താനൂരില്‍ വിദ്യാര്‍ഥി അപകടത്തില്‍ മരിച്ച സംഭവം; സ്കൂൾ ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കി
text_fieldsതാനൂര്‍: മലപ്പുറം താനൂരിൽ സ്കൂൾ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാർഥി വാഹനമിടിച്ച് മരിച്ച സംഭവത്തിൽ സ്കൂൾ വാഹനത്തിന്‍റെ ഫിറ്റ്നസ് റദ്ദാക്കി. സ്കൂൾ വാഹനത്തിലെയും ഗുഡ്സ് ഓട്ടോയിലെയും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. സ്കൂൾ അധികൃതർക്കെതിരെ നടപടിക്ക് കലക്ടറോട് ശിപാർശ ചെയ്യും. കർശന നടപടിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം.
താനൂര്‍ തെയ്യാല പാണ്ടിമുറ്റത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം ഉണ്ടായത്. പാണ്ടിമുറ്റം സ്വദേശി വെളിയത്ത് ഷാഫിയുടെ മകള്‍ ഷഫ്‌ന ഷെറിന്‍ ആണ് മരിച്ചത്. താനൂര്‍ നന്നമ്പ്ര എസ്.എന്‍. യുപി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.സ്കൂൾ ബസിൽ നിന്ന് ഇറങ്ങി വാഹനത്തിനു പിന്നിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ എതിർ ദിശയിൽ നിന്ന് വന്ന ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്കൂൾ ബസിന്‍റെ സുരക്ഷാവീഴ്ച
താനൂർ: പാണ്ടിമുറ്റത്ത് സ്കൂൾ ബസിൽ നിന്നിറങ്ങിയ വിദ്യാർഥിനി ഗുഡ്സ് ഓട്ടോയിടിച്ച് മരിക്കാനിടയായ സംഭവത്തിന് കാരണം മതിയായ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള യാത്ര. കുട്ടികളെ റോഡ് മുറിച്ച് കടത്താനും ശ്രദ്ധിക്കാനുമായി സ്കൂൾ ബസിൽ ആളില്ലാതിരുന്നതാണ് ഒമ്പത് വയസുകാരിയുടെ ദാരുണ മരണത്തിലേക്ക് വഴിയൊരുക്കിയത്. അപകടം നടക്കുന്ന സമയത്ത് ഡ്രൈവർ മാത്രമാണ് ബസിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസിന് പിറകിലൂടെ റോഡ് മുറിച്ച് കടന്ന കുട്ടി വളരെ വേഗം ഓടുന്നതായാണ് പ്രദേശത്തെ സി.സി.ടി.വി കാമറയിലെ ദൃശ്യങ്ങളിൽ കാണുന്നത്.
സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട അധികൃതരുടെ വീഴ്ചയാണ് കുട്ടിയുടെ മരണത്തിൽ കലാശിച്ചതെന്ന് രക്ഷിതാക്കളടക്കമുള്ളവർ ചൂണ്ടിക്കാണിക്കുന്നു. രക്ഷിതാക്കൾ പല തവണ ഇക്കാര്യം ഹെഡ്മാസ്റ്റർ അടക്കമുള്ളവരോട് പറഞ്ഞിരുന്നെങ്കിലും നടപടി സ്വീകരിക്കാൻ തയാറായിരുന്നില്ലെന്നാണറിയുന്നത്. സ്കൂൾ വാഹനങ്ങളിൽ മതിയായ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന സർക്കാർ ചട്ടങ്ങൾ നിലവിലുണ്ടെങ്കിലും അതൊന്നും പാലിക്കാതെയാണ് അപകടത്തിന് കാരണമായ വാഹനം സർവീസ് നടത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.