അമ്പലവയൽ കൊലപാതകം: ആയുധങ്ങളും മൊബൈൽ ഫോണും കണ്ടെത്തി
text_fieldsകൽപ്പറ്റ: അമ്പലവയലിൽ വയോധികനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൊലക്ക് ഉപയോഗിച്ച വെട്ടുകത്തിയും കോടാലിയും കണ്ടെടുത്തു. കൊല്ലപ്പെട്ട മുഹമ്മദിന്‍റെ മൊബൈൽ ഫോൺ അമ്പലവയൽ ടൗണിനടുത്ത മ്യൂസിയം പരിസരത്തു നിന്ന് കണ്ടെത്തി. കാൽ വേർപ്പെടുത്തി ഉപേക്ഷിക്കാൻ ഉപയോഗിച്ച സ്കൂൾ ബാഗും കണ്ടെത്തിയിട്ടുണ്ട്. പത്താം ക്ലാസിലും പതിനൊന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാർഥിനികളും അമ്മയുമാണ് കേസിലെ പ്രതികൾ. മുഹമ്മദ് അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പെൺകുട്ടികൾ മൊഴിനൽകിയത്.
അതേസമയം, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കൊല്ലപ്പെട്ട മുഹമ്മദിന്‍റെ ഭാര്യ സക്കീന രംഗത്തെത്തി. 68കാരനായ മുഹമ്മദിനെ കൊന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളല്ലെന്നും തന്‍റെ സഹോദരനാണെന്നുമാണ് ഇവർ പറഞ്ഞത്. യഥാർഥ കൊലയാളികളെ രക്ഷപ്പെടുത്താൻ പെൺകുട്ടികളെയും അവരുടെ മാതാവിനെയും കരുവാക്കുകയാണെന്നും സക്കീന പറഞ്ഞു. ഇപ്പോൾ പ്രതികളാക്കിയ പെൺകുട്ടികൾക്ക് മുഹമ്മദിനെ കൊല്ലാനാകില്ലെന്നും ആ പെൺകുട്ടിളെ സംരക്ഷിച്ചത് അദ്ദേഹമായിരുന്നെന്നും അവർ പറഞ്ഞു.
കാൽ മുറിച്ചു മാറ്റാനും മൃതദേഹം ദൂരെ ഉപേക്ഷിക്കാനുമൊന്നും പെൺകുട്ടികൾക്കാകില്ലെന്നാണ് സക്കീന ചൂണ്ടികാണിക്കുന്നത്. തന്‍റെ സഹോദരനിൽ നിന്നും ഭർത്താവ് മുഹമ്മദിന് ഭീഷണി ഉണ്ടായിരുന്നെന്നും അവർ പറഞ്ഞു. സഹോദരന്‍റെ ആദ്യ ഭാര്യയും പെൺമക്കളുമാണ് കൊലപാതകത്തിൽ പ്രതികളായി പൊലീസിൽ കീഴടങ്ങിയത്. ഇവരെ സഹോദരൻ ഉപേക്ഷിച്ചപ്പോൾ സംരക്ഷിച്ചത് മുഹമ്മദായിരുന്നെന്നും സക്കീന പറഞ്ഞു.
സഹോദരന്‍റെ ആദ്യ ഭാര്യയെയും മക്കളെയും മുഹമ്മദ് സംരക്ഷിക്കുന്നതിനെ ചൊല്ലി സഹോദരനും മുഹമ്മദും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും സക്കീന പറഞ്ഞു. കാഴ്ചശേഷിയും ആരോഗ്യവും ക്ഷയിച്ച തന്‍റെ ഭർത്താവിന് ആരെയും ഉപദ്രവിക്കാനാകില്ലെന്നും സഹോദരൻ അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്നും സക്കീന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.