Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടകരയിൽ വർഗീയത...

വടകരയിൽ വർഗീയത ജയിക്കില്ല; സി.പി.എമ്മിന്‍റേത് പരാജയത്തിന് വർഗീയ വ്യാഖ്യാനം നൽകി രക്ഷപ്പെടാനുള്ള ശ്രമം -കെ.കെ. രമ

text_fields
bookmark_border
വടകരയിൽ വർഗീയത ജയിക്കില്ല; സി.പി.എമ്മിന്‍റേത് പരാജയത്തിന് വർഗീയ വ്യാഖ്യാനം നൽകി രക്ഷപ്പെടാനുള്ള ശ്രമം -കെ.കെ. രമ
cancel

കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് തോൽവി മുന്നിൽകാണുന്ന സി.പി.എം അതിന് വർഗീയ വ്യാഖ്യാനം നൽകി രക്ഷപ്പെടാനുള്ള ശ്രമത്തിലാണെന്ന് കെ.കെ. രമ എം.എൽ.എ. നാടിന്റെ ഭാവിയിലെ സ്വൈര്യജീവിതത്തിനുമേൽ കോരിയിടാൻ പോകുന്ന തീക്കനലുകളെക്കുറിച്ച് ആ പാർട്ടിയിലെ പരിണിതപ്രജ്ഞരായ നേതാക്കൾക്ക് പോലും ഒരാശങ്കയുമില്ല എന്നത് അങ്ങേയറ്റം ഭയാനകമായ ഒരു കാര്യമാണെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഷാഫി പറമ്പിലിന്റെ സ്ഥാനാർഥിത്വത്തിന് സാമുദായിക നിറം നൽകി വ്യാഖ്യാനിച്ച സി.പി.എം പ്രചാരണത്തിന്റെ അവസാന ലാപ്പിൽ അദ്ദേഹത്തിന്റെ മതനിരപേക്ഷ ജീവിതത്തിനുമേൽ കടുത്ത വർഗീയ ചാപ്പ കുത്തുന്നത് നമ്മൾ കണ്ടതാണ്. നാട് കത്തിച്ചു കളയാൻ ശേഷിയുള്ള ഒരു കുടിലതയും ഈ നാട് വെച്ച് വാഴിക്കില്ല. തെരഞ്ഞെടുപ്പിലെ ജയവും തോൽവിയും ജനം തീരുമാനിച്ചു കഴിഞ്ഞു. പക്ഷേ വർഗീയതയുടെ മുമ്പിൽ വടകര തോൽക്കില്ലെന്നും വടകരയുടെ പ്രബുദ്ധ ജനതക്കു മുമ്പിൽ വർഗീയത ജയിക്കില്ലെന്നും രമ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം;

"തെരഞ്ഞെടുപ്പിൽ ആരും ജയിക്കട്ടെ...ജയിക്കരുത് വടകരയിൽ വർഗീയത"

വടകരയിലെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കവേ, ഷാഫി പറമ്പിലിന്റെ സ്ഥാനാർത്ഥിത്വത്തിന് സാമുദായിക നിറം നൽകി വ്യാഖ്യാനിച്ച സിപിഎം പ്രചാരണത്തിന്റെ അവസാന ലാപ്പിൽ അദ്ദേഹത്തിന്റെ മതനിരപേക്ഷ ജീവിതത്തിനുമേൽ കടുത്ത വർഗീയ ചാപ്പ തന്നെ കുത്തുന്ന കാഴ്ചയും നാം കണ്ടു. തെരഞ്ഞെടുപ്പ് തന്ത്രം എന്നുള്ള നിലയിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അവർ അത് നിർത്തുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ തങ്ങളുടെ പരാജയം മുൻകൂട്ടി കാണുന്ന സിപിഎം ആ പരാജയത്തെയും വർഗീയ വ്യാഖ്യാനം നൽകി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. പക്ഷേ അതിൽ നാടിന്റെ ഭാവിയിലെ സ്വൈര്യജീവിതത്തിനു മേൽ കോരിയിടാൻ പോകുന്ന തീക്കനലുകളെക്കുറിച്ച് ആ പാർട്ടിയിലെ പരിണിതപ്രജ്ഞരായ നേതാക്കൾക്ക് പോലും ഒരാശങ്കയുമില്ല എന്നത് അങ്ങേയറ്റം ഭയാനകമായ ഒരു കാര്യമാണ്.

രണ്ട് ക്യാമ്പയിനുകളിലൂടെയാണ് തങ്ങളുടെ എതിർ സ്ഥാനാർത്ഥിയെയും യുഡിഎഫിനെയും കടന്നാക്രമിക്കാൻ സിപിഎം ശ്രമിച്ചത്. അതിലൊന്ന് ഇനിയും തെളിയിക്കാൻ സാധിക്കാത്ത പോൺ കഥയാണ് . യാതൊരു ഉത്തരവാദിത്വവുമില്ലാതെ ഈ കഥയുടെ ഭാരവും ബാധ്യതയും സ്ഥാനാർത്ഥി തന്നെ നേരിട്ട് എതിർ സ്ഥാനാർഥിയുടെ തലയിൽ കെട്ടിവെക്കുന്ന കാഴ്ച നാം കണ്ടു.

എന്നാൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വാക്കുകൾ വിശ്വാസത്തിലെടുത്തുകൊണ്ട് തുറന്ന അന്വേഷണത്തെ സ്വാഗതം ചെയ്യുകയായിരുന്നു യുഡിഎഫും ആർ.എം.പി.ഐയും.

രണ്ടാമത്തേതാണ് ഈ വർഗീയ വ്യാഖ്യാനം. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ മുസ്ലിം ലീഗിന്റെയും മുസ്ലിം ചെറുപ്പക്കാരുടെയും ഊർജ്ജസ്വലമായ സാന്നിധ്യവും ഷാഫി എന്ന പേരുമാണ് സിപിഎമ്മിനെ വിറളി പിടിപ്പിക്കുന്നതെങ്കിൽ പിന്നെ നിങ്ങളിൽ നിന്ന് വർഗീയവാദിയിലേക്ക് ഒരിഞ്ച് ദൂരം പോലും ബാക്കിയില്ലെന്ന് സ്വയം മനസ്സിലാക്കുന്നത് നന്നായിരിക്കും.

രണ്ടു തവണ മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞതവണ കെ മുരളീധരനും വടകരയിൽ മത്സരിക്കാൻ എത്തുമ്പോൾ അവരെ നെഞ്ചേറ്റെടുക്കാനും വിജയിപ്പിക്കാനും മുന്നണിയിൽ തന്നെയുണ്ടായിരുന്നു മുസ്ലിം ലീഗ്. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു മുസ്ലിം ലീഗ്. യുഡിഎഫിലെ പ്രബലമായ ഒരു ഘടകകക്ഷിയും മലബാറിന്റെ രാഷ്ട്രീയ മണ്ഡലത്തിലെ നിറസാന്നിധ്യവുമായ മുസ്ലിം ലീഗിൻറെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ സാന്നിധ്യം ഷാഫി എന്ന പേരുകാരന് വേണ്ടിയാകുമ്പോൾ അത് മുസ്ലിം തീവ്രവാദവും വർഗീയതയും ആണെന്ന് വ്യാഖ്യാനിച്ച് നിങ്ങൾക്ക് സായൂജ്യമടയാം എന്നല്ലാതെ നിങ്ങളുടെ മറ്റെല്ലാ കുടിലതന്ത്രങ്ങളെയും പോലെ വടകര അത് തള്ളിക്കളയുക തന്നെ ചെയ്യും.

കാരണം നിങ്ങൾക്ക് ഒരു ചരിത്രമുണ്ടല്ലോ? ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊല്ലാൻ കൊട്ടേഷൻ സംഘത്തെ അയച്ച നിങ്ങൾ ഇന്നോവയുടെ മുകളിൽ മാഷാ അള്ളാ എന്ന സ്റ്റിക്കർ എഴുതി ഒട്ടിച്ചു. മുസ്ലിം തീവ്രവാദി ആക്രമണം ആണെന്ന് കൈരളി ചാനൽ ഫ്ലാഷ് ന്യൂസ് നൽകി. വിദ്യാഭ്യാസവും സംസ്കാരവും പാരമ്പര്യത്തിലെ മതേതര ബോധവും കൊണ്ട് ഈ നാട് മറക്കാൻ ശ്രമിക്കുന്ന വർഗീയ ധ്രുവീകരണത്തിന്റെ ഉണങ്ങിയ മുറിവുകളിൽ നിന്നും ചോര വാർന്ന് ടിപി ചന്ദ്രശേഖരന്റെ പേരിൽ ഒരു വർഗീയ കലാപം നാട്ടിൽ രൂപം കൊള്ളുന്നതും അതുവഴി നിങ്ങളുടെ കൊട്ടേഷൻ സംഘത്തെ രക്ഷിച്ചെടുത്തു ചന്ദ്രശേഖരന്റെ ചോരക്കറ നിങ്ങളുടെ നേതൃത്വത്തിൻ്റെ കയ്യിൽ നിന്ന് കഴുകിക്കളയാം എന്നുമായിരുന്നു നിങ്ങളുടെ കണക്കുകൂട്ടൽ. ആ കുടിലതന്ത്രത്തിന്റെ പുതുക്കിയ പതിപ്പാണിതെന്ന് എല്ലാവർക്കും മനസ്സിലാകുന്നുണ്ട്.

സിപിഎം അനുകൂലികളായ സാംസ്കാരിക പ്രവർത്തകരും നവമാധ്യമ എഴുത്തുകാരും ഈ ആശയം വെച്ച് എത്ര പെട്ടെന്നാണ് ആശങ്കാസാഹിത്യവുമായി രംഗത്തെത്തിയത്?

പക്ഷേ നാട് കത്തിച്ചു കളയാൻ ശേഷിയുള്ള ഒരു കുടിലതയും ഈ നാട് വെച്ച് വാഴിക്കില്ല. തെരഞ്ഞെടുപ്പിലെ ജയവും തോൽവിയും ജനം തീരുമാനിച്ചു കഴിഞ്ഞു. പക്ഷേ വർഗീയതയുടെ മുൻപിൽ വടകര തോൽക്കില്ല. വടകരയുടെ പ്രബുദ്ധ ജനതയ്ക്ക് മുമ്പിൽ വർഗീയത ജയിക്കുകയുമില്ല.

കെ.കെ. രമ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shafi ParambilKK RemaLok Sabha Elections 2024Vadakara seat
News Summary - An attempt to escape by giving a communal interpretation to the failure of the CPM - K.K. Rama
Next Story