തലശ്ശേരിയിൽ തേങ്ങ പെറുക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു
text_fieldsതലശ്ശേരി: ആൾതാമസമില്ലാത്ത വീട്ടുപറമ്പിൽ മുറ്റത്ത് വീണുകിടന്ന തേങ്ങ പെറുക്കാനെത്തിയ വയോധികൻ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. എരഞ്ഞോളി കുടക്കളം റോഡിൽ പഞ്ചായത്ത് ഓഫിസിന് സമീപം ആയിനിയാട്ട് മീത്തൽ പറമ്പിൽ വീട്ടിൽ വേലായുധനാണ് (85) സ്റ്റീൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടടുത്താണ് നാടിനെ നടുക്കിയ സംഭവം. മുറ്റത്ത് കിടന്നത് സ്റ്റീൽ ബോംബാണെന്നറിയാതെ വീട്ടിലെ ചേരിയിൽ മുട്ടി നോക്കിയപ്പോൾ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. കോൺഗ്രസ് നേതാവായിരുന്ന അന്തരിച്ച കണ്ണോളി വി.എം. മോഹൻദാസും കുടുംബവും താമസിച്ച വീട്ടിന് മുന്നിലായിരുന്നു സ്ഫോടനം. കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറിയതിനാൽ നാലുവർഷത്തോളമായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഈ വീട്ടിന്റെ ഏതാനും വീടുകൾക്കപ്പുറമാണ് മരിച്ച വേലായുധന്റെ വീട്.
സ്ഫോടനശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചത്. ഉടൻ ആംബുലൻസ് വിളിച്ചുവരുത്തി വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും താമസിയാതെ മരിച്ചു. വിവരമറിഞ്ഞയുടൻ പൊലീസ് സംഘം സ്ഥലത്തെത്തി. സ്ഫോടനത്തിൽ വേലായുധന്റെ വലതു കൈ അറ്റുതൂങ്ങിയ നിലയിലാണ്. മുഖത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു. കൂലിപ്പണിക്കാരനായിരുന്നു മരിച്ച വേലായുധൻ. പ്രായാധിക്യം കാരണം ജോലിക്ക് പോകാറില്ല.
അതേസമയം, പൊട്ടിത്തെറിച്ചത് സ്റ്റീൽ ബോംബാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡി.ഐ.ജി തോംസൺ ജോസ് പറഞ്ഞു. ബോംബ് ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ചതോ സൂക്ഷിച്ചതോ ആകാമെന്നും അദ്ദേഹം പറഞ്ഞു.
പരേതയായ ഇന്ദ്രാണിയാണ് വേലായുധന്റെ ഭാര്യ. മക്കൾ: ജ്യോതി, ഹരീഷ്, മല്ലിക. മരുമക്കൾ: പത്മാക്ഷൻ, രാജീവൻ, ഷിൽന. സഹോദരങ്ങൾ: ചന്ദ്രൻ, സുബ്രഹ്മണ്യൻ, രാജൻ, മണിയൻ, കാർത്ത്യായനി. സംസ്കാരം പോസ്റ്റുമോർട്ടത്തിനുശേഷം ബുധനാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.