കാര്യക്ഷമമായ വിജിലൻസ് വിഭാഗം ശബരിമലയിൽ അനിവാര്യം -ഹൈകോടതി
text_fieldsകൊച്ചി: നല്ലരീതിയിൽ പ്രവർത്തിക്കുന്ന വിജിലൻസ് വിഭാഗം ശബരിമലയിൽ അനിവാര്യമെന്ന് ഹൈകോടതി. ശബരിമലയിൽ വിജിലൻസ് വിഭാഗം വേണ്ടെന്ന നിലപാട് സർക്കാറിനും ദേവസ്വം ബോർഡിനുമുണ്ടെങ്കിൽ അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ശബരിമലയിലെ ഗെസ്റ്റ് ഹൗസിൽ താമസിക്കാനെത്തുന്ന പ്രമുഖരുടെ പേരിൽ വ്യാജ ഭക്ഷണ ബില്ലുകളടക്കം തയാറാക്കി പണം തട്ടുന്നത് സംബന്ധിച്ച് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയ സ്വീകരിച്ച ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.
വ്യാജ ബില്ലുകൾ ഉപയോഗിച്ച് പണം തട്ടാനുള്ള നീക്കം വിജിലൻസ് നേരത്തേ കണ്ടെത്തിയിരുന്നു. എന്നാൽ, ഇതിനു തൊട്ടുപിന്നാലെ വിജിലൻസിലുണ്ടായിരുന്ന രണ്ട് എസ്.ഐമാരെ പൊലീസിലേക്ക് തിരിച്ചയക്കുകയാണുണ്ടായത്. ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞതോടെ ജനുവരി 21നാണ് ഇവരെ തിരിച്ചയച്ചതെങ്കിലും ഇക്കാര്യം കോടതിയെ അറിയിക്കാതിരുന്ന സർക്കാറിന്റെയും ദേവസ്വം ബോർഡിന്റെയും നടപടിയെ ഡിവിഷൻ ബെഞ്ച് വിമർശിച്ചു. ഇവരെ മടക്കിയയച്ചത് ന്യായീകരിക്കാൻ കഴിയില്ലെന്നും മതിയായ ഉദ്യോഗസ്ഥരില്ലാതെ വിജിലൻസ് വിഭാഗം പ്രവർത്തിക്കുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു.
ദേവസ്വം ബോർഡിന്റെ ശിപാർശയില്ലാത്തതിനാലാണ് ഇവരെ ഡെപ്യൂട്ടേഷൻ കഴിഞ്ഞ മുറക്ക് തിരികെ വിളിച്ചതെന്ന് സർക്കാർ വിശദീകരിച്ചെങ്കിലും വാദം തെറ്റാണെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. ഇക്കാര്യത്തിൽ സർക്കാറിനോട് വിശദീകരണം തേടിയ കോടതി, കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. തിങ്കളാഴ്ചവരെ സമയം അനുവദിക്കണമെന്ന സർക്കാർ ആവശ്യം കോടതി നിരസിച്ചു. സംഭവത്തിൽ ശബരിമല സ്പെഷൽ കമീഷണറും റിപ്പോർട്ട് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.