അബ്കാരി ചട്ടത്തിൽ ഭേദഗതി: ശിപാർശകൾ എക്സൈസ് സമർപ്പിച്ചു
text_fieldsതിരുവനന്തപുരം: ഐ.ടി പാർക്കുകളിലെ ബാർ ലൈസൻസിനായി കമ്പനികൾക്ക് ക്ലബ് രൂപവത്കരിച്ച് അപേക്ഷിക്കാം. വീര്യം കുറഞ്ഞ മദ്യോൽപാദനത്തിന് സഹകരണ മേഖലക്കും അനുമതി നൽകും. പുതിയ മദ്യനയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം വരുക. ഇതിനായി അബ്കാരി ചട്ട ഭേദഗതി വേണ്ടിവരും. അതിനായുള്ള കരട് ശിപാർശ എക്സൈസ് കമീഷണർ എസ്. ആനന്ദകൃഷ്ണൻ സർക്കാറിന് സമർപ്പിച്ചു.
ഐ.ടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യാൻ പുതിയ നയത്തിൽ അനുമതി നൽകിയ സാഹചര്യത്തിലാണ് ഇത്. മദ്യം വിതരണം ചെയ്യാൻ അനുമതിയുള്ള സ്ഥാപനങ്ങൾക്ക് ക്ലബ് ലൈസൻസ് ലഭ്യമാക്കാനുള്ള ഫീസ് നിലവിൽ 20 ലക്ഷം രൂപയാണ്. എന്നാൽ, അവിടങ്ങളിൽ എത്തുന്നവരുടെ എണ്ണം കുറവാണ്. എന്നാൽ ഐ.ടി പാർക്കുകളിലെ വിവിധ സ്ഥാപനങ്ങളിലായി നിരവധി ജീവനക്കാരാണുള്ളത്. ആ സാഹചര്യത്തിൽ ഐ.ടി പാർക്കിലെ ലൈസൻസ് ഫീസ് വർധിപ്പിക്കാനാണ് സാധ്യത.
അക്കാര്യം സർക്കാറിന് തീരുമാനിക്കാമെന്നാണ് എക്സൈസ് വകുപ്പിന്‍റെ ശിപാർശ. ഐ.ടി പാർക്ക് ക്ലബിൽ പ്രവേശന അനുമതി കമ്പനി ജീവനക്കാർക്കും അതിഥികൾക്കും മാത്രമായിരിക്കും. ഒരു പാർക്കിൽ ഒന്നിലധികം അപേക്ഷകളിലെ തീരുമാനം ചട്ട ഭേദഗതിയിൽ ഉൾപ്പെടുത്തും. നിയമ, ഐ.ടി വകുപ്പുകളുമായി കാര്യങ്ങൾ കൂടിയാലോചിച്ച ശേഷമാകും ടാക്സസ് വകുപ്പ് ഇതിനായുള്ള പ്രത്യേക ചട്ടത്തിന് രൂപം നൽകുക. അതിന് പുറമെ പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കുമെന്നും മദ്യനയത്തിൽ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള മേദ്യാൽപാദനത്തിന് സഹകരണ മേഖലക്കും അനുമതി നൽകും. കാർഷികമേഖലയിലെ സഹകരണ സംഘങ്ങൾക്കാണ് ഇതിനുള്ള ലൈസൻസിനായി അപേക്ഷിക്കാനാകുക. എന്നാൽ, മദ്യോൽപാദനത്തിനുള്ള പഴവർഗങ്ങൾ കേരളത്തിൽ തന്നെ ഉൽപാദിപ്പിക്കണമെന്നും വ്യവസ്ഥ ചെയ്യും. അതിനായി അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തും. നിലവിലെ നിയമങ്ങളുടെ അടിസ്ഥാനത്തിൽ ബ്രൂവറികൾ ആരംഭിക്കാനും മദ്യോൽപാദനത്തിനായി കൂടുതൽ യൂനിറ്റുകൾ ആരംഭിക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.