മുഖ്യമന്ത്രീ, നിരപരാധിയും രോഗിയുമായൊരു മനുഷ്യൻ ജയിലഴിക്കുള്ളിൽ കഴിയുന്നുണ്ട് -റൈഹാനത്ത് കാപ്പൻ
text_fieldsമലപ്പുറം: നിരപരാധിയായൊരു മലയാളി ഒരു മാസമായി ഉത്തർപ്രദേശിലെ ജയിലഴിക്കുള്ളിൽ കഴിയുകയാണെന്നും അദ്ദേഹത്തെ ആശ്രയിച്ച് ജീവിക്കുന്ന പ്രായമായ മാതാവിെൻറയും തെൻറയും കുഞ്ഞുങ്ങളുടെയും കണ്ണീര് കേരള മുഖമന്ത്രി കാണണമെന്നും യു.പിയിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പെൻറ ഭാര്യ. രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ്. സിദ്ദീഖിെൻറ കാര്യത്തിൽ കേരള സർക്കാറിന് ഒന്നും ചെയ്യാനില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം ഏറെ വേദനയുണ്ടാക്കുന്നു.
നിരപരാധിയുടെ കാര്യത്തിൽ ഇങ്ങനെയല്ല പറയേണ്ടിയിരുന്നത്. നിത്യജീവിതത്തിന് പോലും നിർവാഹമില്ലാതെ ഒരു കുടുംബം പ്രയാസപ്പെടുകയാണെന്നും റൈഹാനത്ത് കണ്ണീരോടെ പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
റൈഹാനത്ത് ഫേസ്ബുക്കിൽ എഴുതുന്നു: 'എൻറെ ഇക്കാ ജയിലഴികൾക്കുള്ളിലായിട്ട് ഒരു മാസം ആവാറായി. നിരാശയും സങ്കടവും എന്നെ തളർത്തുന്നു. സുപ്രിംകോടതിയിൽ ഉറ്റു നോക്കിയിയിരിക്കാണ് എെൻറ മിഴികളും മനസ്സും. വല്ലാത്ത ഒരു അവസ്ഥയിലൂടെയാ ഞാനിപ്പോ കടന്നുപോവുന്നത്. എെൻറ ഇക്കയുടെ അവസ്ഥ എന്താണ്, ഏതൊരാവസ്ഥയിലൂടെ ആണ് അദ്ദേഹം കടന്നുപോവുന്നത്, ഒന്നും അറിയില്ല... ചുറ്റും ഇരുട്ട് മാത്രം. മനസ്സാക്ഷിയുള്ളവർ ഉണർന്നു പ്രവർത്തിക്കണേ. ഒരു നിരപരാധിക്കു വേണ്ടി... പടച്ചവനെ... അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടും വരുത്തല്ലേ. ഓരോ പുലരിയിലും പ്രതീക്ഷയോടെ കാത്തിരിക്കും നല്ലതെന്തെങ്കിലും കേൾക്കുമെന്ന്. അസ്തമയം അടുക്കുമ്പോ ഞാനും അസ്തമിക്കും. അദ്ദേഹം വരും വൈകാതെ. ഇൻഷാ അല്ലാഹ്. നീതിക്ക് വേണ്ടി ഞങ്ങളുടെ കൂടെ ഉണ്ടാവണേ''.
ഒക്ടോബർ നാലിന് അർധരാത്രിയാണ് സിദ്ദീഖ് അവസാനം വീട്ടിലേക്ക് വിളിച്ചതെന്നും പിറ്റേന്ന് വിളിക്കാതെയായപ്പോൾ പ്രമേഹരോഗിയായ ഭർത്താവിന് വല്ല അപകടവും സംഭവിച്ചിട്ടുണ്ടാവുമെന്ന ഭയമായിരുന്നുവെന്നും റൈഹാനത്ത് പറഞ്ഞു. ഹാഥ്റസ് പെൺകുട്ടിയുടെ ദുരന്തവിവരമറിഞ്ഞ് വാർത്തയെടുക്കാൻ പോവുമ്പോഴാണ് നൂറ് ശതമാനം നിരപരാധിയായ സിദ്ദീഖിനെ അറസ്റ്റ് ചെയ്തത്.
ജാമ്യാപേക്ഷയിൽ ഒപ്പിടീക്കാനും ആരോഗ്യവിവരം അറിയാനും ചെന്ന വക്കീലിനെ പൊലീസ് അങ്ങോട്ടും ഇങ്ങോട്ടും നടത്തി തിരിച്ചയക്കുകയായിരുന്നു. കാണാൻ അനുവദിച്ചില്ല. ദയനീയ സ്ഥിതിയിലാണ് കഴിയുന്നതെന്നതാണ് വക്കീൽ നൽകുന്ന വിവരം. കേരള പത്രപ്രവർത്തക യൂനിയൻ കേസുമായി മുന്നോട്ടുപോവുമ്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും എല്ലാവരും കൂടെനിൽക്കണമെന്നും റൈഹാനത്ത് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.