അമീബിക് മസ്തിഷ്ക ജ്വരം മലിനജലത്തിൽ കുളിച്ച കുട്ടിക്ക്
text_fieldsതിരൂരങ്ങാടി: കടലുണ്ടി പുഴയുടെ മൂന്നിയൂർ കളിയാട്ടമുക്ക് കാര്യാട് കടവ് ഭാഗത്തെ വെള്ളം കെട്ടിനിൽക്കുന്ന കുഴിയിൽ കുളിച്ച കുട്ടിക്കാണ് അപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചത്. പുഴയിലെ നീരൊഴുക്ക് കുറഞ്ഞതിനാൽ തൊട്ടപ്പുറത്തെ മണ്ണട്ടാംപാറ അണക്കെട്ടിന്റെ ഷട്ടർ അടച്ചിട്ടിരിക്കുകയാണ്. അതിനാൽ, കാര്യാട് കടവ് പ്രദേശത്ത് മലിനവെള്ളം കുഴികളിൽ കെട്ടിനിൽക്കുന്ന സ്ഥിതിയാണ്.
കാര്യാട് കടവിന് സമീപം താമസിക്കുന്ന അഞ്ചുവയസ്സുകാരി മേയ് 10നാണ് പുഴയിൽ കുളിച്ചത്. തുടർന്ന് പനിയും തലവേദനയും അനുഭവപ്പെട്ടതിനാൽ ചെമ്മാട്ടെ സ്വകാര്യ ക്ലിനിക്കിൽ കാണിച്ചെങ്കിലും അസുഖം ഭേദമാകാത്തതിനാൽ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ അവിടെനിന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഒപ്പം കുളിച്ചിരുന്ന മറ്റു നാല് കുട്ടികളും മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മൂന്നിയൂർ ഗ്രാമപഞ്ചായത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കെട്ടിനിൽക്കുന്ന പുഴവെള്ളത്തിൽ കുളിച്ചതിനാലാണ് അണുബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. അതിനാൽ, പുഴയിൽ ഇറങ്ങിക്കുളിക്കുന്നത് തൽക്കാലത്തേക്ക് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ മൂന്നിയൂർ കാര്യാട് ഭാഗങ്ങളിലെ പുഴവെള്ളത്തിൽ ഇറങ്ങിയ ആർക്കെങ്കിലും പനി, കടുത്ത തലവേദന, ജലദോഷം, കണ്ണിന് ചുവപ്പ്, ഛർദി, ഓക്കാനം, കഴുത്തിന് വേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യപ്രവർത്തകരെയോ ആശാപ്രവർത്തകരെയോ അറിയിക്കണം.
കളിയാട്ടമുക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിശോധനക്കായി എത്തണമെന്ന് മെഡിക്കൽ ഓഫിസർ ഡോ. മുഹമ്മദ് റഫീഖ് അറിയിച്ചു. ജനങ്ങൾ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ആശങ്ക വേണ്ടെന്നും പി. അബ്ദുൽ ഹമീദ് എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.