ആമയിഴഞ്ചാൻ തോട്; കോർപറേഷനെയും ജലസേചന വകുപ്പിനെയും കുറ്റപ്പെടുത്തി റെയിൽവേ
text_fieldsതിരുവനന്തപുരം: റെയിൽവേയുടെ പരിധിയിലുള്ള അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ ശുചീകരണത്തൊഴിലാളി ഒഴുക്കിൽ പെട്ട് മരിച്ച സംഭവത്തിൽ കോർപറേഷനെയും ജലസേചന വകുപ്പിനെയും കുറ്റപ്പെടുത്തി റെയിൽവേ. ജലസേചന വകുപ്പിന് കീഴിലുള്ള കനാലിന്റെ മൊത്തം ദൈര്‍ഘ്യത്തിന്റെ ഒരു ശതമാനം ഭാഗം മാത്രമാണ് റെയിൽവേ യാർഡിന് അടിയൂടെ കടന്നുപോകുന്നത്. സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് ഈ ഭാഗം വൃത്തിയാക്കുന്നതിന് റെയില്‍വേ തയാറായതെന്നും ഡിവിഷനൽ റെയിൽവേ മാനേജർ ഡോ. മനീഷ് തപ്ല്യാൽ വിശദീകരിച്ചു. ഇവിടെ ചളിയും മാലിന്യവും കെട്ടിക്കിടക്കുന്നതിന് കാരണം നഗരസഭാപരിധിയിലുള്ള തോടിന്റെ ഭാഗത്ത് വലിയതോതില്‍ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതാണ്. കനാലിന്റെ മണ്ണ് നീക്കം ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനുമുള്ള പ്രാഥമിക ഉത്തരവാദിത്തം ജലസേചന വകുപ്പിനാണ്. മാലിന്യം കുമിഞ്ഞുകൂടുന്നത് തടയാനും റെയില്‍വേ സ്റ്റേഷനും ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടെ സമീപപ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ട് തടയുന്നതിനും ജലസേചനവകുപ്പ് ഈ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്. ആമയിഴഞ്ചാന്‍ തോടില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിന് വേണ്ട മുന്‍കരുതലും കോര്പറേഷന് കൈക്കൊള്ളണം. തോട് കടന്നുപോകുന്ന റെയില്‍വേയുടെ ഭാഗത്ത് ഒഴുക്കിന് ഒരു തടസ്സവുമില്ലെന്നും അവര്‍ വിശദമാക്കി.
12 കിലോമീറ്ററോളം വരുന്ന തോടിന്റെ 117 മീറ്റര്‍ മാത്രമാണ് റെയില്‍വേ യാര്‍ഡിന് താഴെ കടന്നുപോകുന്നത്. ജലസേചന വകുപ്പിലെ പരിചയസമ്പന്നനായ കരാറുകാരനെതന്നെയാണ് റെയില്‍വേ ഇതിന്റെ ചുമതല ഏല്‍പ്പിച്ചതും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ സാധ്യതകള്‍ അദ്ദേഹം വിലയിരുത്തുന്നതിനിടെയാണ് അപകടമുണ്ടായത്. റെയില്‍വേയുടെ മാലിന്യം സംസ്കരിക്കുന്നതിനുള്ള സംവിധാനം റെയില്‍വേക്ക് തന്നെയുണ്ട്. യാത്രക്കാര്‍ നിക്ഷേപിക്കുന്ന മാലിന്യം സമയാസമയം മാറ്റുന്നുണ്ട്. റെയില്‍വേയുടെ മാലിന്യം തോടില്‍ വന്നുചേരുന്നില്ല. റെയില്‍വേയുടെ ഓടുന്ന എല്ലാ കോച്ചുകളിലും ബയോ ടോയ്ലറ്റുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.
തൊഴിലാളി ഒഴുക്കിൽ പെട്ട് തൊഴിലാളി സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തും. പുനർനിർമാണവും തോടിന്റെ ഗതിമാറ്റിവിടലും തൽക്കാലം പ്രായോഗികമല്ല. തമ്പാനൂർ റെയിൽവേ സ്റ്റേഷൻ നവീകരിക്കുമ്പോൾ ഇതിനെക്കുറിച്ച് ആലോചിക്കുമെന്നും ഡി.ആർ.എം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.