ആൽവിൻ ഗൾഫിൽനിന്നെത്തിയത് രണ്ടാഴ്ച മുമ്പ് ചെക്കപ്പിന് വേണ്ടി; ആശുപത്രിയിൽ എത്തിച്ചത് ഇടിച്ച വാഹനത്തിൽ
text_fieldsകോഴിക്കോട്: വെള്ളയിൽ ബീച്ചിനു സമീപത്തെ റോഡിൽ യുവാവ് കാറിടിച്ച് മരിച്ചത് ആഡംബര കാറിന്‍റെ പ്രമോഷൻ വിഡിയോ എടുക്കുന്നതിനിടെ. വടകര കടമേരി തച്ചിലേരി താഴെ കുനിയിൽ സുരേഷ് ബാബുവിന്‍റെ ഏക മകൻ ആൽവിൻ (21) ആണ് മരിച്ചത്.
രണ്ടാഴ്ച മുമ്പാണ് ആൽവിൻ ഗൾഫിൽനിന്നെത്തിയത്. കമ്പനികൾക്കു വേണ്ടി പ്രമോഷൻ വിഡിയോ ചെയ്യുന്ന ജോലിയായിരുന്നു. രണ്ടു വർഷം മുമ്പ് ആൽവിന് വൃക്കരോഗത്തിനു ശസ്ത്രക്രിയ ചെയ്തിരുന്നു. ആറു മാസം കൂടുമ്പോൾ പരിശോധന നടത്തണം. അതിനായാണ് നാട്ടിൽ എത്തിയത്. ഇതിനിടെയാണ് അപകടം.
വാഹന കമ്പനിക്കു വേണ്ടി ആഡംബര കാറുകളുടെ വിഡിയോ എടുക്കാൻ ചൊവ്വാഴ്ച രാവിലെയാണ് വെള്ളയിൽ എത്തിയത്. ഏഴോടെയാണ് അപകടം. ഡിഫൻഡർ കാറിന്റെയും ബെൻസ് കാറിന്റെയും വിഡിയോയായിരുന്നു ചിത്രീകരിച്ചിരുന്നത്. റോഡിനു നടുവിൽ നിന്ന്, രണ്ടു വാഹനങ്ങൾ കടന്നുപോകുന്നതിന്റെ റീലാണ് ചിത്രീകരിച്ചതെന്നാണ് വിവരം. വാഹനങ്ങൾ ആൽവിനെ കടന്നു പോയപ്പോൾ ഡിഫൻഡർ ആൽവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ആ വാഹനത്തിൽ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പതിനൊന്നരയോടെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ ഉയർന്നുപൊങ്ങിയ ആൽവിൻ നട്ടെല്ല് ഇടിച്ചു വീണാണ് ഗുരുതര പരിക്കേറ്റത്. വെള്ളയിൽ പൊലീസ് സ്റ്റേഷന് സമീപത്തെ റോഡിൽ സ്ഥിരമായി വാഹനങ്ങളുടെ റീൽ ചിത്രീകരിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ബൈക്ക് ഉൾപ്പെടെ മുമ്പും അപകടത്തിൽപ്പെട്ടിട്ടുണ്ട്.
രണ്ടു കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ചയാണ് ആൽവിന്‍റെ പോസ്റ്റ്മോർട്ടം. അതിനുശേഷമായിരിക്കും സംസ്കാരം. റോഡിൽ തിരക്ക് കുറവായിരിക്കുമെന്നതിനാലാണ് ചിത്രീകരണം രാവിലെയാക്കിയതെന്നാണ് വിവരം. അതേസമയം, ആരാണ് വാഹനമോടിച്ചതെന്നും റീൽസ് ആർക്കുവേണ്ടിയാണ് ചിത്രീകരിച്ചതെന്നും അന്വേഷിച്ചുവരുകയാണെന്ന് വെള്ളയിൽ പൊലീസ് അറിയിച്ചു. സംഭവത്തിൽ അശ്രദ്ധമായും മനുഷ്യ ജീവന് അപകടം വരത്തക്ക വിധവും വാഹനമോടിച്ചതിന് ബി.എൻ.എസ്.എസിന്റെ രണ്ട് വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ബിന്ദുവാണ് ആൽവിന്റെ മാതാവ്.
കാമറയുമായി റോഡിന് നടുവിൽ
വരക്കൽ ഭാഗത്തുനിന്ന് വെള്ളയിൽ ഭാഗത്തേക്ക് വാഹനങ്ങൾ അമിത വേഗതയിൽ വരുന്നതിന്റെ വിഡിയോ ആയിരുന്നു ചിത്രീകരിക്കേണ്ടത്. ആൽവിൻ കാമറയുമായി റോഡിന് നടുവിൽ നിലയുറപ്പിച്ചു. ഒരേ ദിശയിൽനിന്ന് ബെൻസിന്റെ ജീപ്പും ഡിഫൻഡർ കാറും ഒരുമിച്ച് അമിത വേഗതയിൽ എത്തുകയും ഡിഫൻഡർ ആൽവിനെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു എന്നാണ് കരുതുന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാൽ മാത്രമേ ഇടിച്ച വാഹനം സംബന്ധിച്ച കാര്യത്തിൽ വ്യക്തതവരൂ. ദുബൈയിലെ വെബ് ഡിസൈനിങ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആൽവിൻ രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.