വിവാദങ്ങൾക്കിടെ പി.കെ. ബേബിക്ക് വീണ്ടും സ്ഥാനക്കയറ്റം നൽകാൻ നീക്കം
text_fieldsകളമശ്ശേരി: ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിൽ അസി. പ്രഫസറായ കുസാറ്റ് സ്റ്റുഡന്റ് വെൽഫെയർ ഡയറക്ടർ പി.കെ. ബേബിക്ക് വീണ്ടും സ്ഥാനക്കയറ്റം നൽകാൻ നീക്കം.സ്ഥാനക്കയറ്റത്തിനുള്ള അഭിമുഖം നടക്കുന്നിടത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ച ആറ് കെ.എസ്.യു പ്രവർത്തകരെ കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. അസോസിയേറ്റ് പ്രഫസർ സ്കെയിൽ നൽകാനാള്ള സർവകലാശാല നീക്കത്തിനെതിരെയായിരുന്നു വിദ്യാർഥി പ്രതിഷേധം. പി.കെ. ബേബിയെ സർവകലാശാല വി.സിയുടെ ചേംബറിൽ രഹസ്യമായെത്തിച്ച് അഭിമുഖം നടത്താനായിരുന്നു നീക്കമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
ഇത് ശ്രദ്ധയിൽപെട്ട കെ.എസ്.യു പ്രവർത്തകർ സർവകലാശാല മതിൽ ചാടി അഭിമുഖം നടക്കുന്നിടത്ത് എത്താൻ ശ്രമിച്ചെങ്കിലും അഡ്മിനിസ്ട്രേഷൻ ഓഫിസിന് സമീപം വെച്ച് പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി.നിയമനത്തിനെതിരെ ഉയർന്ന പ്രതിഷേധം അവഗണിച്ച് സർവകലാശാല സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുകയാണെന്നാണ് ആരോപണം. എന്നാൽ, നിയമനത്തിന് സർവകലാശാലയുമായി ബന്ധമില്ലെന്നും ചാൻസലറും സർക്കാറും തീരുമാനിക്കുന്നതാണെന്നാണ് വിശദീകരണം.
കർണാടകയിൽനിന്നുള്ള രണ്ടുപേരും സംസ്ഥാനത്തുനിന്നും ചാൻസലറുടെ പ്രതിനിധിയടക്കം രണ്ടുപേരും ചേർന്നാണ് ബേബിയെ ഇന്റർവ്യൂ നടത്തിയത്. കനത്ത പൊലീസ് സുരക്ഷയിൽ വൈകീട്ട് മൂന്നോടെ അഭിമുഖം പൂർത്തിയാക്കി.പ്രതിഷേധത്തിൽ പങ്കെടുത്ത കെ.എസ്.യു ജില്ല പ്രസിഡന്റ് കെ.എം. കൃഷ്ണലാൽ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റഹ്മത്തുള്ള, കുസാറ്റ് യൂനിറ്റ് പ്രസിഡന്റ് മാത്യൂസ് സെബാസ്റ്റ്യൻ അടക്കം 15ഓളം പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.