ആംബുലൻസുകളിൽ ജി.പി.എസ് വേണം; ഒക്ടോബർ ഒന്ന് മുതൽ കർശനമാക്കുമെന്ന് മന്ത്രി ആന്റണി രാജു
text_fieldsതിരുവനന്തപുരം: ആബുലൻസുകൾക്ക് ജി.പി.എസ് ഉൾപ്പെടെയുള്ള നിബന്ധനകൾ ഒക്ടോബർ ഒന്ന് മുതൽ കർശനമാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇതോടൊപ്പം, ആംബുലൻസ് ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, യൂണിഫോം എന്നിവ നടപ്പിലാക്കും. ആംബുലൻസുകൾക്ക് കളർകോഡ് പാലിക്കുന്നതോടൊപ്പം, അനാവശ്യ ലൈറ്റുകളും ഹോണുകളുമുൾപ്പെടെ എക്സ്ട്രാ ഫിറ്റിംഗ് പൂർണമായി നീക്കം ചെയ്യും. മൂന്ന് വർഷത്തിലൊരിക്കൽ ഡ്രൈവർമാർക്ക് പരിശീലനം ഉറപ്പാക്കും. ഇതുവഴി ആംബുലസിന്റെ ദുരുപയോഗം തടയാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ എഐ കാമറ പ്രവർത്തിക്കാനാരംഭിച്ചതോടെ പ്രതിദിനമുള്ള 4.5 ലക്ഷം നിയമലംഘനങ്ങൾ 2.5 ലക്ഷമായി കുറഞ്ഞു. പിഴ ഈടാക്കാൻ ആരംഭിച്ചതോടെ 70,000 ലേക്ക് കുറഞ്ഞു. 4,000 പേർ പ്രതിവർഷം വാഹന അപകടത്തിൽ മരിക്കുന്ന സംസ്ഥാനമാണ് കേരളം. 58 ശതമാനം ഇരുചക്ര വാഹനങ്ങൾ, 24 ശതമാനം കാൽനട യാത്രക്കാരൻ എന്ന കണക്കിൽ പ്രതിദിനം 12 പേർ റോഡപകടങ്ങളിൽ മരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ, ഇന്ന് പ്രതിദിന ശരാശരി മരണം പരമാവധി മൂന്നായി കുറഞ്ഞു. റോഡപകടങ്ങൾ പൂർണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബോധവൽക്കരണം, നിയമ അവബോധം എന്നിവയിലൂടെ പുതു യാത്രാസംസ്കാരം രൂപവൽകരിക്കുന്നതിനുള്ള പരിപാടികളാണ് സർക്കാർ സംഘടിപ്പിക്കുന്നത്. സ്കൂൾ കോളജ് ബസ് ഡ്രൈവർമാർ, കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ എന്നിവർക്ക് നിലവിൽ പരിശീലനം നൽകി വരുന്നു.
ഒരിക്കൽ ലൈസൻസ് കിട്ടിയാൽ പരിശീലനമാവശ്യമില്ല എന്ന തോന്നൽ തെറ്റാണ്. റോഡ് നിയമങ്ങൾ, വാഹന നിലവാരം, സാങ്കേതികവിദ്യ എന്നിവ മാറുമ്പോൾ പരിശീലനം അത്യാവശ്യമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ ഡ്രൈവറില്ലാത്ത വാഹനങ്ങൾ പുറത്തിറങ്ങുന്ന കാലമാണ്. ലോകത്തിലുണ്ടാകുന്ന മാറ്റങ്ങളെ ഉൾക്കൊള്ളാൻ ഡ്രൈവർ സമൂഹവും തയാറാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.