ആരോപണങ്ങളിൽ 'അമ്മ' ഇടപെടണം, വെളിപ്പെടുത്തലുകൾ ഗൗരവമായി കാണണം -ഉർവശി
text_fieldsകൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താര സംഘടന 'അമ്മ' അടിയന്തര നടപടിയെടുക്കണമെന്ന് നടി ഉർവശി. എനിക്കൊന്നും സംഭവിച്ചിട്ടില്ല അതുകൊണ്ട് മിണ്ടാതിരിക്കാം എന്നല്ല, കമ്മീഷൻ റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ ഗൗരവമായി കാണണം. എക്സിക്യൂട്ടിവ് കമ്മിറ്റി അടിയന്തരമായി വിളിച്ചു ചേർത്ത് അംഗങ്ങൾക്ക് പറയാനുള്ളത് കേൾക്കണെന്നും ഉർവശി ആവശ്യപ്പെട്ടു. തനിക്കെതിരെ അനാവശ്യ നോട്ടങ്ങൾ ഉൾപ്പെടെ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞാൽ അത് കള്ളമാകുമെന്നും ഉർവശി പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ആരോപണത്തെ നിസ്സാരവത്കരിക്കരുത്. ബംഗാളി നടി പറഞ്ഞിരിക്കുന്ന ആരോപണങ്ങൾ ഞെട്ടിക്കുന്നതാണ്. അന്യഭാഷയിൽനിന്നുള്ള ഒരു നടി ആരോപണമുന്നയിക്കുക എന്നുപറയുമ്പോൾ അവരെന്തായിരിക്കും അവരുടെ നാട്ടിൽപ്പോയി പറഞ്ഞിട്ടുണ്ടാവുക? അതുകൊണ്ട് വളരെ ഗൗരവത്തിൽ ചിന്തിക്കേണ്ട കാര്യമാണിത്. ഒരു വ്യക്തിയെ കുറിച്ച് ഏതെങ്കിലും രീതിയിലുള്ള ആരോപണം ഉയർന്നുവന്നാൽ ആ സ്ഥാനം വേണ്ടെന്ന് ആദ്യം പറയേണ്ടത് ആ വ്യക്തി ആയിരിക്കണം. മാറി നിന്നതിന് ശേഷം അന്വേഷണം നേരിടാം എന്ന് പറയണം. അതായിരിക്കും കൂടുതൽ പക്വത.
സ്ത്രീകൾ ഉന്നയിക്കുന്ന ആരോപണങ്ങൾ സിനിമയിലെ പുരുഷന്മാർക്ക് എതിരെയാണെന്നോർക്കണം. സിനിമയിലെ എല്ലാ ഡിപ്പാർട്ട്മെന്റിലുമുള്ള പുരുഷന്മാർക്കാണ് ഇത് അപമാനമായി വരുന്നത്. സിനിമ മാത്രമാണ് ഉപജീവനം എന്ന് കരുതുന്ന തന്നെപ്പോലെയുള്ള എത്രയോ പേരുണ്ടിവിടെ. ഇതുപോലുള്ള പുരുഷന്മാർക്കിടയിലാണ് ഇത്രയുംകാലം ജോലി ചെയ്തത് എന്നു ധരിക്കുന്നത് വലിയ ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. ഇങ്ങനെ മാത്രം സംഭവിക്കുന്ന ഒരു മേഖലയല്ല സിനിമ. ഇവിടെ അന്തസോടെ സ്ത്രീയും പുരുഷനും ഒരുമിച്ച് കൈകോർത്തുനിന്നുകൊണ്ട് കൂട്ടായി പരിശ്രമിക്കുമ്പോഴാണ് നല്ല സിനിമകളുണ്ടാവുന്നതെന്നും ഉർവശി ചൂണ്ടിക്കാട്ടി.
അമ്മ സ്റ്റാർ നൈറ്റ് നടത്താനുള്ള സംഘടനയല്ല. ഒരു സ്ത്രീ തന്റെ ലജ്ജയും വിഷമവും എല്ലാം ഒതുക്കി ഒരു കമ്മീഷന് മുന്നിൽ കൊടുക്കുന്ന മൊഴിക്ക് ആ വില കൊടുക്കണം. പ്രതികാരം തീർക്കാനാണെങ്കിൽ അവർക്ക് കാര്യങ്ങൾ പ്രസ് മീറ്റ് വിളിച്ചു പറഞ്ഞാൽ മതിയായിരുന്നില്ലേ? ഇത് അങ്ങനെയല്ല. ആ സ്ത്രീകൾക്കൊപ്പം ഞാൻ എന്നുമുണ്ട്. വിഷയത്തിൽ സർക്കാറിനേക്കാൾ മുമ്പ് നിലപാടെടുക്കേണ്ടത് അമ്മയാണ് -ഉർവശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.