ഒന്നാം നമ്പർ കാറിൽ ക്ലിഫ് ഹൗസിൽനിന്ന് ചരിത്രത്തിലേക്ക് ഒരു സത്യപ്രതിജ്ഞ
text_fieldsതിരുവനന്തപുരം: ക്ലിഫ് ഹൗസിൽനിന്ന് ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യാൻ ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ എത്തുന്നത്. ഭരണത്തുടർച്ച കൊണ്ട് ചരിത്രം കുറിച്ച പിണറായി വിജയെൻറ സത്യപ്രതിജ്ഞ അങ്ങനെ കേരള രാഷ്ട്രീയത്തിൽ അപൂർവചരിത്രം കുറിച്ചു.
അതിഥികളെ ഒാരോരുത്തരെയായി അഭിവാദ്യം ചെയ്ത് സദസ്സിലിരുന്ന അദ്ദേഹം ടി.കെ. രാജീവ്കുമാർ സംവിധാനം ചെയ്ത നവകേരള ഗീതാജ്ഞലി എന്ന സംഗീത ശിൽപം വീക്ഷിച്ചു. ഗവർണർ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുചൊല്ലി പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടർച്ചയായ രണ്ടാംതവണയും സത്യപ്രതിജ്ഞ ചെയ്തപ്പോൾ ചരിത്രത്തിലേക്കുള്ള ചുവടുവെപ്പായി അത്.
സത്യപ്രതിജ്ഞ ചടങ്ങിനുശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറുടെ ചായ സൽകാരം. ഗവർണറുടെ ക്ഷണമനുസരിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടന്ന സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിൽനിന്ന് ഔദ്യോഗിക വാഹനത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനിലേക്ക് തിരിച്ചത്. രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിച്ചു. കുടുംബാംഗങ്ങൾക്കൊപ്പമാണ് മന്ത്രിമാർ എത്തിയത്. ചീഫ് സെക്രട്ടറി വി.പി. ജോയ്, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരും പങ്കെടുത്തു. ശേഷം മന്ത്രിസഭ യോഗത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലേക്ക് തിരിച്ചു.
ഗവർണറുടെ പൂച്ചെണ്ട് മുഖ്യമന്ത്രിക്ക് മാത്രം
ഹർഷാരവത്തോടെയാണ് മന്ത്രിമാരെ സദസ്സ് വരവേറ്റത്. മുഖ്യമന്ത്രിയെ ഗവർണർ പൂച്ചെണ്ട് നൽകി അഭിനന്ദിച്ചു. മറ്റ് മന്ത്രിമാർക്ക് പൂച്ചെണ്ട് നൽകുന്ന പതിവ് രീതി ഇക്കുറി ഉണ്ടായില്ല. എല്ലാവരും മലയാളത്തിലാണ് പ്രതിജ്ഞ ചെയ്തത്.
വൈകീട്ട് രേണ്ടമുക്കാലോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. യേശുദാസ് അടക്കം 52 ഗായകർ അണിനിരന്ന നവകേരള ഗീതാഞ്ജലി വേദിയിൽ സംപ്രേഷണം ചെയ്തു. നടൻ മമ്മൂട്ടി അവതരിപ്പിച്ചു. ഇടത് നേതാക്കളും സാമൂഹിക-സാമുദായിക-സാംസ്കാരികരംഗത്തെ പ്രമുഖരും ചടങ്ങിെനത്തി.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, എ. വിജയരാഘവൻ, ജോസ് കെ. മാണി, പി.സി. ചാക്കോ അടക്കം വേദിയിൽ മുൻനിരയിലുണ്ടായിരുന്നു. കാലാവധി കഴിയുന്ന സഭയിലെ മന്ത്രിമാർ, എം.എൽ.എമാർ, പുതുതായി ജയിച്ചുവന്നവർ, മന്ത്രിമാരുടെ കുടുബാംഗങ്ങൾ, ഉദ്യോഗസ്ഥപ്രമുഖർ തുടങ്ങിയവർ പെങ്കടുത്തു. സംസ്ഥാനചരിത്രത്തിലെ 23ാമത് മന്ത്രിസഭയാണ് പിണറായി വിജയെൻറ നേതൃത്വത്തിൽ ചുമതലയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.