കോഴിക്കോട് ചികിത്സയിലുള്ള കുട്ടിക്കും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
text_fieldsകോഴിക്കോട്: ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 12കാരനും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഫാറൂഖ് കോളജിനടുത്ത ഇരുമൂളിപ്പറമ്പ് സ്വദേശിയായ കുട്ടിയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുള്ളത്. പുതുച്ചേരി ലാബില്‍ നടത്തിയ കുട്ടിയുടെ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കുളിച്ച അച്ചനമ്പലം കുളത്തിലെ വെള്ളത്തിന്റെ സാമ്പിളും പരിശോധനക്ക് വിധേയമാക്കി.
സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് സ്ഥിരീകരണത്തിന് വേണ്ടിയാണ് പുതുച്ചേരിയിലെ ലാബിലേക്ക് അയച്ചത്.
കഴിഞ്ഞ 16നാണ് വിദ്യാര്‍ഥി അച്ചനമ്പലം കുളത്തില്‍ കുളിച്ചത്. അന്ന് സ്കൂളിലെ ഫുട്ബാൾ ക്യാമ്പിൽ കളിക്കാൻ പോയ കുട്ടിക്ക് പന്ത് തലയ്ക്കുതട്ടി നേരിയ പരിക്കേറ്റിരുന്നു. തലവേദനയും ഛർദിയും ഉണ്ടായതിനെത്തുടർന്ന് ബുധനാഴ്ച ഫറോക്ക് താലൂക്കാശുപത്രിയിൽ ഡോക്ടറെ കാണിച്ചു. തലക്കേറ്റ പരിക്കിന്റെ ആഘാതത്തിലാണ് രോഗമെന്ന ധാരണയിൽ മരുന്ന് നൽകുകയും ചെയ്തു. രോഗം ഭേദമാവാത്തതിനെത്തുടർന്ന് വ്യാഴാഴ്ചയും ആശുപത്രിയിലെത്തിയപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇതനുസരിച്ച് വെള്ളിയാഴ്ച മെഡിക്കൽ കോളജിലെത്തിച്ചു പരിശോധിച്ചു. പിന്നാലെ കോഴിക്കോട്ടെ ആശുപത്രിയിലെക്കെത്തിച്ച് കുട്ടിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അമീബിക് മസ്തിഷജ്വരത്തിന് സമാനമായ ലക്ഷണങ്ങളാണെന്ന സംശയത്തിൽ ആശുപത്രി അധികൃതർ വിവരം രാമനാട്ടുകര നഗരസഭയെ അറിയിച്ചു. തുടർന്ന് കുളത്തിൽ ക്ലോറിനേഷൻ നടത്തി. കുളത്തിൽ കുളിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അച്ചനമ്പലം കുളത്തില്‍ കുളിച്ച മറ്റുള്ളവരെയും നിരീക്ഷണ വിധേയമാക്കുന്നുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. അപൂര്‍വമായി മാത്രം കണ്ടെത്തുന്ന അമീബയായതിനാല് ജില്ലയില്‍ പൂര്‍ണ ജാഗ്രത നിര്‍ദേശം നല്‍കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കണ്ണൂര്‍ സ്വദേശിനിയായ 13കാരി കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.