരണ ടാങ്കുകളിൽ ലഭ്യമാക്കുന്ന വെള്ളം വിതരണ ടാങ്കുകളിൽ നിന്നും, ഉപഭോക്ത രണ്ടുതവണ ടാപ്പുകളിൽ നിന്നും മാസത്തിൽ പ്രധാന പാരാമീറ്ററുകൾക്കായി സാമ്പിളുകൾ എടുക്കുകയും പരിശോധിക്കുകയും വേണം.

കുടിവെള്ളത്തിന്റെ ഗുണനിലവാരത്തിൽ ഉപഭോക്താവിനു പരാതിയുണ്ടെങ്കിൽ പരാതിയുടെ മൂലകാരണം നിർണയിക്കാൻ കരാറുകാരൻ നടപടികൾ ആവശ്യാനുസരണം സ്വീകരിക്കുകയും പരിഹാര നടപടികൾ സിവീകരിക്കുകയും ചെയ്യണം. ജലത്തിന്റെ ഗുണനിലവാരം സംബന്ധിച്ച പരാതിയുടെ കാരണം കണ്ടെത്താൻ കരാറുകാരൻ പരാജയപ്പെട്ടാൽ, കരാറുകാരന്റെ ചെലവിൽ നിശ്ചിത സമയത്തിനുള്ളിൽ അത് ഏറ്റെടുത്ത് പരിഹരിക്കാനുമുള്ള അവകാശം വാട്ടർ അതോറിറ്റിയിൽനിക്ഷിപ്തമാണെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചത്.

കൊച്ചി നഗരത്തിന് കുടിവെള്ളം നൽകുന്നത് ആലുവപ്പുഴയാണ്. സ്വകാര്യ കമ്പനി ആലുവപ്പുഴയുടെയും ഭൂമിക്കടിയിലെ ഒഴുക്കുകളും ഉറവുകളും ഭാവിയും കൂടി ഊറ്റിയെടുക്കും. കേരളത്തിലെ ഇടതുപക്ഷം വിതയ്ക്കുന്ന പുതിയൊരു ആശയമാണിത്. ഇത് പുരോഗമനവും ജനാധിപത്യവുമായി അവർ വാഴ്ത്തുന്നു. കേരളം പുതുമ നിറഞ്ഞ ഒരിടത്തേക്ക് സഞ്ചരിക്കുന്നതായി ഇവർ അവതരിപ്പിക്കുന്നു. ലോകത്ത് പലയിടത്തും കുടിവെള്ള സ്വകാര്യവൽക്കരണം സൃഷ്ടിച്ച ദുരന്തം കൊച്ചിക്കാർക്കും ഇനി അനുഭവിക്കേണ്ടി വരുമെന്നുറപ്പാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochi CorporationAluvapuzhaWater Privatization
News Summary - Aluvapuzha for sale?
Next Story