അമ്യൂസ്മെന്റ് പാർക്ക്: മൂന്നാർ സഹകരണ ബാങ്ക് കോടതിയിൽ
text_fieldsമൂന്നാർ: റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറിക്കെതിരെ മൂന്നാർ സഹകരണ ബാങ്ക് കോടതിയിൽ. പഴയ മൂന്നാർ ഹൈഡൽ ഉദ്യാനത്തിൽ അമ്യൂസ്മെന്റ് പാർക്ക് സ്ഥാപിക്കാൻ അനുമതിപത്രം നിഷേധിച്ചതുമായി ബന്ധപ്പെട്ട് ബാങ്കിന്റെ ഭാഗം കേൾക്കണമെന്ന ഹൈകോടതി ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ ഹരജി നൽകിയത്.
ഹൈഡൽ ടൂറിസം സൊസൈറ്റിക്ക് കീഴിൽ പഴയ മൂന്നാറിലുള്ള ഹൈഡൽ ഉദ്യാനമാണ് ടൂറിസം പദ്ധതികൾക്കായി മൂന്നാർ സർവിസ് സഹകരണ ബാങ്ക് 20 വർഷത്തേക്ക് പാട്ടത്തിനെടുത്തത്. വരുമാനത്തിന്റെ 21 മുതൽ 31 ശതമാനം വരെ ഹൈഡൽ ടൂറിസത്തിന് നൽകണമെന്ന വ്യവസ്ഥയിലായിരുന്നു കരാർ. ആകെയുള്ള പതിനേഴര ഏക്കറിൽ നാല് എക്കറാണ് ഇതിനായി വിട്ടുനൽകിയത്.ഇവിടെ എൻ.ഒ.സി വാങ്ങാതെയും നിയമം ലംഘിച്ചും നിർമാണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി മൂന്നാർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ആർ. രാജാറാം ഹൈകോടതിയെ സമീപിച്ചിരുന്നു.
നിർമാണ അനുമതി അപേക്ഷയിൽ ഇരുഭാഗത്തെയും കേട്ട് തീർപ്പാക്കണമെന്ന് കോടതി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, തങ്ങളുടെ ഭാഗം കേൾക്കാതെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എൻ.ഒ.സി അപേക്ഷ നിരസിച്ചതായി ബാങ്ക് പ്രസിഡന്റ് കെ.വി. ശശി, പാർക്ക് സ്പെഷൽ ഓഫിസർ ബേബി പോൾ, ഡയറക്ടർമാരായ എം. ലക്ഷ്മണൻ, പി.കെ. കൃഷ്ണൻ, കെ. മുരുകേശൻ എന്നിവർ പറഞ്ഞു.
ബാങ്കിനോടുള്ള റവന്യൂ വകുപ്പിന്റെ നീതി നിഷേധത്തിനെതിരെ ബാങ്ക് സഹകാരികളെ അണിനിരത്തി പാർക്കിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുമെന്നും ഇതിനായി അമ്യൂസ്മെന്റ് പാർക്ക് സംരക്ഷണസമിതി രൂപവത്കരിച്ചതായും ശശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.