സ്ക്രീനിൽ കണ്ടത് ശരീര ഭാഗമല്ലെന്ന് സ്കൂബ ഡൈവിങ് സംഘം; തിരച്ചിൽ തുടരുന്നു
text_fieldsതിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ തൊഴിലാളി ജോയിക്കായി തിരച്ചിൽ തുടരവെ, റോബോട്ടിക് ക്യാമറയിൽ പതിഞ്ഞത് ശരീര ഭാഗമല്ലെന്ന് സ്ഥിരീകരണം. സ്കൂബ ഡൈവിങ് സംഘങ്ങൾ ടണലിലെ ഈ സ്ഥലത്തെത്തി പരിശോധിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, റെയില്‍വേയുടെ അനാസ്ഥയില്‍ വിശദീകരണം തേടുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ടണലിന്റെ റൂട്ട് മാപ്പ് റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേയുടെ ഭാഗത്ത് നിന്നുണ്ടായത് വലിയ വീഴ്ചയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
മാലിന്യം റെയില്‍വേ കൈകാര്യം ചെയ്യുന്നതടക്കം പരിശോധിക്കും. രക്ഷാപ്രവര്‍ത്തനത്തോട് നിലവില്‍ റെയില്‍വേ സഹകരിക്കുന്നുണ്ട്. റെയില്‍വേയുടെ അനാസ്ഥയില്‍ വിശദീകരണം തേടും. ടണലിന്റെ റൂട്ട് മാപ്പ് റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളം മലിനമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം എത്തിയിട്ടുണ്ട്. കൂടുതല്‍ ഫയര്‍ ഫോഴ്സ് സംവിധാനം ഏര്‍പ്പാടാക്കും. ഫയര്‍ഫോഴ്സ് കണ്ട്രോള് റൂം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
തുരങ്ക കനാലിന്റെ ദൂരം 117 മീറ്റർ
ശനിയാഴ്ച രാവിലെ 11ഓടെയാണ് നഗരമധ്യത്തിലെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിറങ്ങിയ തൊഴിലാളി മാരായമുട്ടം സ്വദേശി ജോയിയെ (47) കാണാതായത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനടുത്ത തോട്ടിൽ കെട്ടിക്കിടന്ന മാലിന്യം വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു. റെയിൽവേ കരാർ നൽകിയതുപ്രകാരമാണ് ജോയി ഉൾപ്പെടെ നാലുപേർ ശുചീകരണത്തിനിറങ്ങിയത്. മാലിന്യം അടിഞ്ഞുകൂടിയ തോട്ടിൽനിന്ന് കഴിഞ്ഞ രണ്ടുദിവസത്തിനിടയിൽ ടൺ കണക്കിന് മാലിന്യം ഇവർ പുറത്തെത്തിച്ചിരുന്നു.
ഇതിനിടെ ഇന്നലെയുണ്ടായ മഴയിൽ തോട്ടിലെ ജലനിരപ്പുയർന്നിരുന്നു. അടിയൊഴുക്കിനെ തുടർന്ന് കരയ്ക്കുകയറാൻ ശ്രമിക്കുന്നതിനിടയിൽ ജോയി ഒഴുകിപ്പോകുകയായിരുന്നെന്ന് സുഹൃത്തുകൾ പറഞ്ഞു.
തോട്ടിലെ കുന്നോളം മാലിന്യമാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നത്. തോട് കടന്നുപോകുന്ന തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സ്ലാബുകൾ ഇളക്കി പരിശോധിച്ചെങ്കിലും ജോയിയെ കണ്ടെത്താനായിട്ടില്ല. ജോയിയെ കാണാതായ തുരങ്ക കനാലിന്റെ ദൂരം 117 മീറ്റാണ്. ഇതിൽ 100 മീറ്ററിലെ പരിശോധന പൂർത്തിയായി. ഇന്ന് തന്നെ കനാലിലെ പരിശോധന പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.