കുഞ്ഞൂഞ്ഞും മാണി സാറുമില്ലാത്ത തെരഞ്ഞെടുപ്പ്
text_fieldsകോട്ടയം: പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞും പാലാക്കാരുടെ മാണി സാറുമില്ലാത്ത ലോക്സഭ തെരഞ്ഞെടുപ്പിനാണ് കേരളം ഇക്കുറി സാക്ഷ്യംവഹിക്കുന്നത്. അരനൂറ്റാണ്ടിലേറെ തെരഞ്ഞെടുപ്പുകളുടെ ചുക്കാൻപിടിക്കുകയും തന്ത്രങ്ങൾ മെനയുകയും ചെയ്ത രാഷ്ട്രീയ ചാണക്യന്മാരായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻമന്ത്രി കെ.എം. മാണിയും.
ഇവരുടെ നഷ്ടം യു.ഡി.എഫിന്റെ പ്രവർത്തനങ്ങൾക്ക് തീരാനഷ്ടമാണ്. കഴിഞ്ഞ ജൂലൈയിലാണ് ഉമ്മൻ ചാണ്ടിയും അഞ്ചുവർഷം മുമ്പ് ഏപ്രിൽ ഒമ്പതിന് കെ.എം. മാണിയും വിടവാങ്ങിയത്.
രണ്ടുതവണ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി നിയമസഭയിലേക്കാണ് മത്സരിച്ചിട്ടുള്ളതെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പുകളിൽ പലപ്പോഴും ചുക്കാൻ പിടിച്ചിരുന്നു. കേരളത്തിൽ മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചുമതല ഏറ്റെടുക്കുകയും ചെയ്തിരുന്നു. 13 തവണ ഒരേ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രത്യേകതക്ക് അർഹനായ ഉമ്മൻ ചാണ്ടിയുടെ തന്ത്രങ്ങൾ പല ലോക്സഭ തെരഞ്ഞെടുപ്പിനും യു.ഡി.എഫിന് ഗുണം ചെയ്തിരുന്നു.
കഴിഞ്ഞ ജൂലൈയിൽ ഉമ്മൻ ചാണ്ടി 79ാം വയസ്സിൽ മരിച്ചശേഷം പുതുപ്പള്ളിയിൽ നടന്ന ഉപതെരഞ്ഞെടുപ്പായിരുന്നു അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ നടന്ന തെരഞ്ഞെടുപ്പ്. മകൻ ചാണ്ടി ഉമ്മൻ വലിയ ഭൂരിപക്ഷത്തിൽ ജയിച്ചു. ഉമ്മൻ ചാണ്ടിയുടെ കുടുംബം പ്രചാരണരംഗത്ത് സജീവമാണ്. ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി, അച്ചു, മറിയം എന്നിവരെല്ലാം യു.ഡി.എഫ് സ്ഥാനാർഥികൾക്കായുള്ള പ്രചാരണത്തിനുണ്ട്.
ഇരുമുന്നണികളിലും പ്രവർത്തിച്ച ചരിത്രമുള്ള കെ.എം. മാണിയുടെ വിയോഗവും മുന്നണികളുടെ പ്രചാരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടുതൽ കാലവും യു.ഡി.എഫിന്റെ ഭാഗമായിരുന്ന കെ.എം. മാണിയുടെ തന്ത്രങ്ങളായിരുന്നു പലപ്പോഴും കേരള കോൺഗ്രസിനും മുന്നണിക്കും വിജയം സമ്മാനിച്ചത്. പാലായിൽ അജയ്യനായി തുടർന്ന കെ.എം. മാണി എല്ലാവർക്കും മാണി സാറായിരുന്നു.
മരണംവരെയും രാഷ്ട്രീയത്തിൽ സജീവമായിരുന്ന മാണി കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ലഭിച്ച ഏക സീറ്റിലെ സ്ഥാനാർഥിയെയും പ്രഖ്യാപിച്ചശേഷമാണ് വിടചൊല്ലിയത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളിലും അദ്ദേഹം പ്രതികരിച്ചിരുന്നു.
ഒടുവിൽ, തോമസ് ചാഴികാടനെ കോട്ടയം ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥിയായി അദ്ദേഹം പ്രഖ്യാപിച്ചെങ്കിലും പ്രചാരണത്തിനിറങ്ങാനായില്ല. ന്യുമോണിയ ബാധിച്ച് 2019 മാർച്ച് 21ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഏപ്രിൽ ഒമ്പതിന് അന്തരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.