മലപ്പുറത്ത് കോൺഗ്രസ് സമവാക്യങ്ങൾ മാറുന്നു; ജില്ലയിലെ നേതൃമാറ്റം സൂചിപ്പിക്കുന്നത്...
text_fieldsമലപ്പുറം ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ അരനൂറ്റാണ്ടായി നിലനിന്നിരുന്ന സമവാക്യങ്ങൾ മാറുകയാണെന്നാണ് പാർട്ടിക്കുള്ളിലെ സംഭവവികാസങ്ങൾ നൽകുന്ന സൂചന. 1969ൽ രൂപീകൃതമായത് മുതൽ മലപ്പുറം ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ അവസാന വാക്ക് ആര്യാടൻ മുഹമ്മദാണ്. മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ കേരളത്തിലെ കോൺഗ്രസിനെ സമ്പൂർണമായി വരുതിയിലാക്കിയ 1992ലെ സംഘടന തെരഞ്ഞെടുപ്പിലും മലപ്പുറം ജില്ല എ ഗ്രൂപ്പിന്‍റെ കയ്യിൽ ഭദ്രമായിരുന്നു.
ആര്യാടൻ മുഹമ്മദിന്‍റെ ഹിതമായിരുന്നു കഴിഞ്ഞ അര നൂറ്റാണ്ടിലെ മലപ്പുറം ഡി.സി.സി പ്രസിഡന്‍റുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം. എന്നാൽ, പുതുമുഖമായ വി.എസ്. ജോയ് ഡി.സി.സി പ്രസിഡന്‍റായി കടന്നുവന്നത് ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഗ്രൂപ്പ് സമവാക്യങ്ങളിൽ വമ്പിച്ച മാറ്റങ്ങൾക്ക് കളമൊരുങ്ങുകയാണ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്‍റെ ദയനീയ പരാജയത്തിനുശേഷം രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവും ഉമ്മൻ ചാണ്ടിയോ കെ.സി. ജോസഫോ കെ.പി.സി.സി പ്രസിഡന്‍റും എന്ന ഫോർമുലയുമായി തിരുവനന്തപുരം കവടിയാറിലെ ആര്യാടൻ മുഹമ്മദിന്‍റെ ഫ്ലാറ്റിൽ എ ഗ്രൂപ്പ് യോഗം ചേർന്നിരുന്നു. പ്രവർത്തകരുടെയും തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെയും ശക്തമായ പ്രതിഷേധത്തിനു കാരണമായ ഈ ഗ്രൂപ്പ് നീക്കമാണ് കോൺഗ്രസിൽ പുതിയ അച്ചുതണ്ട് രൂപപ്പെടാൻ ഇടയാക്കിയത്. ഇതോടെയാണ് മലപ്പുറത്തെ എ വിഭാഗം കോൺഗ്രസിലും ഭിന്നത രൂപപ്പെട്ടത്.
കെ.സി. വേണുഗോപാൽ-വി.ഡി. സതീശൻ-കെ. സുധാകരൻ നിരയുടെ സംസ്ഥാനത്തെ മുഖ്യ സംഘാടകരിലൊരാളായ എ.പി. അനിൽ കുമാറിന്‍റെ നേതൃത്വത്തിൽ എ ഗ്രൂപ്പിലെ വലിയ വിഭാഗം നടത്തിയ നീക്കത്തിന്‍റെ വിജയമായിരുന്നുവി.എസ്. ജോയിയുടെ സ്ഥാനാരോഹണം. ഇത് ആര്യാടന്‍റെ താൽപര്യത്തിന് വിരുദ്ധമായിരുന്നു. വി.എസ്. ജോയ്, ഇ. മുഹമ്മദ് കുഞ്ഞി എന്നിവരുടെ നേതൃത്വത്തിൽ മുൻനിര എ ഗ്രൂപ്പ് നേതാക്കൾ വേറിട്ട ദിശയിലൂടെ നീങ്ങുകയാണിപ്പോൾ. ജില്ലയിലെ പ്രമുഖ നേതാക്കളുടെയും യൂത്ത് കോൺഗ്രസ്, കെ.എസ്.യു, മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്‍റുമാരുടെയും പിന്തുണയും ഈ നീക്കത്തിനുണ്ട്.
കോൺഗ്രസ് അംഗത്വ വിതരണവും പാർട്ടി പുനഃസംഘടനയും അടുത്തെത്തിയതോടെ എ.പി. അനിൽ കുമാർ നേതൃത്വം നൽകുന്ന ഐ വിഭാഗവും ആര്യാടൻ ഷൗക്കത്തിനോടുള്ള എതിർപ്പ് പരസ്യമാക്കി മുന്നോട്ടുവന്ന എ വിഭാഗവും ഒരുമിച്ച് നീങ്ങാൻ ധാരണയായിരിക്കുന്നു. കെ.സി. വേണുഗോപാലിന്‍റെ പിന്തുണ ഈ ഗ്രൂപ്പിനാണ്. ആര്യാടൻ ഷൗക്കത്തും പി.ടി. അജയ് മോഹനും ഒരുമിച്ച് പോകാനുള്ള നീക്കങ്ങളും തകൃതിയായി നടക്കുന്നു. രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരുടെ പിന്തുണ ഇവർക്കൊപ്പമാണ്. പുതിയ ഗ്രൂപ്പ് മാറ്റങ്ങൾ ജില്ലയിലെ താഴേതട്ടിലുള്ള പുനഃസംഘടനയിൽ പ്രതിഫലിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.