'നിന്‍റെ മൈക്കിന്‍റെ തകരാറിന് ഞാനാണോ ഉത്തരവാദി'; ഓപ്പറേറ്ററോട് കയർത്ത് എം.വി. ഗോവിന്ദൻ -വിഡിയോ
text_fieldsമാള: ജനകീയ പ്രതിരോധ യാത്ര സ്വീകരണ പ്രസംഗത്തിനിടെ മൈക്ക് നേരെയാക്കാൻ വന്ന ജീവനക്കാരനോട് കയർത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മൈക്കിനോട് ചേർന്ന് നിന്ന് സംസാരിക്കാൻ പറഞ്ഞപ്പോഴായിരുന്നു പരസ്യ ശാസന. ജനകീയ പ്രതിരോധ യാത്രക്ക് തൃശൂർ ജില്ലയിലെ മാളയിൽ നൽകിയ സ്വീകരണത്തിലായിരുന്നു സംഭവം.
എം.വി. ഗോവിന്ദന്‍റെ പ്രസംഗത്തിന് ശബ്ദം കുറവായത് കാരണം ഓപ്പറേറ്റർ അടുത്തെത്തി മൈക്കിനോട് ചേർന്ന് നിൽക്കാൻ നിർദേശിക്കുകയായിരുന്നു. ഇതാണ് ജാഥാ ക്യാപ്റ്റനെ ചൊടിപ്പിച്ചത്. 'പൊയ്ക്കോ, നിന്‍റെ മൈക്കിന്‍റെ തകരാറിന് ഞാനാണോ ഉത്തരവാദി' എന്ന് യുവാവിന് നേരെ കയർത്തു. ജീവനക്കാരനെ ഇകഴ്ത്തിക്കാട്ടുന്ന രീതിയിൽ, ഈ പണിയൊന്നും ചെയ്യാനറിയാത്തയാളാണെന്ന് സദസിനോട് സംസാരിക്കുകയും ചെയ്തു.
'മൈക്കിന്റെ അടുത്തുനിന്നു പറയണമെന്നാണ് ചങ്ങാതി പറയുന്നത്. ആദ്യമായി മൈക്കിനു മുന്നിൽ നിൽക്കുന്നയാളോട് വിശദീകരിക്കുന്നതു പോലെയാണ് പറയുന്നത്. ഇതെന്താണെന്ന് അറിയാമോ, കുറേ സാധനങ്ങളുണ്ട്. പക്ഷേ, ഇതൊന്നും കൈകാര്യം ചെയ്യാനറിയില്ല. ഈ മൈക്ക് ചെറിയ കാര്യമല്ല. ഇത് ഏറ്റവും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു കൈകാര്യം ചെയ്യേണ്ട ഉപകരണമാണ്. കുറേ ഉപകരണങ്ങൾ വാരിവലിച്ചു കൊണ്ടുവന്നതു കൊണ്ടൊന്നും കാര്യമില്ല. ആൾക്കാരോടു സംവദിക്കാൻ ഉതകുന്ന രീതിയിലുള്ള മൈക്ക് സിസ്റ്റത്തെ കൈകാര്യം ചെയ്യാൻ അറിയണം. അവിടുന്നും ഇവിടുന്നും ചിലർ ശബ്ദമില്ലെന്നു പറയുമ്പോൾ വേഗം വന്ന് മൈക്കിന് അടുത്തുനിന്ന് പറയണമെന്നാണ്. ഇതാണ് ഞാൻ പറഞ്ഞ കാര്യം. ഇതിനെക്കുറിച്ച് നല്ല ധാരണ വേണം. അല്ലാതെ നല്ല സാധനം കയ്യിലുണ്ടായിട്ടു കാര്യമില്ല. ഇത്രയൊന്നും സാധനങ്ങൾ വേണ്ട. അല്ലാതെ തന്നെ ഈ ഹാളിലുള്ള മുഴുവൻ ആളുകൾക്കും കേൾക്കാൻ കഴിയും.’ – എം.വി. ഗോവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.