മത്സ്യവിത്ത് നിയമത്തിൽ അവ്യക്തത; കാലം തെറ്റിയ അനുമതിപത്രങ്ങൾ അയച്ച് ഫിഷറീസ് വകുപ്പ്
text_fieldsതൃശൂർ: കേരള മത്സ്യവിത്ത് നിയമം 2014 പ്രകാരം 2022 മേയ് 21ന് അലങ്കാരമത്സ്യം വിപണനം ചെയ്യാനുള്ള അനുമതിക്കായി (ലൈസൻസ്) കൊല്ലം ജില്ലയിലെ എ.ആർ അക്വാറിയം ഉടമ റഫീഖ് നൽകിയ അപേക്ഷയിൽ ഫിഷറീസ് ജോയന്റ് ഡയറക്ടർ നടപടി സ്വീകരിച്ചത് ലൈസൻസ് കാലാവധി തീരാൻ ഒരു ദിവസം ബാക്കിനിൽക്കേ.
ഒടുവിൽ മാർച്ച് 30ന് തീയതി വെച്ച് ഒപ്പിട്ട് 21.05.2022 മുതൽ 31.03.2023 വരെ കാലാവധി നൽകിയ അനുമതിപത്രം തപാലിൽ കൈയിൽ കിട്ടിയതാകട്ടെ, ഏപ്രിൽ അഞ്ചിനും. വെറും കടലാസ് എന്നതിലുപരി എന്ത് ലൈസൻസ് എന്ന് റഫീഖ് ചോദിക്കുന്നു.
നെടുമ്പാശേരിയിലെ ‘ഐ ലവ് മൈ പെറ്റ്സ്’ എന്ന അലങ്കാരമത്സ്യ വിപണനകേന്ദ്രത്തിന് 27.03.2023 മുതൽ 31.03.2023 വരെയുള്ള അനുമതിപത്രത്തിൽ തീയതി വെച്ച് അംഗീകാരം നൽകിയത് നാലുദിവസം ബാക്കിനിൽക്കേ മാർച്ച് 27ന്. അക്വാറിയം ഉടമ പവിൻ ജോൺ കല്ലിലിന് അനുമതിപത്രം തപാലിൽ കിട്ടിയതാകട്ടെ ബുധനാഴ്ച. ഇത്തരത്തിൽ സംസ്ഥാനത്തൊട്ടാകെ ഫിഷറീസ് വകുപ്പിന്റെ ലക്ഷ്യം മറന്ന അനുമതി പത്രങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്നു.
മത്സ്യവിത്തിന്റെ ഉൽപാദനം, വിപണനം, സംഭരണം എന്നിവയിലെ ഗുണനിലവാരം നിയന്ത്രിക്കുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യവസ്ഥ ചെയ്യുന്ന നിയമമാണ് കേരള മത്സ്യവിത്ത് നിയമം -2014 (സീഡ് ആക്ട്). 2022ൽ നടപ്പാക്കിയ ഈ നിയമത്തിന്റെ ലക്ഷ്യം വളർത്തുമത്സ്യ കുഞ്ഞുങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക എന്നതാണ്.
കേന്ദ്ര നിയമത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനത്ത് നിയമം നടപ്പാക്കുന്ന ഫിഷറീസ് വകുപ്പ് ആദ്യമായി ചെയ്തത് അക്വേറിയങ്ങൾ ഉൾപ്പെടുന്ന വിപണനകേന്ദ്രങ്ങളുടെ വിവരശേഖരണവും രജിസ്ട്രേഷനുമായിരുന്നു. ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളുടെ വിൽപന പാടില്ലെന്ന കർശന നിയന്ത്രണങ്ങളോടെയായിരുന്നു നിയമം നടപ്പാക്കിയത്.
തിലോപ്പിയ, കട്ള, രോഹു, അസം വാള, ജനിതകമാറ്റം വരുത്തിയ വരാൽ തുടങ്ങിയ മത്സ്യങ്ങളുടെ വിൽപന നടത്തിവന്നിരുന്ന അക്വേറിയങ്ങളെയാണ് ഇത് കാര്യമായി ബാധിച്ചത്. സർക്കാർ നിരോധിച്ച ആഫ്രിക്കൻ മുഷി ഒഴിച്ചുള്ള മത്സ്യങ്ങളുടെ വിപണനത്തിന് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് അക്വേറിയം ഉടമസ്ഥ സംഘടന ഭാരവാഹികൾ മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും ഒടുവിൽ രജിസ്ട്രേഷൻ നടപടി തോന്നുംപടി ആയിരുന്നെന്ന് ഇപ്പോൾ ലഭിക്കുന്ന രേഖകൾ വ്യക്തമാക്കുന്നു.
99 മത്സ്യങ്ങളുടെ വിപണനത്തിനാണ് അലങ്കാര മത്സ്യ വിപണനകേന്ദ്രങ്ങൾ സംഘടനതലത്തിൽ അംഗീകരിച്ച രീതിയിൽ അപേക്ഷ നൽകിയത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ചിലർക്ക് ഭൂരിഭാഗം മത്സ്യങ്ങൾക്കും അംഗീകാരം നൽകി അനുമതിപത്രം നൽകിയപ്പോൾ ചിലരുടേത് ഏതാനും മത്സ്യങ്ങളിലൊതുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.