തന്‍റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പൊതുവേദിയിൽ മറുപടി പറയട്ടെയെന്ന് അമിത്ഷാ
text_fieldsതിരുവനന്തപുരം: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് തന്‍റെ ചോദ്യങ്ങൾക്ക് പൊതുവേദിയിൽ മറുപടി പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറുണ്ടോയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയയാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സ്വർണക്കടത്ത് കേസ് പ്രതി മുഖ്യമന്ത്രിയുടെ ഓഫിസിൽ ജോലി ചെയ്തിരുന്നോ?, സ്വർണം പിടിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടോ ഇല്ലയോ? പ്രതിയായ സ്ത്രീ മുഖ്യമന്ത്രിയുടെ വിദേശ യാത്രകളിൽ ഒപ്പമുണ്ടായിരുന്നോ ഇല്ലയോ?, ഈ സ്ത്രീ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിത്യസന്ദര്‍ശകയല്ലേ?, ഈ വിഷയത്തിൽ ഇഡിയും കസ്റ്റംസും നടത്തിയ അന്വേഷണത്തിൽ ഇതൊക്കെ പുറത്തു വന്നില്ലേ, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുണ്ടായ സംശയാസ്പദമായ ഒരു മരണത്തെക്കുറിച്ച് നിങ്ങൾ മൗനം പാലിക്കുന്നത് എന്ത് കൊണ്ടാണ്? എന്നീ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പൊതുവേദിയിൽ മറുപടി പറയട്ടെയെന്ന് അമിത് ഷാ വെല്ലുവിളിച്ചു.
അഴിമതി നടത്താൻ യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ മത്സരിക്കുകയാണ്. യു.ഡി.എഫ് വന്നാൽ സോളാര്‍ തട്ടിപ്പും, എൽ.ഡി.എഫ് വന്നാൽ ഡോളര്‍ കടത്തും നടക്കുന്ന അവസ്ഥയാണ്. കേരളത്തിൽ പരസ്പരം പോരടിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ബംഗാളിൽ ഒരുമിച്ചാണെന്നും അമിത് ഷാ പറഞ്ഞു.
ഇവിടെ സി.പി.എമ്മും കോണ്‍ഗ്രസും വര്‍ഗ്ഗീയ പാര്‍ട്ടികളായ എസ്.ഡി.പി.ഐയുമായും മറ്റും സഖ്യത്തിലാണ്. ബംഗാളിൽ ഫുർഫുറെ ഷെരീഫിന്റെ പാര്‍ട്ടിയുമായി കോണ്‍ഗ്രസും സി.പി.എമ്മും സഖ്യത്തിലാണ്. മഹാരാഷ്ട്രയിൽ ചെന്നാൽ ഇവര്‍ ശിവസേനക്കാരുമായി സഖ്യത്തിലാണ്. എന്താണ് നിങ്ങളുടെ രാഷ്ട്രീയദിശയെന്ന് അമിത് ഷാ ചോദിച്ചു. അയ്യപ്പ ഭക്തര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടായപ്പോൾ ഇവിടെ കോണ്‍ഗ്രസ് മൗനത്തിലായിരുന്നു. ബി.ജെ.പിയുടെ ഉറച്ച അഭിപ്രായം ശബരിമല ക്ഷേത്രം അയ്യപ്പഭക്തരുടെ നിയന്ത്രണത്തിലായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്നാണ്. അല്ലാതെ സര്‍ക്കാരിന്‍റെ നിയന്ത്രണത്തിൽ അല്ലയെന്നും അമിത് ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.