സത്യം തുറന്നു പറയാൻ ഭയപ്പെടേണ്ട സാഹചര്യമെന്ന് എ.എം. ആരിഫ്
text_fieldsആലപ്പുഴ: സത്യം തുറന്നു പറയാൻ ഭയപ്പെടേണ്ട കാലമാണിതെന്ന് എ.എം. ആരിഫ് എം.പി. പൊതിഞ്ഞ് വർത്തമാനം പറഞ്ഞാൽ ഒരു പ്രശ്നവും നേരിടേണ്ടി വരില്ലെന്നും എ.എം. ആരിഫ് പറഞ്ഞു. ആലപ്പുഴയിൽ നടന്ന കേരള സംസ്ഥാന ന്യൂനപക്ഷ കമീഷന്‍റെ ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാര്യങ്ങൾ തുറന്നു പറയാൻ ഭയമാണ്. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി സംസാരിച്ചാൽ പറയുന്ന കാര്യത്തിന്‍റെ ന്യായമല്ല പറയുന്നയാളിന്‍റെ ജാതിയും മതവും നോക്കി വിവാദമാക്കുകയും ചാപ്പകുത്തി വേട്ടയാടുകയും ചെയ്യുന്നു. ന്യായമായ അവകാശങ്ങൾക്കു വേണ്ടി ഒന്നിച്ച് നിൽക്കേണ്ട ന്യൂനപക്ഷങ്ങൾ നിസാര പ്രശ്നങ്ങളുടെ പേരിൽ പരസ്പരം ഏറ്റുമുട്ടുമ്പോൾ ചോര കുടിക്കുന്നത് ആരാണെന്ന് ചിന്തിക്കണമെന്ന് എ.എം. ആരിഫ് പറഞ്ഞു.
അങ്ങനെ ചിന്തിക്കുന്നവരുടെ എണ്ണം കുറഞ്ഞ് വരുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾ തമ്മിൽ ഐക്യത്തേക്കാൾ ഭിന്നത ഏറി വരുന്നത് ദുഃഖകരമാണ്. മനുഷ്യർക്കിടയിൽ ധ്രുവീകരണം നടത്തി മുതലെടുക്കാൽ ഒരു വിഭാഗം ബോധപൂർവമായ ശ്രമം നടത്തുന്നു. ചെളിക്കുണ്ടിൽ വീഴാതെ ന്യൂനപക്ഷങ്ങൾ നോക്കണമെന്ന് ആരിഫ് ഓർമിപ്പിച്ചു.
പ്രധാനമന്ത്രിയുടെ 15 ഇന പരിപാടിയിൽ ഉൾപ്പെടുത്തി ന്യൂനപക്ഷ ക്ഷേമത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ടിൽ ഒരു രൂപ പോലും ജില്ലാ ഭരണകൂടം ചെലവഴിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് എ.എം. ആരിഫ് ചൂണ്ടിക്കാട്ടി.വീഴ്ചകൾ ചോദ്യം ചെയ്യുന്ന കാര്യത്തിൽ സംസ്ഥാന ന്യൂനപക്ഷ കമീഷൻ തങ്ങൾക്കുള്ള അധികാരം വിനിയോഗിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ന്യൂനപക്ഷ കമീഷൻ ചെയർമാൻ എ.എ. റഷീദ് അധ്യക്ഷത വഹിച്ചു. കമീഷൻ അംഗങ്ങളായ എ. സൈഫുദ്ദീൻ ഹാജി, പി. റോസ എന്നിവർ ക്ഷേമപദ്ധതികളെ കുറിച്ച് ക്ലാസ്സെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.