ജി. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ റോഡ് നിർമാണത്തിൽ അപാകതയുണ്ടെന്ന് എ.എം.ആരിഫ്
text_fieldsആലപ്പുഴ: ജി. സുധാകരൻ മന്ത്രിയായിരിക്കെ നടത്തിയ ആലപ്പുഴയിലെ ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എ.എം. ആരിഫ് എം.പി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് കത്ത് നൽകി.
ദേശീയപാത 66െൻറ ഭാഗമായ അരൂർ മുതൽ ചേർത്തല എക്സ്റേ കവലവരെ പുനർനിർമിച്ചതിൽ ക്രമക്കേട് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നിയമനടപടി വേണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
2019ലാണ് അത്യാധുനിക ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ദേശീയപാത പുനർനിർമിച്ചത്. മൂന്നുവർഷത്തെ ഗ്യാരൻറിയോടെ പൂർത്തിയാക്കിയ റോഡ് ഒന്നര വർഷമായപ്പോൾ കുഴികളും മുഴകളും രൂപപ്പെട്ട് തകർന്നു.
36 കോടി ചെലവഴിച്ച് പൂർത്തിയാക്കിയ നിർമാണത്തിൽ അപാകതയുള്ളതിനാൽ വിജിലൻസ് അന്വേഷണം നടത്തി സത്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞമാസം 12ന് അയച്ച കത്ത് കിട്ടിയതായി മുഹമ്മദ് റിയാസും സ്ഥിരീകരിച്ചിട്ടുണ്ട്.
ദേശീയപാത കേന്ദ്രസർക്കാറിെൻറ കീഴിലാണെങ്കിലും ജി. സുധാകരൻ മന്ത്രിയായിരുന്നപ്പോൾ പൊതുമരാമത്തിെൻറ ആവശ്യം പരിഗണിച്ച് പരിസ്ഥിതിക്ക് ദോഷംവരുത്താത്ത രൂപത്തിലാണ് റോഡ് നവീകരിച്ചത്.
പുനർനിർമാണച്ചുമതല പൊതുമരാമത്ത് വകുപ്പിനായിരുന്നു. കഴിഞ്ഞ മന്ത്രിസഭയിൽ അഴിമതിവിരുദ്ധ നിലപാട് സ്വീകരിച്ച പൊതുമരാമത്ത് മന്ത്രിയെന്ന സൽപ്പേര് സുധാകരനുണ്ടായിരുന്നു.
അത് പാർട്ടിയിലും മുന്നണിയിലും പ്രതിപക്ഷത്തും വലിയ പ്രശംസയും പിടിച്ചുപറ്റിയിരുന്നു. അത് നിലനിൽക്കെയാണ് സുധാകരൻ മന്ത്രിയായ കാലത്തെ നിർമാണത്തിൽ ക്രമക്കേടുണ്ടെന്ന സി.പി.എമ്മിലെ എം.പിയുടെ ആരോപണം. അതേസമയം, ആലപ്പുഴയിലെ സി.പി.എം വിഭാഗീയതയുടെ ഭാഗമാണ് പുതിയ വിവാദമെന്നും പറയപ്പെടുന്നു. അമ്പലപ്പുഴയിെല തെരഞ്ഞെടുപ്പ് വീഴ്ചയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിൽ സി.പി.എം അന്വേഷണകമീഷൻ നടത്തിയ തെളിവെടുപ്പിലും ജില്ല കമ്മിറ്റിയിലും സുധാകരനെതിരെ ആരിഫ് ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.
ആലപ്പുഴയിലെ സംഘടന പ്രശ്നങ്ങൾ സംസ്ഥാന സെക്രേട്ടറിയറ്റിലടക്കം ചർച്ച നടക്കാനിരിക്കെയാണ് പുതിയ വിവാദമെന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.