മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരവും പരിശോധിക്കണം-വീണ ജോര്‍ജ്
text_fieldsതിരുവനന്തപുരം: മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) നിര്‍ണയിക്കാനുള്ള പരിശോധന കൂടി നടത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം കേസുകള്‍ കൂടുതലായി സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെടുത്തത്. ലോകത്ത് 60 മുതല്‍ 70 ശതമാനം വരെയുള്ള മസ്തിഷ്‌കജ്വരം കേസുകളിലും രോഗ സ്ഥിരീകരണം ഉണ്ടാകാറില്ല.
ഈയൊരു സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) എടുത്തത്. കേസുകളുടെ എണ്ണം കൂടിയാലും ഫലപ്രദമായ ചികിത്സയിലൂടെ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനാകും. അതനുസരിച്ച് അമീബിക്ക് മസ്തിഷ്‌ക ജ്വരം ചികിത്സയ്ക്കുള്ള മില്‍ട്ടിഫോസിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ആർ.ആർ.ടി യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
അമീബിക്ക് മസ്തിഷ്‌ക ജ്വരം നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്ന് കേരളം തെളിയിച്ചതാണ്. അടുത്തിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 10 പേരെ രോഗമുക്തരാക്കാന്‍ സാധിച്ചു. ആദ്യം തന്നെ കൃത്യമായി രോഗനിര്‍ണയം നടത്തുകയും മില്‍ട്ടിഫോസിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിച്ച് ഫലപ്രദമായ ചികിത്സ നല്‍കുകയും ചെയ്തത് കൊണ്ടാണ് ഇത്രയേറെ പേരെ ഭേദമാക്കാന്‍ കഴിഞ്ഞത്. ആഗോള തലത്തില്‍ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. എന്നാല്‍ കേരളത്തിലെ മരണ നിരക്ക് 26 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു.
അമീബിക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കുന്നതിന് ആരോഗ്യ വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചു വരുന്നു. വിവിധ ജില്ലകളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥീരികരിച്ച സാഹചര്യത്തില്‍ രാജ്യത്ത് ആദ്യമായി ഏകാരോഗ്യ സമീപനത്തിലൂന്നിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളം തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി കേരളത്തിലേയും ഐ.സി.എം.ആര്‍., ഐ.എ.വി., പോണ്ടിച്ചേരി എവി ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്‌നിക്കല്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വകുപ്പ് വിദ്യാഭ്യാസ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ആര്‍.ആര്‍.ടി. അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.