സുപ്രീംകോടതിയിൽ നിന്നുണ്ടായത് അത്യപൂർവ വിധി -മഅ്ദനി
text_fieldsശാസ്താംകോട്ട: ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിൽനിന്ന് തനിക്ക് ലഭിച്ചത് അത്യപൂർവ വിധിയാണെന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി. രോഗബാധിതനായ തനിക്ക് ചികിത്സ തേടാൻ നാട്ടിലേക്ക് പോകാനാണ് കോടതിയെ സമീപിച്ചതെങ്കിലും ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി സ്ഥിരമായി നാട്ടിൽ നിൽക്കാനുള്ള ഉത്തരവാണ് ലഭിച്ചത്. ഇത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ മഹത്വം വിളിച്ചോതുന്നെന്നും മഅ്ദനി പറഞ്ഞു. ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച് മൈനാഗപ്പള്ളി അൻവാർശ്ശേരിയിലെത്തിയ മഅ്ദനി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
‘ശക്തമായ കോടതി വിധിയിലൂടെ എനിക്ക് നീതി ലഭിച്ചിരിക്കുന്നു. ഇതിൽ സന്തോഷമുണ്ട്. കേസിൽ ഇടപെടണമെന്ന് താൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. മാനുഷികമായ പരിഗണന ലഭിക്കണമെന്നേ ആവശ്യപ്പെട്ടുള്ളൂ’ -അദ്ദേഹം പറഞ്ഞു. കർണാടകയിലെ ഭരണമാറ്റം ഒരു പരിധിവരെ സഹായകരമായി. സുരക്ഷയൊരുക്കാമെന്ന സംസ്ഥാന സർക്കാർ നിലപാടും സഹായകരമായി. കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, വി.എം. സുധീരൻ, കൊല്ലം ഡി.സി.സി ഭാരവാഹികൾ എന്നിവരുടെ ആത്മാർഥ പരിശ്രമവുമുണ്ടായതായി മഅ്ദനി പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് മഅ്ദനി അൻവാർശ്ശേരിയിലെത്തിയത്. ദഫ്മുട്ടിന്‍റെയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെയാണ് പി.ഡി.പി പ്രവർത്തകരും നാട്ടുകാരും അൻവാർശ്ശേരിയിലെ വിദ്യാർഥികളും മഅ്ദനിയെ ആനയിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ അൻവാർശ്ശേരിയിൽ തടിച്ചുകൂടി. അവരെ അഭിസംബോധന ചെയ്തശേഷം മഅ്ദനി അൻവാർശ്ശേരി മസ്ജിദിൽ പ്രാർഥനക്ക് നേതൃത്വം നൽകി. പിന്നീട്, പള്ളിശ്ശേരിക്കൽ ജുമാമസ്ജിദിലെത്തി മാതാവിന്‍റെ ഖബർസ്ഥാനിൽ പ്രാർഥന നടത്തി. തുടർന്ന്, കുടുംബവീടായ തോട്ടുവാൽ മൻസിലിലെത്തി പിതാവ് അബ്ദുൽ സമദിനെ കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.