അമീബിക് മസ്തിഷക ജ്വരം: ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു
text_fieldsകോഴിക്കോട്/തിരൂരങ്ങാടി: അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന അഞ്ച് വയസ്സുകാരി മരിച്ചു. മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസൻകുട്ടി-ഫസ്‌ന ദമ്പതികളുടെ മകൾ ഫദ്‌വയാണ് അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് ബാധിച്ച് ചികിത്സയിലിരിക്കെ മെഡിക്കൽ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ തിങ്കളാഴ്ച രാത്രി പതിനൊന്നോടെ മരിച്ചത്.
മേയ് 13നാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളോടെ എത്തിയ കുട്ടിയുടെ നട്ടെല്ലിൽനിന്ന് സ്രവം എടുത്ത് പരിശോധിച്ചപ്പോൾ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. നേരത്തേ പനിയും മറ്റു അസുഖങ്ങളും അനുഭവപ്പെട്ട കുട്ടി ചെമ്മാട്ടെ രണ്ട് സ്വകാര്യ ക്ലിനിക്കുകളിലും പിന്നീട് ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ചെയ്താണ് മസ്തിഷ്കജ്വരം ഉണ്ടാക്കുന്നത്. കടലുണ്ടി പുഴയുടെ മൂന്നിയൂർ കളിയാട്ടമുക്ക് കാര്യാട് കടവ് ഭാഗത്തെ വെള്ളം കെട്ടിനിൽക്കുന്ന കുഴിയിൽ കുളിച്ച ബാലികക്ക് ഇവിടെനിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം. സഹോദരങ്ങൾ: ഫൈഹ, ഫംന.
ഒഴുക്കില്ലാത്ത ജലാശയത്തിലാണ് സാധാരണ മസ്തിഷ്ക ജ്വരത്തിന് കാരണമാകുന്ന അമീബ കാണപ്പെടുന്നത്. വെള്ളത്തിൽ നിന്ന് മൂക്കിലൂടെയാണ് ഇത് മനുഷ്യന്റെ ശരീരത്തിലെത്തുക. തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ മസ്തിഷ്‍കാഘാതത്തിന് അമീബ ഇടയാക്കുന്നു. പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാൻ സാധ്യത കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.