30 കോടിയുടെ തിമിംഗല സ്രവം പിടികൂടി: മൂന്നുപേർ അറസ്റ്റിൽ, കേരളത്തിലെ ആദ്യ സംഭവം
text_fieldsതൃശൂർ: ചേറ്റുവയിൽ 30 കോടിയുടെ ആംബർഗ്രീസുമായി (തിമിംഗല സ്രവം) മൂന്നുപേരെ വനം വിജിലൻസ് പിടികൂടി. വാടാനപ്പള്ളി സ്വദേശി രായംമരക്കാർ വീട്ടിൽ റഫീഖ് (47), പാലയൂർ സ്വദേശി കൊങ്ങണംവീട്ടിൽ ഫൈസൽ (40), എറണാകുളം സ്വദേശി കരിയക്കര വീട്ടിൽ ഹംസ (49) എന്നിവരാണ് പിടിയിലായത്.
പിടിച്ചെടുത്ത ആംബർ ഗ്രീസിന് 19 കിലോ ഭാരമുണ്ട്. കടത്താൻ ഉപയോഗിച്ച കാർ സഹിതമാണ് ഇവർ പിടിയിലായത്. കേരളത്തിലെ ആദ്യ ആംബർഗ്രീസ് വേട്ടയാണിത്. വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടുന്ന ആംബർഗ്രീസ് പെർഫ്യൂം നിർമിക്കുന്നതിന് വ്യാപകമായി ഉപയോഗിച്ചിരുന്നു. പിന്നീട് ഇവയുടെ ഉപയോഗം നിരോധിക്കുകയായിരുന്നു.
വിപണിയിൽ കിലോക്ക് ഒരു കോടി മുതൽ രണ്ട് കോടി വരെ വിലയുണ്ട്. കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നിങ്ങനെയാണ് ഇത് അറിയപ്പെടുന്നത്. തിമിംഗലം ഛർദിക്കുമ്പോൾ ആദ്യം ദ്രവമായിട്ടാണ് ഇവ കാണുക. പിന്നീട് ഖരരൂപത്തിലാകും. രൂക്ഷമായ ഗന്ധവും ഇതിനുണ്ടാകും.
എറണാകുളം ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ, തൃശൂർ ഡി.എഫ്.ഒ എന്നിവരുടെ നിർദേശത്തിൽ തൃശൂർ ഫ്ലയിങ് സ്ക്വാഡും വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും പട്ടിക്കാട് റേഞ്ചിലെ ജീവനക്കാരും തൃശൂർ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ നടത്തിയ ഓപറേഷനിലാണ് സംഘം പിടിയിലായത്.
ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ ഭാസി ബാഹുലേയെൻറ നേതൃത്വത്തിലുള്ള സംഘത്തിൽ എസ്.എഫ്മാരായ എം.എസ്. ഷാജി, മനു കെ. നായർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ടി.യു. രാജ്കുമാർ, ഇ.പി. പ്രതീഷ്, കെ.വി. ജിതേഷ് ലാൽ, സി.പി. സജീവ് കുമാർ, എൻ.യു. പ്രഭാകരൻ, കെ. ഗിരീഷ്കുമാർ, പ്രശാന്ത് കുമാർ, സിജീഷ്, കൃഷ്ണൻ, കൊച്ചി ക്രൈം കൺട്രോൾ ബ്യൂറോ സബ് റീജനൽ ഓഫിസിലെ വൈൽഡ് ലൈഫ് ഇൻസ്പെക്ടർ മതിവന്നൻ, ആനന്ദൻ, ജ്യോതിഷ്, വിനോദ് കുമാർ എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.