എൻ.എസ്.എസ് ശാഖകളെ ആർ.എസ്.എസ് വിഴുങ്ങും -കോടിയേരി
text_fieldsകോഴിക്കോട്: എൻ.എസ്.എസ് ശാഖകളെ ആർ.എസ്.എസ് വിഴുങ്ങുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതാണ് എസ്.എൻ.ഡി.പിക്ക് ഉണ്ടായ അനുഭവം. ഈ സാഹചര്യത്തിലാണ് എതിർ നിലപാട് സ്വീകരിക്കാൻ വെള്ളാപ്പള്ളി നടേശനെ പ്രേരിപ്പിച്ചത്. ആർ.എസ്.എസ് അനുകൂല നിലപാട് എൻ.എസ്.എസ് എടുക്കുമെന്ന് കരുതുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി.
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഇപ്പോൾ സ്വീകരിക്കുന്ന നിലപാട് പരിശോധിക്കണം. അദ്ദേഹം വികാരത്തിന് അടിമപ്പെട്ടിരിക്കുന്നു. വികാരത്തിന് അടിമപ്പെട്ട നിലപാട് സംഘടന സ്വീകരിക്കരുത്. എൻ.എസ്.എസിന്‍റെ മുൻകാല പാരമ്പര്യത്തിന് അത് നിരക്കുന്നതല്ല. എൻ.എസ്.എസ് നവോത്ഥാന മൂല്യങ്ങൾ ഉയർത്തി പിടിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
ബി.െജ.പി ദേശീയ അധ്യക്ഷൻ അമിത് ഷായെ ഇടത് സർക്കാർ ഭയക്കുന്നില്ല. ഷായുടെ പിന്തുണയിൽ അധികാരത്തിലേറിയ സർക്കാറല്ലിത്. ഈ സർക്കാർ അധികാരത്തിൽ വരാതിരിക്കാൻ എല്ലാ പണിയും അവർ എടുത്തിട്ടുണ്ട്. നിയമവ്യവസ്ഥയെ അമിത് ഷാ വെല്ലുവിളിക്കുന്നുവെന്ന് കോടിയേരി ആരോപിച്ചു.
രാജ്യത്തെ പിന്നാക്ക, മതന്യൂനപക്ഷങ്ങൾക്കും പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും എതിരായ നിലപാടാണ് അമിത് ഷായുടേത്. ശബരിമല വിഷയത്തിൽ എസ്.എൻ.ഡി.പിയുടെ നിലപാട് സ്വാഗതാർഹമാണ്. നാമജപത്തിന്‍റെ പേരിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.