‘അമ്മ’ മെഗാ ഷോ 20ന്; വരുമാനത്തിന്‍റെ ഒരു വിഹിതം വയനാട്ടിലെ ദുരിതബാധിതർക്ക്
text_fieldsകൊച്ചി: താരസംഘടന ‘അമ്മ’ ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചേർന്ന് മെഗാഷോ സംഘടിപ്പിക്കും. ഈമാസം 20ന് വൈകീട്ട് 4.30 മുതൽ അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന പരിപാടിയിൽ മലയാള സിനിമയിലെ മുൻനിര താരങ്ങളടക്കം 80ഓളം കലാകാരന്മാർ പങ്കെടുക്കുമെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പരിപാടിയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു വിഹിതം വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിന് നൽകും. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഇതൊരു ആഘോഷത്തിനുള്ള സമയമല്ലെങ്കിലും മുൻകൂട്ടി നിശ്ചയിച്ചതിനാലാണ് നടത്താൻ തീരുമാനിച്ചതെന്ന് സിദ്ദീഖ് പറഞ്ഞു.
രാത്രി 11 വരെ നീളുന്ന ഷോയാണ് ആസൂത്രണം ചെയ്യുന്നത്. സ്വന്തമായി സിനിമ നിർമിക്കാൻ ‘അമ്മ’ക്ക് നിലവിൽ പദ്ധതിയില്ല. അതേസമയം, കുറച്ച് താരങ്ങളെ മാത്രം ഉൾപ്പെടുത്തി ചെറിയ സിനിമകളും വെബ്സീരീസുകളും ആലോചനയിലുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാറാണ്. ദിലീപ് നിലവിൽ അംഗമല്ലാത്തതിനാൽ മെഗാഷോയിൽ പങ്കെടുക്കില്ലെന്നും സിദ്ദീഖ് വ്യക്തമാക്കി. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി. രാകേഷും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.