പുൽമേടും പൂന്തോപ്പുമൊക്കെയായി ഒരു അംഗൻവാടി
text_fieldsചങ്ങരംകുളം: കുരുന്നുകളെ മാടിവിളിക്കുന്ന പച്ചപുൽമേടും പൂന്തോട്ടവും കളിക്കോപ്പുകളുമെല്ലാം ഒരുക്കി താലൂക്കിലെ ആദ്യ മാതൃക അംഗൻവാടി ഉദ്ഘാടനം ചെയ്തു. ആലങ്കോട് ഗ്രാമപഞ്ചായത്തിലെ ചിയ്യാനൂർ കോട്ടയിലെ അംഗൻവാടിയാണ് മാതൃക അംഗൻവാടിയായി മാറ്റിയത്. മുറ്റം മുഴുവൻ പച്ച പുൽ പിടിപ്പിച്ച് മനോഹരമാക്കി ചുറ്റിലും പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്. പുറം കാഴ്ചക്ക് തടസ്സം വരാതിരിക്കാൻ മതിലും ഇരുമ്പ് ഗ്രില്ലും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് യഥേഷ്ടം ഓടികളിക്കുവാൻ കളി സ്ഥലവും, വിവിധ വർണങ്ങളിലെ കളിയുപകരണങ്ങളും ഇവിടെയുണ്ട്. ക്ലാസ് മുറികളിൽ ശിശു സൗഹൃദ കസേരയും ടേബിളും ഒരുക്കിയിട്ടുണ്ട്.
കോട്ടയിൽ പി. ലീലാ മേനോൻ സൗജന്യമായി വിട്ടുനൽകിയ സ്ഥലത്തുള്ള പതിറ്റാണ്ട് പഴക്കമുള്ള കോട്ടയിൽ അംഗൻവാടി ആലങ്കോട് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്തുലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. നവീകരിച്ച കെട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഷഹീർ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അധ്യക്ഷൻ ശരീഫ് പള്ളിക്കന്ന് ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു. ചിയ്യാനൂർ എട്ടാം വാർഡ് അംഗം അബ്ദുൽ മജീദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ശ്രീമതി ആരിഫ നാസർ മുഖ്യാതിഥി ആയി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സി.കെ. പ്രകാശൻ, ബ്ലോക്ക് അംഗം രാംദാസ് മാസ്റ്റർ, അംഗങ്ങളായ ശശി പുക്കേപുറത്ത്, വിനിത, ചന്ദ്രമതി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.