കശാപ്പ് നിരോധിച്ചിട്ടില്ല; ചില മാനദണ്ഡങ്ങൾ മാത്രം –അമിത് ഷാ
text_fieldsകൊച്ചി: രാജ്യത്ത് കശാപ്പ് നിരോധിച്ചെന്ന പ്രചാരണം ശരിയല്ലെന്നും കന്നുകാലി വിൽപനക്ക് സുപ്രീം കോടതി നിർദേശിച്ചതുപ്രകാരം ചില മാനദണ്ഡങ്ങൾ ഏർപ്പെടുത്തുക മാത്രമാണ് കേന്ദ്രസർക്കാർ ചെയ്തതെന്നും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. മൂന്നുദിവസത്തെ കേരള സന്ദർശനത്തിെൻറ ആദ്യദിനമായ വെള്ളിയാഴ്ച കൊച്ചിയിൽ നടന്ന എൻ.ഡി.എ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കശാപ്പ് നിരോധനം സംബന്ധിച്ച ചില ആശങ്കകൾ എൻ.ഡി.എ ഘടകകക്ഷി നേതാക്കൾ തന്നെയാണ് യോഗത്തിൽ അമിത് ഷായുടെ ശ്രദ്ധയിൽെപടുത്തിയത്. എന്നാൽ, കശാപ്പിന് നിരോധനമില്ലെന്ന കാര്യം കേരള ഹൈകോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് ഇടത്--വലത് മുന്നണികൾ നടത്തുന്ന കപടപ്രചാരണങ്ങളെ നേരിടണമെന്നും അദ്ദേഹം നിർദേശിച്ചു. കേന്ദ്ര സ്ഥാപനങ്ങളിലെ പദവികൾ സംബന്ധിച്ച് ഒരു മാസത്തിനകം തീരുമാനമുണ്ടാക്കുമെന്ന് അമിത് ഷാ ഘടകകക്ഷി നേതാക്കളെ അറിയിച്ചു. ഇതേച്ചൊല്ലി ഘടകകക്ഷിയായ ബി.ഡി.ജെ.എസ് ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ എൻ.ഡി.എ സംസ്ഥാന കൺവീനർകൂടിയായ തുഷാർ വെള്ളാപ്പള്ളിക്ക് ഇക്കാര്യം അദ്ദേഹം നേരിട്ട് ഉറപ്പുനൽകി. കൂടുതൽ ചർച്ചകൾക്ക് തുഷാറിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. മുന്നണിക്കുള്ളിൽ തങ്ങൾ നേരിടുന്ന അവഗണനയെക്കുറിച്ച് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ. ജാനു രൂക്ഷമായാണ് പ്രതികരിച്ചത്. സ്ഥാനമാനങ്ങൾക്ക് അനിശ്ചിതമായി കാത്തിരിക്കാനോ നേതാക്കളുടെ പിറകെ നടക്കാനോ സാധ്യമല്ലെന്ന് അവർ തുറന്നടിച്ചു. സ്ഥാനമാനങ്ങൾ നൽകാത്തതിൽ യോഗത്തിൽ പെങ്കടുത്ത മറ്റ് ഘടകകക്ഷി നേതാക്കളും അസംതൃപ്തി പ്രകടിപ്പിച്ചു.
എൻ.ഡി.എ യോഗശേഷം മതമേലധ്യക്ഷന്മാരുമായി അമിത് ഷാ ചർച്ച നടത്തി. കർദിനാൾ മാർ ജോർജ് ആലഞ്ചേരി (സീറോ മലബാർ സഭ), ജോസഫ് മാർ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാർ യൗസേബിേയാസ് (യാക്കോബായ സുറിയാനി സഭ), ആർച് ബിഷപ് ജോസഫ് മാർ കളത്തിപ്പറമ്പിൽ (ലത്തീൻ കത്തോലിക്ക സഭ), തോമസ് മാർ അത്തനേഷ്യസ് (മലങ്കര ഒാർത്തഡോക്സ് സഭ), ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത (മാർത്തോമ സഭ), ആർച് ബിഷപ് കുര്യാക്കോസ് മാർ സവേരിയസ് (ക്നാനായ സഭ), മാർ കൂറിലോസ് മെത്രാപ്പോലീത്ത (പൊഴിയൂർ സഭ) എന്നിവരാണ് കൂടിക്കാഴ്ചയിൽ പെങ്കടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.