എ.ഐ.സി.സി അംഗങ്ങളിൽ പുതുമുഖങ്ങൾ നാമമാത്രം
text_fieldsതിരുവനന്തപുരം: കേരളത്തിൽനിന്ന് വോട്ടവകാശമുള്ള പുതിയ എ.ഐ.സി.സി അംഗങ്ങളുടെ പട്ടികയിൽ പുതുമുഖങ്ങൾ വിരളം. അതേസമയം, വോട്ടവകാശമില്ലാതെ കോ ഓപ്റ്റ് ചെയ്യപ്പെടുന്നവരിൽ കാര്യമായ അഴിച്ചുപണിയുമുണ്ടായി.
കഴിഞ്ഞ തവണ കേരളത്തിൽനിന്ന് വോട്ടവകാശമുള്ള എ.ഐ.സി.സി അംഗങ്ങളുടെ എണ്ണം 50 ആയിരുന്നെങ്കിൽ ഇത്തവണ അത് 47 ആണ്. ആര്യാടൻ മുഹമ്മദ്, എം.ഐ. ഷാനവാസ് എന്നിവരുടെ മരണം മൂലവും പി.സി. ചാക്കോ, കെ.വി. തോമസ്, ലതികാ സുഭാഷ് എന്നിവർ കോൺഗ്രസ് വിട്ടതിലൂടെയും അഞ്ച് ഒഴിവുകളുണ്ടായി. തമ്പാനൂർ രവി, പി.വി. ഗംഗാധരൻ എന്നിവരെ വോട്ടവകാശമുള്ള അംഗങ്ങളുടെ പട്ടികയിൽനിന്ന് ഇത്തവണ ഒഴിവാക്കി. തമ്പാനൂർ രവിയെ കോ ഓപ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി.
എം.പിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ. ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ജെബി മേത്തർ എന്നിവരാണ് വോട്ടവകാശമുള്ള അംഗങ്ങളുടെ പട്ടികയിലെ പുതുമുഖങ്ങൾ. കഴിഞ്ഞ തവണ വോട്ടവകാശമില്ലാത്ത, കോ ഓപ്റ്റ് ചെയ്യപ്പെട്ട അംഗമായിരുന്ന ജെബി മേത്തറിന് ഇത്തവണ സ്ഥാനക്കയറ്റമാണ്. പുതിയ പട്ടികയിലെ ശേഷിക്കുന്ന 43 പേരും വോട്ടവകാശമുള്ള അംഗത്വം നിലനിർത്തിയവരാണ്. കഴിഞ്ഞ തവണ 15 പേരെയാണ് കോ ഓപ്റ്റ് ചെയ്തിരുന്നതെങ്കിൽ ഇത്തവണ അത് 16 ആയി. ഇവർക്കും എ.ഐ.സി.സി സമ്മേളനത്തിൽ പങ്കെടുക്കാമെങ്കിലും പ്രവർത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ വോട്ടവകാശമുണ്ടാകില്ല.
കഴിഞ്ഞ തവണ കോ ഓപ്റ്റ് ചെയ്തിരുന്ന കെ.സി. റോസക്കുട്ടി, കെ.പി. അനിൽകുമാർ എന്നിവർ പാർട്ടിവിട്ടു. കെ.എൻ. വിശ്വനാഥൻ മരണപ്പെടുകയും ചെയ്തു. അവരെ കൂടാതെ ഉണ്ടായിരുന്നവരിൽ അൻസജിത റസൽ, കെ.എസ്. ഗോപകുമാർ, കെ.എം. അഭിജിത്ത്, എം. ഹരിപ്രിയ, എൻ.കെ. സുധീർ, കെ.എ. തുളസി, മാലേത്ത് സരളാദേവി, കെ. വിദ്യാധരൻ എന്നിവരെ പൂർണമായും ഒഴിവാക്കി.
വി.എസ്. വിജയരാഘവൻ, ആർ. ചന്ദ്രശേഖരൻ, അനിൽ അക്കര എന്നിവരെ കോഓപ്റ്റ് അംഗത്വത്തിൽ നിലനിർത്തി. ടി.യു. രാധാകൃഷ്ണൻ, പാലോട് രവി, കെ. ജയന്ത്, എം. ലിജു, നെയ്യാറ്റിൻകര സനൽ, ജെയ്സൻ ജോസഫ്, ജോൺസൻ എബ്രഹാം, ചെറിയാൻ ഫിലിപ്, എൻ. വേണുഗോപാൽ, മാത്യു കുഴൽനാടൻ, വി.എ. നാരായണൻ, പി. മുഹമ്മദ് കുഞ്ഞി എന്നിവരാണ് പട്ടികയിലെ പുതുമുഖങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.