അമീബിക് മസ്തിഷ്കജ്വരം: പ്രതിരോധ പ്ലാനിന് പരിമിതികൾ നിരവധി
text_fieldsതിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരം നേരിടുന്നതിനായി ആക്ഷൻ പ്ലാൻ തയാറാക്കുന്നതിന് സർക്കാർ തീരുമാനിച്ചെങ്കിലും പരിമിതികൾ നിരവധി. സംസ്ഥാനത്ത് ഇതിനോടകം റിപ്പോർട്ട് ചെയ്ത കേസുകളുടെ സ്വഭാവവും അന്തർദേശീയ തലത്തിൽ തന്നെ പ്രതിരോധത്തിന് കൃത്യമായ മുൻമാതൃകകളില്ലെന്നതുമാണ് പ്രതിസന്ധി വർധിപ്പിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 19 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കേസിനാധാരമായ കണക്കാക്കുന്ന ജലസ്രോതസ്സുമായി നിരവധി പേർക്ക് സമ്പർക്കമുണ്ടായിട്ടുണ്ടെങ്കിലും ഒരാൾക്ക് മാത്രമാണ് രോഗം പിടിപെടുന്നത്. തിരുവനന്തപുരത്തെ കാവിൻകുളം മാത്രമാണ് ഇതിന് അപവാദം. അമീബയുള്ള വെള്ളവുമായി 26 ലക്ഷം പേർക്ക് സമ്പർക്കം വന്നാൽ അതിൽ ഒരാൾക്കേ രോഗം വരൂ എന്നാണ് ഇതുവരെയുള്ള കണ്ടെത്തൽ. അതായത് 5000 പേർ കുളിക്കുന്ന ഒരു കുളത്തിൽനിന്ന് ഒരാൾക്ക് രോഗം വരികയും അമീബ സാന്നിധ്യം കണ്ടെത്തുകയും ചെയ്തത് കൊണ്ടുമാത്രം കുളം അടച്ചുപൂട്ടാനാകില്ല. അപകടകാരിയായ അമീബ സാന്നിധ്യം എല്ലായിടത്തുമുണ്ടെങ്കിലും സാന്ദ്രതയിൽ മാത്രമാണ് വ്യത്യാസമുള്ളതെന്നതിനാൽ വിശേഷിച്ചും.
പടിഞ്ഞാറൻ ഓസ്ട്രേലിയ, ടെക്സാസ് എന്നിവിടങ്ങളിൽ സമാന രോഗം കണ്ടെത്തിയതിനെ തുടർന്ന് ആക്ഷൻപ്ലാൻ തയാറാക്കലിന് നീക്കങ്ങളുണ്ടായിരുന്നു. എന്നാൽ ഏറെനാളത്തെ ഗവേഷണത്തിനും പഠനങ്ങൾക്കുംശേഷം ‘ഈ കുളത്തിൽ രോഗകാരിയായ അമീബയുടെ സാന്നിധ്യമുണ്ട്, നീന്താനിറങ്ങുന്നവർ സൂക്ഷിക്കണം’ എന്ന ബോർഡ് സ്ഥാപിച്ച് പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണുണ്ടായത്. അമീബിക് മസ്തിഷ്കജ്വരം പകർച്ചവ്യാധിയല്ലാത്തതിനാൽ ആ നിലയ്ക്കുള്ള പ്രതിരോധത്തിെൻറയും ആവശ്യമില്ല. ഫലത്തിൽ ലക്ഷണങ്ങൾ തിരിച്ചറിച്ച് വേഗം ചികിത്സ ലഭ്യമാക്കുകയാണ് പ്രധാന പ്രതിവിധി. ഒരേ ജലസ്രോതസ്സ് ഉപയോഗിച്ചവരിൽ ഒരാളിൽ മാത്രം രോഗം സ്ഥിരീകരിക്കുന്നത് ഏത് സാഹചര്യത്തിലാണെന്നത് പഠിക്കുന്നതിനാണ് അടുത്ത ശ്രമം. ഐ.സി.എം.ആറിന്റേയും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജിയുടേയും സഹായത്തോടെ കേസ് കണ്ട്രോള് പഠനമാണ് ഇതിനായി നിശ്ചയിച്ചിട്ടുള്ളത്.
അമീബ സാന്നിധ്യം ശുദ്ധജലത്തിലും
ചൂട് കൂടുന്നത് അപകടകാരിയായ അമീബയുടെ അതിജീവനത്തിന് സഹായമാകുന്നുവെന്നും ശുദ്ധ ജലത്തിലും ഇവ കാണപ്പെടുന്നുവെന്നും കേരള യൂനിവേഴ്സിറ്റി എന്‍വയര്‍മെന്റ് സയൻസ്വിഭാഗത്തിലെ ഡോ. ശലോം ഞ്ജാനതങ്ക മാധ്യമത്തോട് പറഞ്ഞു. വെള്ളത്തിൽ 0.5 മില്ലിഗ്രാം ക്ലോറിൻ സാന്നിധ്യം പോലും അമീബയെ നശിപ്പിക്കാക്കാൻ പര്യാപ്തമാണ്. ജലവിതരണ പൈപ്പുകളിലൂടെ വെള്ളം അതിനാൽ തന്നെ സുരക്ഷിതമാണ്. സ്വീവേജ് സാന്നിധ്യവും അമീബകൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.