ബസിന് പുറകിൽ ആംബുലൻസ് ഇടിച്ചു; ചികിത്സക്ക് കൊണ്ടുപോയ നവജാത ശിശു മരിച്ചു
text_fieldsമുളങ്കുന്നത്തുകാവ്: വെളപ്പായ റോഡിൽ കെ.എസ്.ആർ.ടി.സി ബസിന് പുറകിൽ ഇടിച്ച് ആംബുലൻസിൽ ചികിത്സക്ക് കൊണ്ടുപോയ നവജാത ശിശു മരിച്ചു. മംഗലം സ്വദേശി ഷെഫീഖ്-അൻഷിത ദമ്പതികളുടെ ഒരു മാസം പ്രായമായ ഇരട്ട കുട്ടികളിലെ ആൺകുഞ്ഞാണ് മരിച്ചത്.
മറ്റേ കുട്ടി ഗുരുതര പരിക്കേറ്റ് ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വടക്കാഞ്ചേരി ഓട്ടുപാറ ഡോക്ടേഴ്സ് മെഡിക്കൽ സെന്ററിന്റെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഷെഫീഖിന്‍റെ മാതാവ് സൈനബയെ ജൂബിലി മിഷൻ ആശുപത്രിയിലും ആംബുലൻസ് ഡ്രൈവർ എങ്കക്കാട് സ്വദേശി നൗഷാദിനെ തൊളെല്ല് ഒടിഞ്ഞ നിലയിൽ തൃശൂർ ദയ ആശുപത്രിയിലും പ്രവേശിപ്പിച്ചു
വെളപ്പായ റോഡിൽ ബുധനാഴ്ച രാത്രി എട്ടോടെയാണ് അപകടമുണ്ടായത്. കെ.എസ്.ആർ.ടി.സി ബസിനു മുന്നിൽ തെന്നിവീണ ബൈക്ക് യാത്രികനെ രക്ഷിക്കാനായി ബസ് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടർന്നാണ്, തൊട്ടു പുറകിൽ കുഞ്ഞുങ്ങളുമായി വന്നിരുന്ന ആംബുലൻസ് ചെന്നിടിച്ചത്. ശക്തമായ ഇടിയിലാണ് കുഞ്ഞിനും മറ്റുള്ളവർക്കും പരിക്കേറ്റത്. കുഞ്ഞിന്‍റെ തല ശക്തമായി ഇടിച്ചതിനാൽ ആശുപത്രിയിലെത്തും മുമ്പേ മരിച്ചിരുന്നു.
കഫക്കെട്ട് കൂടി ഗുരുതരാവസ്ഥയിലായ കുഞ്ഞുങ്ങളെ ചികിത്സയിലിരുന്ന ഓട്ടുപാറ ഡോക്ടേഴ്സ് മെഡിക്കൽ സെന്ററിൽനിന്ന് ജൂബിലി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. പരിക്കേറ്റവരെ ഉടൻ തൊട്ടടുത്ത ആശുപത്രികളിലെത്തിച്ചു. അപകടത്തെ തുടർന്ന് വാഹനങ്ങൾ നടുറോഡിൽ കിടന്നതിനാൽ തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിലെ വെളപ്പായയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.