മൂക്കുകയറില്ലാതെ ആംബുലൻസുകൾ: കമീഷൻ റിപ്പോർട്ട് ഗതാഗത വകുപ്പ് വെച്ചുപൂട്ടി
text_fieldsതിരുവനന്തപുരം: ആംബുലൻസുകളുടെ അമിത ചാർജിനും അനാരോഗ്യപ്രവണതകൾക്കും മൂക്കുകയറിടുന്നതിനായി സർക്കാർ നിയോഗിച്ച കമീഷൻ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ശിപാർശകളും നിർദേശങ്ങളും ഗതാഗത വകുപ്പ് വെച്ചുപൂട്ടി. ആംബുലൻസുകളെ ആറ് വിഭാഗങ്ങളായി തിരിച്ചും സൗകര്യങ്ങൾക്കനുസരിച്ച് നിരക്ക് നിശ്ചയിച്ചും ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻ സമർപ്പിച്ച റിപ്പോർട്ട് ഒന്നരവർഷം കഴിഞ്ഞിട്ടും വെളിച്ചം കണ്ടിട്ടില്ല. അത്യാഹിതങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും തോന്നുംപടി കഴുത്തറപ്പൻ നിരക്കീടാക്കലടക്കം പരാതികൾ വ്യാപകമാകുമ്പോഴും ഗതാഗത വകുപ്പും മോട്ടോർ വാഹനവകുപ്പിനും ഇക്കാര്യത്തിൽ മിണ്ടാട്ടവുമില്ല. ആശുപത്രികൾക്കുള്ളിൽ തന്നെ കാൻവാസിങ്ങിന് ഏജന്റുമാരെയടക്കം നിയോഗിച്ചാണ് പ്രവർത്തനങ്ങൾ. ഒരു ജില്ലയിൽ തന്നെ ഈടാക്കുന്നത് പല നിരക്കാണ്. ജീവകാരുണ്യസ്വഭാവത്തിൽ പ്രവർത്തിക്കുന്ന ചുരുക്കം ആംബുലൻസുകൾ മാത്രമാണ് അപവാദം. അനധികൃത ആംബുലൻസുകളെ നിയന്ത്രിക്കാനും ആംബുലൻസുകളുടെ സേവനം സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കാനും ആരോഗ്യ-ഗതാഗത മന്ത്രിമാർ പലവട്ടം യോഗം ചേർന്നിരുന്നുവെങ്കിലും തീരുമാനങ്ങളൊന്നും നടപ്പായില്ല. ഇതിനിടെയിലാണ് 2021 അവസാനത്തിൽ സമർപ്പിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻ റിപ്പോർട്ടിനെ കുറിച്ച് ചോദ്യങ്ങളുയരുന്നത്.
സംസ്ഥാനത്തെ ആംബുലൻസുകളെ മോർച്ചറി വാൻ, അഡ്വാൻസ് ലൈഫ് സപ്പോർട്ട് എ.സി, അഡ്വാൻസ് ലൈഫ് സപ്പോർട്ട് നോൺ എ.സി, ബേസിക് ലൈഫ് സപ്പോർട്ട് എ.സി, ബേസിക് ലൈഫ് സപ്പോർട്ട് നോൺ എ.സി, ഐ.സി.യു, എൻ.ഐ.സി.യു എന്നിങ്ങനെ ആറ് കാറ്റഗറികളായി വിഭജിച്ചും സൗകര്യങ്ങൾക്കനുസരിച്ച് ഓരോ കാറ്റഗറിക്കും കിലോമീറ്റർ നിരക്ക് നിശ്ചയിച്ചുമാണ് കമീഷൻ റിപ്പോർട്ട് സമർപ്പിച്ചത്.
റസീപ്റ്റ് നിർബന്ധമാക്കണമെന്നതാണ് പ്രധാന ശിപാർശകളിലൊന്ന്. മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന് മാത്രം ഉപയോഗിക്കുന്ന ‘മോർച്ചറി വാൻ’ എന്നതിന് പുതിയ കാറ്റഗറിയും ശിപാർശകളിലുണ്ടായിരുന്നു. ഇവക്ക് ആംബുലൻസ് നിരക്ക് ഈടാക്കാനാകില്ല. ഇത്തരം വാഹനങ്ങൾക്ക് അമിതവേഗം അനുവദിക്കരുതെന്നും ശിപാർശയിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.