എഴുന്നള്ളിപ്പിന് കർശന നിയന്ത്രണം; ഉദ്ഘാടനത്തിനും സ്വകാര്യ ചടങ്ങിനും ആന വേണ്ട -അമിക്കസ് ക്യൂറി റിപ്പോർട്ട്
text_fieldsകൊച്ചി: നാട്ടാനകൾക്കെതിരായ ക്രൂരത അവസാനിപ്പിക്കാൻ മാർഗരേഖയിറക്കുമെന്ന് ഹൈകോടതി. ഇതുസംബന്ധിച്ച കരട് നിർദേശങ്ങൾ അടുത്ത ചൊവ്വാഴ്ച പുറപ്പെടുവിക്കുമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 2018 -24 കാലഘട്ടത്തിൽ നാട്ടാനകളിൽ 30 ശതമാനം െചരിഞ്ഞതായി കണക്കുകൾ സഹിതം കോടതി ചൂണ്ടിക്കാട്ടി.
നിലവിൽ സംസ്ഥാനത്തെ അവസ്ഥ നാട്ടാനകളെ സംരക്ഷിക്കുന്ന വിധത്തിലുള്ളതല്ല. നാട്ടാന സൗഹൃദ സംസ്ഥാനമാക്കാതെ, ഇതര സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ ആനകളെ എത്തിക്കുന്നത് പ്രോത്സാഹിപ്പിക്കാനാവില്ല. ക്ഷേത്രാചാരങ്ങൾക്കായി ആനകളെ എഴുന്നള്ളിക്കുന്നതിനെ എതിർക്കുന്നില്ല. എന്നാൽ, എഴുന്നള്ളിപ്പിനായി ഉത്സവങ്ങളിൽ ആനകളുടെ എണ്ണം പരമാവധി കൂട്ടുന്ന പ്രവണത വർധിക്കുകയാണ്.
സാമൂഹിക മാധ്യമങ്ങൾ ഇത്തരം കാര്യങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നതാണ് ഈ ദുഷ്പ്രവണതയുടെ പ്രധാന കാരണം. ഇതിന് പിന്നിൽ വാണിജ്യ താൽപര്യവും പ്രകടമാണ്. ആനകൾ പനമ്പട്ട മാത്രം കഴിക്കുന്നത് ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. തുറവൂർ ക്ഷേത്രത്തിൽ ദീപാവലി ഉത്സവത്തിന് ആനകൾക്ക് പനമ്പട്ട മാത്രം നൽകിയത് ചൂണ്ടിക്കാട്ടിയാണ് ഈ അഭിപ്രായപ്രകടനം.
പനമ്പട്ടക്ക് വിലക്കുറവായതാകാം ഇതിന് കാരണം. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട അമിക്കസ് ക്യൂറിയുടെ ശിപാർശകൾ പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. ദേവസ്വം ബോർഡ്, ആന ഉടമകൾ എന്നിവരുടെ ഭാഗം കൂടി കേട്ടശേഷമാകണം തീരുമാനമെന്ന് വനം വകുപ്പ് കോടതിയെ അറിയിച്ചു.
എഴുന്നള്ളിപ്പിന് കർശന നിയന്ത്രണം വേണം -അമിക്കസ് ക്യൂറി
കൊച്ചി: മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂവെന്ന് അമിക്കസ് ക്യൂറി ഹൈകോടതിയിൽ. സ്വകാര്യ ചടങ്ങുകൾക്കും ഉദ്ഘാടനങ്ങൾക്കും ഉപയോഗിക്കരുത്. 65 വയസ്സ് കഴിഞ്ഞവയെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത്. തലപ്പൊക്ക മത്സരവും വണങ്ങലും പുഷ്പവൃഷ്ടിയും പാടില്ല.
ആനകളെ ഒരു ദിവസം 100 കിലോമീറ്ററിലധികം വാഹനത്തിൽ കൊണ്ടുപോകരുത്. രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ 24 മണിക്കൂർ വിശ്രമവും ആനകൾ തമ്മിൽ മൂന്ന് മീറ്ററെങ്കിലും അകലവും പാലിക്കണം. ജനങ്ങളെ ആനകൾക്ക് സമീപത്തുനിന്ന് 10 മീറ്ററെങ്കിലും അകലത്തിലും ആനകളെ വെടിക്കെട്ട് നടക്കുന്ന സ്ഥലത്തുനിന്ന് 100 മീറ്ററെങ്കിലും അകലത്തിലുമാക്കി നിർത്തണം.എട്ടുമീറ്ററിൽ താഴെ വീതിയുള്ള റോഡുകളിലൂടെ എഴുന്നള്ളിപ്പ് അനുവദിക്കരുത്.
നിശ്ചിതക്രമത്തിലുള്ള ഭക്ഷണം ഉറപ്പാക്കണം. മൂന്നിൽ കൂടുതൽ ആനകളെ എഴുന്നള്ളിക്കുന്നിടങ്ങളിൽ സർക്കാർ വെറ്ററിനറി ഡോക്ടറുടെ സേവനമുണ്ടാകണം. എഴുന്നള്ളത്തിന് ശേഷം ശബ്ദകോലാഹലങ്ങളിൽനിന്ന് മാറ്റിനിർത്തുകയും വേണം. അഞ്ചിൽ കൂടുതൽ ആനകളെ എഴുന്നള്ളിക്കുന്നുണ്ടെങ്കിൽ വൈദ്യപരിശോധനയും മതിയായ വിശ്രമവും ഉറപ്പു വരുത്താൻ 24 മണിക്കൂർ മുമ്പ് അവയെ സ്ഥലത്ത് എത്തിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.