പകരക്കാരനില്ലാത്ത അമരക്കാരൻ
text_fieldsയാക്കോബായ സുറിയാനി സഭയുടെ പകരക്കാരൻ ഇല്ലാത്ത അമരക്കാരൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കിഴക്കിന്റെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ ഭാരതത്തിലെ ക്രൈസ്തവ സഭകളിൽ മാത്രമല്ല ഇതര മതങ്ങൾക്കിടയിലും ശ്രദ്ധേയനായിരുന്നു. വളരെ ചെറുപ്പം മുതലേ ദൈവാശ്രയത്തിൽ ജീവിച്ച് സുറിയാനി ഭാഷാ പഠനത്തിലൂടെ വൈദികവൃത്തിയിലേക്ക് പ്രവേശിച്ച ചെറുവള്ളിൽ തോമസ് അച്ചൻ ദൈവിക പരിപാലനത്തിൽ വളർത്തപ്പെട്ടു. അതുകൊണ്ടുതന്നെ യാക്കോബായ വിശ്വാസികളുടെ വികാരമായി മാറി.
പ്രതിസന്ധിയുടെ നാളുകളിൽ സത്യവിശ്വാസത്തിൽ ദൈവ മക്കളെ നിലനിർത്താനായി സിംഹാസനത്തിന്റെ കീഴിൽ അടിയുറച്ചുനിന്നുകൊണ്ട് വിശ്വാസ പോരാട്ടത്തിലൂടെ ശ്രദ്ധേയനായി മാറിയ വ്യക്തിപ്രഭാവമായിരുന്നു ശ്രേഷ്ഠ ബാവ. ’74 കളിലെ പ്രതിസന്ധിയിൽ സഭയുടെ ശക്തിസ്രോതസ്സായി വിളങ്ങിയിരുന്നത് പെരുമ്പിള്ളി തിരുമേനിയും ചെറുവള്ളി തിരുമേനിയും സഭയുമായിരുന്നു. ശബ്ദ ഗാംഭീര്യത്തിൽ പെരുമ്പിള്ളി തിരുമേനിയും സൗമ്യ സുന്ദരശീലനായ മോർ ദിവന്നാസിയോസും (ബാവ) സഭാമക്കളുടെ ഹൃദയത്തിൽ വിവരിക്കാനാവാത്ത വിധത്തിൽ ആഴ്ന്നിറങ്ങി. കാലത്തിന്റെ കുത്തൊഴുക്കിൽ കോടതിവിധിയിലൂടെ സഭയുടെ ദേവാലയങ്ങൾ നഷ്ടപ്പെട്ടപ്പോൾ എല്ലാ ദേവാലയങ്ങളിലും ഓടിയെത്തി വിശ്വാസികളുടെ വേദനയിൽ അവരിൽ ഒരാളായി മാറി. തൃക്കുന്നത്ത് അടക്കം പ്രശ്നങ്ങൾ നിലനിന്ന പള്ളികളിൽ വിശ്വാസികൾക്കായി മുന്നിൽനിന്ന് പോരാടി. ആലുവ തൃക്കുന്നത്ത്, പഴന്തോട്ടം പള്ളികളിൽ ക്രൂരമായ പൊലീസ് മർദനങ്ങൾക്കിരയായി.
എന്നും അന്ത്യോഖ്യ വിശ്വാസവും വിശ്വാസികളുമായിരുന്നു ബാവയുടെ അടിത്തറ. വിശ്വാസികളെ സമരമുഖത്ത് വിട്ട് ഒരിക്കലും അദ്ദേഹം തനിയെ പോയില്ല. ഇതിന്റെ പേരിൽ നൂറുകണക്കിന് കേസിലാണ് ബാവ പ്രതി ചേർക്കപ്പെട്ടത്. ശൂന്യതയിൽനിന്ന് ഒരു സഭയെ സൃഷ്ടിച്ച കരിസ്മയായിരുന്നു ബാവയുടേത്. ഇന്നത്തെ പാത്രിയാർക്കീസ് ബാവയെ വാഴിക്കാനുള്ള മഹാഭാഗ്യം ലഭിച്ച സഭാതലവൻ ആയിരുന്നു ശ്രേഷ്ഠബാവ. ആരാധനയിലും വിശ്വാസത്തിലും കലർപ്പ് ചേർക്കാൻ ആഗ്രഹിക്കാത്ത വിട്ടുവീഴ്ചയില്ലാത്ത സഭാ പിതാവായിരുന്നു.
രോഗശയ്യയിലും പ്രാർഥനനിരതനായി കഴിഞ്ഞിരുന്ന ബാവ മലങ്കര സുറിയാനി മക്കളെ അഗാധ ദുഃഖത്തിലാഴ്ത്തി കാലയവനികക്കുള്ളിൽ മറഞ്ഞിരിക്കുകയാണ്. കാലം ചെയ്ത പുണ്യ ശ്ലോകനായ ബസേലിയോസ് പൗലോസ് രണ്ടാമൻ ബാവയെപ്പോലെ തന്നെ ശ്രേഷ്ഠ ബാവയും ജനഹൃദയങ്ങളിൽ എന്നും ജീവിക്കുമെന്നതിൽ സംശയമില്ല. മലങ്കരയിലെ ദൈവ മക്കൾ അതീവ ദുഃഖത്തിലായിരിക്കുന്ന ഈ അവസരത്തിൽ സ്വർഗത്തിലെ മാലാഖമാർ അത്യാഘോഷത്തോടെ ബാവയെ എതിരേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ്. സഭാവിശ്വാസികളെ അനാഥരാക്കിയാണ് ബാവയുടെ ഈ യാത്ര. പ്രതിസന്ധിയുടെ കയത്തിൽ മുങ്ങിക്കിടക്കുന്ന സഭാവിശ്വാസികൾക്ക് ഈ നഷ്ടം ഒരിക്കലും നികത്താൻ കഴിയുന്നതല്ല. ബാവയുടെ വിയോഗത്തിൽ അഗാധ ദുഃഖവും വേദനയും അറിയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.