ആനക്കയം: സ്വകാര്യ ഭൂമിയിലെ ഇലക്ട്രിക്-ലൈൻ മാറ്റിസ്ഥാപിക്കാൻ ചെലവഴിച്ച 7.20 ലക്ഷം രൂപ തിരിച്ചടക്കണമെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : മലപ്പുറം ആനക്കയം ഗ്രാമപഞ്ചായത്തിൽ സ്വകാര്യ ഭൂമിയിലെ ഇലക്ട്രിക്-ലൈൻ മാറ്റി സ്ഥാപിക്കാൻ ചെലവഴിച്ച 7,20,000 രൂപ തിരിച്ചടക്കണമെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. സ്വകാര്യ വ്യക്തികളുടെ ഭൂമിയിലൂടെ കടന്നു പോകുന്ന കെ.എസ്.ഇ.ബി ലൈൻ മാറ്റി സ്ഥാപിക്കുന്നതിന് നിർവഹണ ഉദ്യോഗസ്ഥനായ പഞ്ചായത്ത് മുൻ സെക്രട്ടറി ടി. അബ്ദുൾ ഗഫൂർ ഗുരുതര വീഴ്ച വരുത്തിയെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
സെക്രട്ടറി സർവീസിൽ നിന്ന് വിരമിച്ച സാഹചര്യത്തിൽ സർക്കാർ ഉത്തരവുകൾക്ക് വിരുദ്ധമായി ചിലവഴിച്ച തുകയായ 7,20,000 രൂപ അദ്ദേഹത്തിൽനിന്നും നിയമപരമായി ഈടാക്കി സർക്കാരിലേക്ക് അടവാക്കുന്നതിനുള്ള നടപടികൾ ഭരണവകുപ്പ് സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
2017-18 വർഷത്തെ വാർഷിക പദ്ധതിയിൽ “പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി സ്വകാര്യ ഭൂമിയിലൂടെ മുട്ടിക്കാലം മുതൽ ആനക്കയം സി.ആർ.എസ് വരെ 650 മീറ്റർ കടന്നുപോകുന്ന ഇലക്ട്രിക് ലൈൻ മാറ്റി റോഡ് സൈഡിലേക്ക് സ്ഥാപിക്കലിന് അംഗീകാരം നൽകിയിരുന്നു. പഞ്ചായത്ത് വികസനഫണ്ടിൽ (ജനറൽ) നിന്നും 6,45,000 രൂപയും, ധനകാര്യ കമീഷൻ ഗ്രാന്റ് ഇനത്തിൽ 75,000 രൂപയും ഉൾപ്പെടെ ആകെ 7,20,000 രൂപയാണ് ഈ പദ്ധതി നിർവഹണത്തിനായി കെ.എസ്.ഇ.ബി.യിലേക്ക് ഡെപ്പോസിറ്റ് ചെയ്തത്. 2017-18 ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ചില പദ്ധതികൾ ഒഴിവാക്കിയും, ചില പദ്ധതികൾക്കുള്ള വിഹിതം വെട്ടിക്കുറച്ചുമാണ് ഈ പദ്ധതിക്കുള്ള തുക കണ്ടെത്തി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
ഇത്തരത്തിൽ വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്ന പദ്ധതി പഞ്ചായത്തിന് ഏറ്റെടുക്കാനാകുമോയെന്നതു സംബന്ധിച്ചാണ് പരിശോധന നടത്തിയത്. 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരവും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തയാറാക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ പ്രകാരവും സ്വകാര്യ വ്യക്തികളുടെ ഭൂമിയിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈൻ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തി ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിൽ ഉൾപ്പെടില്ല. എന്നാൽ ഇത് മറികടക്കുന്നതിന് തെരുവ് വിളക്ക് -ഓഫീസ് വൈദ്യുതീകരണം' എന്ന ഉപമേഖലയിലെ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ' എന്ന സൂക്ഷ്മ മേഖലക്ക് കീഴിലുൾപ്പെടുന്ന പദ്ധതിയായാണ് ഈ പ്രവൃത്തി നിർവഹണം നടത്തിയത്.
മുട്ടിപ്പാലം മുതൽ ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം വരെ ഇലക്ട്രിക് ലൈൻ മാറ്റി സ്ഥാപിക്കൽ പദ്ധതി തയാറാക്കുന്നതിന് 2017 മെയ് അഞ്ചിന് ആനക്കയം ഗ്രാമപഞ്ചായത്ത് 14ം വാർഡ് ഗ്രാമസഭ തീരുമാനിച്ചു. ഇക്കാര്യം കെ.എസ്.ഇ.ബി അധികൃതരോട് ആരാഞ്ഞപ്പോൾ പദ്ധതി നടത്തിപ്പിനാവശ്യമായ ഫണ്ട് കെ.എസ്.ഇ.ബി യിൽ ഇല്ലായെന്നും പഞ്ചായത്ത് ഫണ്ട് കണ്ടെത്തുകയാണെങ്കിൽ പദ്ധതി കെ.എസ്.ഇ.ബി. നടപ്പിലാക്കാമെന്ന് അറിയിക്കുകയും ചെയ്തു. പദ്ധതിക്ക് കെ.എസ്.ഇ.ബി 7,20,000 രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി.
തദ്ദേശഭരണ സ്ഥാപനങ്ങൾ വാർഷിക പദ്ധതി തയാറാക്കുന്നതിന മാർഗനിർദ്ദേശങ്ങൾ പ്രകാരം നിഷ്കർഷിക്കുന്ന ഉപമേഖലയിലോ സൂക്ഷ്മ മേഖലയിലോ ഉൾപ്പെടുത്താനാവാത്ത ഈ പ്രവർത്തി നിർവഹിച്ചത് ഭാവിയിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന സെക്രട്ടറിയുടെ വാദം അംഗീകരിക്കാനാവില്ലെന്നാണ് റിപ്പോർട്ട്. തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന പ്രവർത്തിക്കായി ചെലവഴിക്കേണ്ട ഫണ്ട്, സ്വകാര്യവ്യക്തികളുടെ ഭൂമിയിലൂടെ കടന്നു പോകുന്ന ലൈൻ മാറ്റി സ്ഥാപിക്കുന്നതിനായി ചെലവഴിച്ചു. മാർഗ നിർദേശങ്ങൾക്ക് വിരുദ്ധമായിട്ടാണ് തുക ചെലവഴിച്ചത്. അതിനാൽ ഈ വിഷയത്തിൽ നിർവഹണ ഉദ്യോഗസ്ഥന് സംരക്ഷണം നൽകാൻ കഴിയില്ല.
പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളും പരിശോധിച്ചതിൽ 2017 ഒക്ടോബർ 19ന് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാന പ്രകാരമാണ് ഈ പദ്ധതിക്ക് അംഗീകാരം നൽകിയത്. ആനക്കയം കമ്യൂണിറ്റി ഹാളിൽ നടന്ന 14ാം വാർഡിലെ ഗ്രാമസഭാ യോഗത്തിന്റെ മിനുട്ട്സ് പരിശോധിച്ചതിൽ നിരവധി വ്യക്തികളുടെ പേരുകൾ എഴുതിയിരിക്കുന്നത് ഒരേ കൈയെഴുത്തിലാണ്. ഒപ്പുകൾ തമ്മിലും സാദൃശ്യമുണ്ട്. ഇതിന്റെ ആധികാരികത ഉറപ്പുവരുത്താൻ ഗ്രാമസഭാ യോഗത്തിൽ പങ്കെടുത്ത് ഒപ്പ് രേഖപ്പെടുത്തിയ ടി. അബ്ദുൾ ബഷീർ, സമീറ അറക്കൽ, എ. ഷാനിദ്, ഷഹാന എ. ജമീല വട്ടപ്പറമ്പത്ത്, സഫിയ ചുങ്കത്ത് എന്നിവരെ നേരിൽ കണ്ട് വിവരങ്ങൾ തേടി. ഇവരാരും ഗ്രമസഭാ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്ന് രേഖാമൂലം മൊഴി നൽകി. ഗ്രാമസഭയുടെ ക്വാറം തികക്കുന്നതിനു വേണ്ടി ഗ്രാമസഭയിൽ പങ്കെടുക്കാത്ത വ്യക്തികളുടെ പേര് മിനുട്ട്സ് ബുക്കിൽ എഴുതിച്ചേർത്തതാണോ എന്നത് സംബന്ധിച്ച വിശദമായ പരിശോധന ഭരണവകുപ്പ് നടത്തണം.
പദ്ധതിപ്രകാരം മാറ്റിസ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്ന വൈദ്യുതി ലൈൻ കടന്നുപോയിരുന്ന സ്ഥലം പരിശോധന സംഘം സന്ദർശിച്ചു. വൈദ്യുതി ലൈൻ വീടുകൾക്ക് നേരിട്ട് അപായമുണ്ടാക്കുന്ന രീതിയിലല്ലെന്നും ബോധ്യമായി. ഇക്കാര്യം ഫീൽഡ് പരിശോധനയിൽ പങ്കെടുത്ത പഞ്ചായത്ത് ഹെഡ് ക്ലാർക്ക് കെ.എം. ഷരീഫ് രേഖാമൂലം സാക്ഷ്യപ്പെടുത്തി. തദ്ദേശവാസികളുമായി നേരിട്ട് സംസാരിച്ചതിൽ നല്ല കാറ്റും മഴയുമുള്ള സമയങ്ങളിൽ മരങ്ങൾ വൈദ്യുതി ലൈനിൽ തട്ടുന്നതൊഴികെ മറ്റ് അപായങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി മാറ്റി സ്ഥാപിച്ച വൈദ്യുത ലൈൻ കടന്നു പോയിരുന്ന റൂട്ടിലെ സ്ഥലത്തിന്റെ ഉടമസ്ഥരുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പഞ്ചായത്ത് അധികൃതർ അത് നൽകിയില്ല. അതിനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും, കുടുംബത്തിന്റെയും അവർക്ക് വേണ്ടപ്പെട്ട ചില സ്വകാര്യവ്യക്തികളുടെയും മാത്രം താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചതെന്ന പരാതിയിലെ ആരോപണം സംബന്ധിച്ച് വ്യക്തത വരുത്താനായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
ആനക്കയം ഗ്രാമ പഞ്ചായത്തിൽ മുട്ടിപ്പാലം മുതൽ ആനക്കയം വരെ സ്വകാര്യ വ്യക്തികളുടെ ഭൂമിയിലൂടെ കടന്നു പോകുന്ന ഇലക്ട്രിക് ലൈൻ മാറ്റി സ്ഥാപിക്കുന്ന പദ്ധതി ഗ്രാമസഭാ മിനിട്ട്സിൽ ഉൾപ്പെടുത്തുന്നതിനായി 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ വകുപ്പ് മൂന്നിൽ (നാല്) നിഷ്കർഷിച്ച പ്രകാരം ഗ്രാമസഭയുടെ ക്വാറം തികക്കുന്നതിനു വേണ്ടി ഗ്രാമസഭയിൽ പങ്കെടുക്കാത്ത വ്യക്തികളുടെ പേര് മിനുട്ട്സ് ബുക്കിൽ എഴുതിച്ചേർത്തതാണോ എന്നത് സംബന്ധിച്ച വിശദമായ പരിശോധന ഭരണവകുപ്പ് നടത്തണെന്നും റിപ്പോർട്ടിൽ ശിപാർശ നൽകി. സർക്കാർ ഉത്തരവുകൾക്ക് വിരുദ്ധമായി ചെലവഴിച്ച് 7,20,000 രൂപ മുൻ സെക്രട്ടറിയിൽ നിന്നും നിയമപരമായി ഈടാക്കി സർക്കാരിലേക്ക് അടവാക്കുന്നതിനുള്ള നടപടികൾ ഭരണവകുപ്പ് കൈക്കൊള്ളണം. സർക്കാർ മാർഗനിർദേശങ്ങൾക്കും ഉത്തരവുകൾക്കും വിധേയമായി മാത്രം പദ്ധതികൾ രൂപീകരിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കർശനനിർദേശം നൽകണമെന്നാണ് ശിപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.