ഖുർആൻ കാലിഗ്രഫി അന്താരാഷ്ട്ര പുരസ്കാര നിറവിൽ ആമിന
text_fieldsബാലരാമപുരം: രണ്ടു മീറ്റർ ഉയരത്തിലും ഒരു മീറ്റർ വീതിയിലും വിശുദ്ധ ഖുർആൻ കൈയക്ഷരവും കാലിഗ്രഫിയും രചിച്ചതിനുള്ള അന്താരാഷ്ട്ര പുരസ്കാരം നേടിയ ജിദ്ദയിലെ മലയാളി വിദ്യാർഥിനി ആമിന മുഹമ്മദിനെ ജനകീയ കൂട്ടായ്മ ‘നാട്ടുകൂട്ടം’ ആദരിച്ചു. ഖുർആൻ കൈയക്ഷരത്തിൽ ആർട്ട് വർക്ക് ചെയ്ത പ്രായം കുറഞ്ഞ ആൾക്കുള്ള ഇന്റർനാഷനൽ ബുക് റെക്കാർഡ്സ് ബഹുമതിയാണ് ലഭിച്ചത്.
ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽനിന്ന് പ്ലസ് ടു പൂർത്തിയാക്കിയ ആമിനയ്ക്ക് മിഡിൽ ഈസ്റ്റിലെ ജർമൻ മെഡിക്കൽ യൂനിവേഴ്സിറ്റിയുടെ ഭാഗമായ ജിദ്ദ ബാറ്റർജി മെഡിക്കൽ കോളജിൽ സ്കോളർഷിപ്പോടെ അഡ്മിഷൻ ലഭിച്ചത് ഇരട്ട അംഗീകാരമായി. ജിദ്ദയിൽ സിഗാല കമ്പനി ഉദ്യോഗസ്ഥൻ മുഹമ്മദ് ബൈജുവിന്റെയും ശാലത്ത് മുഹമ്മദിന്റെയും മകളാണ് ആമിന.
അസ്ന സഹോദരി. എം. വിൻസന്റ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ, ബാലരാമപുരം എസ്.എച്ച്.ഒ ടി. വിജയകുമാർ എന്നിവരിൽനിന്ന് ആമിന ഉപഹാരം ഏറ്റുവാങ്ങി. നാട്ടുകൂട്ടം ചീഫ് അഡ്മിൻ ഹലീൽ റഹ്മാൻ, അഡ്മിൻ അബ്ദുൽ മജീദ് നദ്വി, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി എം.എച്ച്. ഹുമയൂൺ കബീർ, ബാലരാമപുരം വലിയ പള്ളി ജമാഅത്ത് സെക്രട്ടറി എം.എം. നൗഷാദ്, ഗ്രാമ പഞ്ചായത്ത് മെംബർ സക്കീർ ഹുസൈൻ, ബാലരാമപുരം ടൗൺ ജമാഅത്ത് പ്രസിഡന്റ് ജെ.എം. സുബൈർ, സെക്രട്ടറി ഹാജ, മുസ്ലിം ലീഗ് നേതാവ് ഷൗക്കത്തലി, കൺവീനർ നിഷാദ്, അഡ്മിൻ ഫഖീർഖാൻ, ഒറ്റയാൾ സലീം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.