അമല്‍ ജ്യോതി കോളജിലെ വിദ്യാർഥിനിയുടെ ആത്മഹത്യ: മാനേജ്മെൻറുമായി മന്ത്രിമാരുടെ ചർച്ച ഇന്ന്
text_fieldsതിരുവനന്തപുരം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ ഫുഡ് ടെക്നോളജി ബിരുദ വിദ്യാർഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്തതിനെ തുടർന്നുള്ള പ്രശ്നങ്ങൾക്ക് പരിഹാരം തേടിയുള്ള മന്ത്രിതല ചർച്ച ഇന്ന് നടക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും സഹകരണ മന്ത്രി വി.എൻ. വാസവനുമാണ് കോളജ് മാനേജ്മെൻ്റുമായും വിദ്യാർഥി പ്രതിനിധികളുമായും ചർച്ച നടത്തുന്നത്. രാവിലെ 10ന് ചർച്ച നടക്കും. എന്നാൽ, കാഞ്ഞിരപ്പള്ളി രൂപതയുടെ മേൽനോട്ടത്തിലുള്ള സ്ഥാപനത്തിലെ പ്രശ്ന പരിഹാരത്തിന് മന്ത്രിമാരുടെ സംഘം കാഞ്ഞിരപ്പള്ളിയിലേക്ക് നേരിട്ടെത്തുന്നത് വിമർശനത്തിനിടയാക്കുകയാണ്.
വിദ്യാർഥികൾ ഒറ്റക്കെട്ടായി നടത്തുന്ന സമരത്തെ തുടർന്ന് ചർച്ചക്ക് തയ്യാറായ മാനേജ്മെന്റ്, വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങൾക്ക് നേരെ മുഖം തിരിച്ചിരിക്കുകയാണ്. മാനേജ്മെൻറിനെതിരെ വിദ്യാർഥികൾ സമരം കടുപ്പിച്ചതോടെയാണ് പ്രശ്നപരിഹാരത്തിന് സർക്കാർ നേരിട്ടിടപെടുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ കോളജിൽ നേരിട്ടെത്താനായിരുന്നു ആദ്യ തീരുമാനം. രാത്രിയോടെയാണ് ചർച്ച കാഞ്ഞിരപ്പള്ളി സർക്കാർ അതിഥിമന്ദിരത്തിലേക്ക് മാറ്റിയത്. കുട്ടികളുടെ ആവശ്യം മാനേജ്മെൻറ് തളളിയതിന് പുറമേ സമരത്തെ കാഞ്ഞിരപ്പള്ളി രൂപത തന്നെ എതിർത്ത് രംഗത്ത് വന്നിരുന്നു.
സർക്കാർ ചീഫ് വിപ്പും സ്ഥലം എം.എൽ.എയുമായ എൻ. ജയരാജിെൻറ നേതൃത്വത്തിൽ നടന്ന ചർച്ച പരാജയപ്പെട്ടതോടെയാണ് മന്ത്രിമാരുടെ സംഘമെത്തുന്നത്. വിദ്യാർഥിനിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളും വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സാങ്കേതിക സർവകലാശാല പ്രതിനിധികളും ഇന്ന് കോളജിലെത്തും. സിന്റിക്കേറ്റ് അംഗം പ്രഫ. ജി സഞ്ജീവ്, ഡീൻ അക്കാദമിക് ഡോ. വിനു തോമസ് എന്നിവാണ് കോളജ് സന്ദർശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.