ആംബുലൻസ് ഡ്രൈവറെ പിരിച്ചുവിടും; റിക്രൂട്ട്മെന്‍റ് പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി
text_fieldsതിരുവനന്തപുരം: പത്തനംതിട്ടയില്‍ കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവറെ പിരിച്ചുവിടുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. 108 ആംബുലന്‍സ് സേവനത്തിന്‍റെ നടത്തിപ്പുകാരായ ജി.വി.കെക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.
അത്യന്തം ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്ന് മന്ത്രി പറഞ്ഞു. കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കാന്‍ പൊലീസിനോട് അവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകളായ രോഗികളെ ഒറ്റക്ക് അയക്കാതിരിക്കാൻ നടപടിയെടുക്കും. ആംബുലൻസ് ഡ്രൈവർമാരുടെ ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ച് അന്വേഷിക്കുമെന്നും റിക്രൂട്ട്മെന്‍റ് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് രോഗി പീഡനത്തിനിരയായ സംഭവത്തിൽ വനിതാ കമീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
കോവിഡ് ബാധിതയായ 19കാരിയെ ഞായറാഴ്ച പുലർച്ചെയോടെയാണ് ചികിൽസാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകവെ ഡ്രൈവർ പീഡിപ്പിച്ചത്. ആറന്മുളയിലാണ് സംഭവം. പ്രതിയായ ആംബുലൻസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വധശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയായ കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയിൽ നൗഫലി(29)നെയാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.