പൾസർ സുനിയുടെ ക്രൂരകൃത്യം കാണാൻ ദിലീപ് ക്ഷണിച്ചു -നടിയെ ആക്രമിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദിലീപിന്‍റെ സുഹൃത്ത്
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസില്‍പ്രതിയായ നടന്‍ ദിലീപിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകനും നടന്‍റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്രകുമാര്‍. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് താന്‍ പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞു. തന്നെ ആലുവ ജയിലിലേക്ക് വിളിപ്പിച്ച് ഇതുസംബന്ധിച്ച് ഒന്നും വെളിപ്പെടുത്തരുതെന്ന് ദിലീപ് ആവശ്യപ്പെട്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
കാവ്യയും തന്നെ ഇക്കാര്യം പറഞ്ഞ് നിരവധി തവണ വിളിച്ചിരുന്നു. ദിലീപും പൾസർ സുനിയും തമ്മിൽ ബന്ധമുണ്ടെന്നറിഞ്ഞാൽ ജാമ്യം ലഭിക്കില്ലെന്നാണ് ദിലീപും കുടുബാംഗങ്ങളും തന്നോട് പറഞ്ഞത്. ജയിലിലിൽ കിടന്ന ദിലീപിന് വി.ഐ.പി പരിഗണനയാണ് ലഭിച്ചിരുന്നത്. താനത് നേരിട്ട് കണ്ടതാണ്. സൂപ്രണ്ടിന്‍റെ മുറിയിൽ വെച്ചാണ് താനും ദിലീപും തമ്മിൽ കൂടിക്കാഴ്ച നടത്തിയതെന്നും ബാലചന്ദ്രകുമാർ പറയുന്നു.
ദിലീപിന് ജാമ്യം ലഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയിരുന്നു. ഒരു വി.ഐ.പിയാണ് ഇതെത്തിച്ചത്. വിഡിയോയിലെ ശബ്ദത്തിന് വ്യക്തതയില്ലാത്തിനാല്‍ ലാല്‍ മീഡിയയില്‍ കൊണ്ട് പോയി ഓഡിയോക്ക് വ്യക്തത വരുത്തി. ദിലീപും സുഹൃത്തുക്കളും ഒരുമിച്ചാണ് ഈ ദൃശ്യങ്ങള്‍ കണ്ടത്. 'പൾസർ സുനിയുടെ ക്രൂരകൃത്യങ്ങള്‍' കാണാൻ തന്നെയും ദിലീപ് ക്ഷണിച്ചതായും നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണെന്ന് മനസ്സിലായതോടെ താനില്ല എന്ന് പറഞ്ഞ് മാറിയിരിക്കുകയാണ് ഉണ്ടായത് -ബാലചന്ദ്രകുമാർ പറഞ്ഞു.
ദൃശ്യങ്ങള്‍ ദിലീപിന്‍റെ വീട്ടിലെത്തിച്ച എത്തിച്ച വി.ഐ.പിയുടെ പേരറിയില്ല. പക്ഷെ കണ്ടാലറിയാം. ആ വിഡിയോയിലുണ്ടായിരുന്ന വാചകങ്ങള്‍ ഇന്നും ഓർമയുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. കേസിനെക്കുറിച്ച് വെളിപ്പെടുത്താനായി എ.ഡി.ജി.പി സന്ധ്യയെ പലതവണ വിളിച്ചിരുന്നു. എന്നാൽ അവർ ഒരു താൽപര്യവും പ്രകടിപ്പിച്ചില്ലെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി.
അന്വേഷണസംഘത്തിലെ ഉദ്യാഗസ്ഥനായ സുദർശൻ എന്ന പൊലീസുകാരനെ ദിലീപ് നോട്ടമിട്ടിട്ടുണ്ടെന്നും പൾസർ സുനി ജയിലിന് അകത്തായതുകൊണ്ട് മാത്രമാണ് ഇന്നും ജീവിച്ചിരിക്കുന്നതെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ വിവരങ്ങളെല്ലാം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നീതി ലഭിച്ചില്ലെങ്കിൽ ഹൈകോടതിയെ സമീപിക്കുമെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.