അമേരിക്കൻ ഫണ്ട്: കഥയെന്ന് കോടിയേരി
text_fieldsതിരുവനന്തപുരം: അമേരിക്കൻ ഫണ്ട് വിവാദം കമല ഇന്‍റർനാഷനൽ പോലെയൊരു കഥയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അമേരിക്കയിൽ മൂന്ന് തവണ പോയത് ചികിത്സക്കാണ്. തന്‍റെ ചികിത്സ ചെലവ് പൂർണമായും പാർട്ടിയാണ് വഹിച്ചത്. പാർട്ടി അക്കൗണ്ടിലെ പൈസ അവിടെ കൊടുക്കുകയാണ് ചെയ്തത്. അല്ലാതെ മറ്റാരുടെയും നയാപൈസ തന്‍റെ യാത്രക്ക് വഹിച്ചിട്ടില്ലെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ചോദ്യത്തോട് പ്രതികരിച്ചു. ഒരു കാലത്ത് കമല ഇന്‍റർനാഷനൽ വിവാദം വന്നു. പിണറായിയുടെ ഭാര്യയെക്കുറിച്ചാണ് അന്ന് പറഞ്ഞത്. സിംഗപ്പൂരിൽ കമല ഇന്‍റർനാഷനൽ കമ്പനി പ്രവർത്തിക്കുന്നെന്ന് പറഞ്ഞു.
ഇപ്പോൾ ആ കമ്പനി എവിടെ, ആരെങ്കിലും കണ്ടെത്തിയോ? കഥ ഉണ്ടാക്കി പറയുന്നവർക്ക് ഏത് കഥയുമുണ്ടാക്കാം. ആരോപണങ്ങൾ ആദ്യമായി കേൾക്കുന്ന മുഖ്യമന്ത്രിയല്ല പിണറായി വിജയൻ. ഇപ്പോൾ വന്നതിന് അൽപായുസ്സ് മാത്രമേ ഉണ്ടാകൂ. ഒരു നേതാവും പ്രസ്ഥാനവും ഉയർന്നുവരുന്നത് ഒറ്റ ദിവസംകൊണ്ടല്ല. പല പരീക്ഷണങ്ങളും നേരിട്ടാണ് നേതൃത്വം ഉയർന്നുവരുന്നത്. മുഖ്യമന്ത്രി ആകുന്നതിനുമുമ്പ് പാർട്ടിക്കുവേണ്ടിയുള്ള പ്രവർത്തന കാലത്തും എന്തെല്ലാം കള്ളക്കഥകൾ നേരിട്ടു. കള്ളക്കഥകൾക്കു മുന്നിൽ സി.പി.എം കീഴടങ്ങില്ല. ഏത് പ്രശ്നത്തിലും മുഖ്യമന്ത്രിയുടെ രാജി എന്ന മുദ്രാവാക്യമാണ് ഉയർത്തുന്നത്. കൊലപാതകം നടന്നപ്പോൾ ഇതേ ആവശ്യം വന്നിരുന്നു.
മുഖ്യമന്ത്രിയെക്കൊണ്ട് രാജിവെപ്പിക്കണമെന്നതാണ് ഗൂഢപദ്ധതിയുടെ ഉദ്ദേശ്യം. സമരം നടത്തി മുഖ്യമന്ത്രിയെക്കൊണ്ട് രാജിവെപ്പിക്കാൻ പറ്റുമോ? കലാപത്തിനു മുന്നിൽ എൽ.ഡി.എഫ് കീഴടങ്ങില്ല. കലാപം നടത്തുമ്പോൾ മുഖ്യമന്ത്രി രാജിവെക്കാൻ പോയാൽ രാജ്യത്ത് ഭരണമുണ്ടാകുമോ? കലാപം നടത്തി അരാജകത്വം സൃഷ്ടിച്ച് സർക്കാറിനെ പ്രവർത്തിക്കാൻ അനുവദിക്കില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.