അമേരിക്കൻ കമ്പനിയുടെ വർഗീയ സർവേ കേന്ദ്രം അന്വേഷിക്കണം -ഹൈകോടതി
text_fieldsകൊച്ചി: രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണി ഉയർത്തുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി അമേരിക്കൻ കമ്പനി കേരളത്തിലടക്കം നടത്തിയ സർവേ സംബന്ധിച്ച് കേന്ദ്രസർക്കാർ അന്വേഷിക്കണമെന്ന് ഹൈകോടതി. തിരുവനന്തപുരം ഉൾപ്പെടെ 54 ഇന്ത്യൻ നഗരങ്ങളിൽ 2010ൽ നടത്തിയ സംശയകരമായ സർവേയിൽ കേരള പൊലീസിന്റെ അന്വേഷണം പര്യാപ്തമല്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. അമേരിക്കയിലെ വാഷിങ്ടൺ ഡി.സിയിൽ പ്രവർത്തിക്കുന്ന പ്രിൻസ്റ്റൺ സർവേ റിസർച് അസോസിയറ്റ്സ് (പി.എസ്.ആർ.എ) എന്ന സ്ഥാപനത്തിനായി ഹൈദരാബാദിലെ ടെയ്ലർ നെൽസൺ സോഫ്രെസ് (ടി.എൻ.എസ്) ഇന്ത്യ ലിമിറ്റഡാണ് ഇന്ത്യയിൽ സർവേ നടത്തിയത്. അമേരിക്കൻ കമ്പനിയുടെ പ്രസിഡന്റ് ഡോ. മേരി മക്കിന്റോഷ് ആണ് ടി.എൻ.എസ് കമ്പനിയുമായി 2010ൽ കരാർ ഒപ്പിട്ടത്.
2010 ഒക്ടോബർ രണ്ടിന് തിരുവനന്തപുരം അട്ടക്കുളങ്ങര ഫ്രണ്ട്സ് നഗറിൽ നടത്തിയ സർവേ ക്രമസമാധന പ്രശ്നത്തിന് കാരണമായി. സർവേക്ക് വേണ്ടി ഉപയോഗിച്ച ബുക്ക്ലെറ്റിലെ ചോദ്യങ്ങൾ ഇസ്ലാം മതവിശ്വാസികളെ വ്രണപ്പെടുത്തുന്നതാണെന്ന് കണ്ടെത്തി ഫോർട്ട് പൊലീസ് കമ്പനിക്കും ഡയറക്ടർ പ്രദീപ് സക്സേനക്കുമെതിരെ കേസെടുത്തു. അന്വേഷണം ഏറ്റെടുത്ത ഇന്റേഷനൽ സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ ടീം (ഐ.എസ്.ഐ.ടി) തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. രാജ്യത്തിന്റെ മതസൗഹാർദത്തെയടക്കം തകർക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സർവേ എന്നായിരുന്നു അന്വേഷണത്തിൽ കണ്ടെത്തിയത്. മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹരജി തീർപ്പാക്കിയാണ് കേന്ദ്ര അന്വേഷണത്തിന് കോടതി നിർദേശിച്ചത്.
ഇസ്ലാം നേരിടുന്ന വെല്ലുവിളിയെന്ത്, ഇസ്ലാം മതവിശ്വാസം സംരക്ഷിക്കാൻ ബോംബ് സ്ഫോടനമടക്കം നടത്തുന്നതിനെ ന്യായീകരിക്കുന്നുണ്ടോ, നല്ല മുസ്ലിം ആയിരിക്കുന്നതിന്റെ പ്രാധാന്യമെന്ത് തുടങ്ങിയവയായിരുന്നു ചോദ്യങ്ങൾ. ഇത്തരം ചോദ്യങ്ങൾ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഗ്രീൻ വേവ് 12 എന്ന പേരിൽ ഇന്ത്യക്ക് പുറമെ ഇന്തോനേഷ്യ, തായ്ലൻഡ്, മലേഷ്യ തുടങ്ങിയ 20 രാജ്യങ്ങളിലാണ് അമേരിക്കൻ കമ്പനി സർവേ നടത്തിയത്. പി.എസ്.ആർ.എക്ക് ഇന്ത്യയിൽ ഓഫിസുണ്ടായിരുന്നില്ല.
ഇന്ത്യയെപ്പോലെ ജനാധിപത്യ സോഷ്യലിസ്റ്റ് മതേതര രാജ്യത്ത് ഇത്തരമൊരു സർവേ നടത്താൻ വിദേശ കമ്പനിയെ അനുവദിച്ചത് ആശ്ചര്യപ്പെടുത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ഇതിന് കേന്ദ്രസർക്കാറിന്റെ അനുമതി വേണം. എന്നാൽ, അനുമതിയില്ലാതെയാണ് സർവേ നടന്നത്. ഇത്തരം സർവേകൾ അനുവദിച്ചാൽ മതസൗഹാർദത്തെയും രാജ്യസുരക്ഷയെയും ബാധിക്കുമെന്നും വിഷയം ഗൗരവത്തിലെടുത്ത് നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും അയച്ചുനൽകാനും കോടതി രജിസ്ട്രിക്ക് നിർദേശം നൽകി. വിഷയം കേന്ദ്ര സർക്കാർ പരിശോധിക്കേണ്ടതിനാൽ കേസ് റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണ പുരോഗതി റിപ്പോർട്ട് കേന്ദ്ര സർക്കാറിന് കൈമാറാൻ പൊലീസിനും നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.