വിഴിഞ്ഞത്ത് വയോധികയുടെ കൊലപാതകം: പ്രതികൾ 14 കാരിയെ കൊന്നെന്നും കുറ്റസമ്മതം
text_fieldsവിഴിഞ്ഞം (തിരുവനന്തപുരം): മുല്ലൂരിൽ വയോധികയെ കൊലപ്പെടുത്തി ആഭരണം കവർന്ന കേസിൽ പിടിയിലായ മാതാവും മകനും ഒരു വർഷം മുമ്പ് നടന്ന മറ്റൊരു കൊലപാതകക്കേസിലും പ്രതികളാണെന്ന് കണ്ടെത്തൽ. മുട്ടയ്ക്കാട് ചിറയിൽ ചരുവിള പുത്തൻവീട്ടിൽ ആനന്ദൻ ചെട്ടിയാരുടെയും ഗീതയുടെയും വളർത്തുമകളായ ഗീതുവിന്റെ (14) മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. മാതാവും മകനും കൂടിയാണ് കുട്ടിയെ കൊലപ്പെടുത്തിയെതെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
വിഴിഞ്ഞം മുല്ലൂർ സ്വദേശിയും വയോധികയുമായ ശാന്തകുമാരി (71) യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്ത റഫീഖബീവി (50), മകൻ ഷഫീഖ് (23), മകന്റെ സുഹൃത്ത് അൽ അമീൻ (26) എന്നിവരെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഗീതുവിന്റെ കൊലപാതകത്തിലെ പങ്കും പുറത്തുവന്നത്. ഗീതുവിനെയും ചുറ്റികക്ക് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച മുല്ലൂരിലെ വയോധികയെ കൊലപ്പെടുത്തുന്നതിന് ഒരാഴ്ച മുമ്പ് മകനുമായി വഴക്കുകൂടിയ വേളയിൽ 'ഇവൻ കാരണമാണ് ഒരു പെൺകുട്ടി മരിച്ച'തെന്ന് റഫീഖ വിളിച്ചുപറഞ്ഞത് മുല്ലൂരിലെ വീട്ടുടമയുടെ മകൻ കേൾക്കാനിടയായിരുന്നു. കഴിഞ്ഞ ദിവസം കൊലക്കേസ് അന്വേഷിക്കാനെത്തിയ വിഴിഞ്ഞം പൊലീസിനോട് യുവാവ് സംഭവം പറഞ്ഞതാണ് കേസിൽ വഴിത്തിരിവായത്.
മുല്ലൂരിൽ താമസത്തിന് വരുന്നതിനുമുമ്പ് നാലുവർഷത്തോളം റഫീഖയും മകൻ ഷഫീഖും കൊല്ലപ്പെട്ട ഗീതുവിന്റെ വീടിനടുത്ത് വാടകക്ക് താമസിച്ചിരുന്നു. ഗീതുവിന്റെ രക്ഷാകർത്താക്കൾ തൊഴിലിന് പോകുന്ന സമയങ്ങളിൽ ഷഫീഖ് വീട്ടിലെത്തി കുട്ടിയെ ബലാത്സംഗം ചെയ്തതായും പൊലീസ് പറഞ്ഞു.
ഓൺലൈൻ ക്ലാസിനിടെ, ഫോൺവിളിച്ച് ശല്യപ്പെടുത്തിയിരുന്നത് ഗീതു വിലക്കിയതും ബലാത്സംഗ വിവരം പുറത്തുപറയുമെന്ന ഭീതിയും കൊലപാതകത്തിലേക്ക് നയിച്ചു. സംഭവദിവസം ഉച്ചയോടെ, വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് ഷഫീഖ് ഗീതുവിന്റെ അടുത്തെത്തി വഴക്കുണ്ടാക്കി.
ബഹളം കേട്ട് റഫീഖയും അവിടെയെത്തി. ഗീതു റഫീഖയെയും ശകാരിച്ചു. ഇതിൽ പ്രകോപിതയായ റഫീഖ ഗീതുവിനെ മുടിപിടിച്ച് തലചുമരിൽ ഇടിച്ചു. ഇതിനിടെ, വീട്ടിൽ പോയി ചുറ്റികയുമായി തിരികെയെത്തിയ ഷഫീഖ് ഗീതുവിന്റെ തലയുടെ പിറകിൽ ശക്തിയായി അടിക്കുകയും ഗീതു കട്ടിലിൽ കുഴഞ്ഞുവീഴുകയും ചെയ്തതായാണ് പ്രതികൾ മൊഴി നൽകിയതെന്ന് പൊലീസ് പറഞ്ഞു.
വൈകീട്ട് വീട്ടിലെത്തിയ രക്ഷാകർത്താക്കൾ അവശ നിലയിൽ കണ്ട പെൺകുട്ടിയെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് പ്രതികളായ റഫീഖയും ഷഫീഖും സജീവമായി രംഗത്തുണ്ടായിരുന്നു.
15ന് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ തലയുടെ മധ്യഭാഗത്ത് കനമുള്ള വസ്തുകൊണ്ടുള്ള അടിയും തലയുടെ പിൻഭാഗത്ത് ക്ഷതമേറ്റതിന്റെ മൂന്ന് പാടുകളുള്ളതായും തെളിഞ്ഞു. ഇതിനെ തുടർന്ന് തലച്ചോറിനുള്ളിലുണ്ടായ അമിത രക്തസ്രാവമാണ് മരണത്തിന് കാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
കോവളം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്തിയിരുന്നില്ല. ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലം മാറി പോയതോടെ അന്വേഷണം വഴിമുട്ടുകയും ചെയ്തു. ഈ കേസിനാണ് വിഴിഞ്ഞം പൊലീസ് എസ്.എച്ച്.ഒ പ്രജീഷ് ശശിയുടെ ചോദ്യം ചെയ്യലിനിടെ, പ്രതികളുടെ കുറ്റസമ്മതത്തോടെ ജീവൻ വെച്ചത്.
റഫീഖയും ഷഫീഖും കുറ്റം സമ്മതിച്ചതിനാൽ ഇവരുടെ മൊഴിയുൾപ്പെട്ട രേഖകൾ കോവളം പൊലീസിന് കൈമാറും. തുടർന്ന്, പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും ഫോർട്ട് അസി. കമീഷണർ എസ്. ഷാജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.