അനന്യയുടെ ആത്മഹത്യയിൽ അന്വേഷണം: ശാലുവധം വീണ്ടും ചർച്ചയാകുന്നു
text_fieldsകോഴിക്കോട്: കൊച്ചിയിലെ ട്രാൻസ്ജെൻഡർ അനന്യകുമാരി അലക്സിന്റെ ആത്മഹത്യയിൽ ആറുമാസത്തിനശേഷം സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതോടെ കോഴിക്കോട്ട് ട്രാൻസ്ജെൻഡർ ശാലു കൊല്ലപ്പെട്ട കേസും വീണ്ടും ചർച്ചയാകുന്നു.
കേസിൽ സമയബന്ധിതമായി അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന ആവശ്യമാണ് ട്രാൻസ് സമൂഹത്തിൽ നിന്നുയരുന്നത്. മൈസൂരു സ്വദേശിയും കണ്ണൂരിൽ താമസിക്കുകയും ചെയ്തിരുന്ന ശാലുവിന്റെ മൃതദേഹം 2019 ഏപ്രിൽ ഒന്നിനാണ് മാവൂർ റോഡിനുസമീപം യു.കെ.എസ് റോഡിലെ ആളൊഴിഞ്ഞ ഇടവഴിയിൽ കണ്ടെത്തിയത്. കഴുത്തിൽ സാരിചുറ്റി മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്മോർട്ടത്തിൽ കഴുത്തിൽ കുരുക്ക് മുറുകിയത് തെളിഞ്ഞതോടെയാണ് കൊലപാതകമെന്ന് വ്യക്തമായത്. നടക്കാവ് പൊലീസ് രജിസ്റ്റർചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും അന്വേഷണത്തിന് നേതൃത്വം നൽകിയ മൂന്ന് ഉദ്യോഗസ്ഥർ സ്ഥലം മാറിപ്പോയതടക്കം വെല്ലുവിളിയായി.
അന്വേഷണം പെട്ടെന്ന് പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് പുനർജനി കൾച്ചറൽ സൊസൈറ്റി പ്രസിഡൻറ് സിസിലി ജോർജ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നിവേദനം നൽകിയിട്ടും പുരോഗതിയുണ്ടായിട്ടില്ല. അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമീഷനും നിർദ്ദേശിച്ചിരുന്നു. ശാലുവിന്റെ മൃതദേഹം കണ്ടതിന് സമീപമുള്ള സ്ഥാപനത്തിന്റെ സി.സി.ടി.വി കാമറയിൽ രണ്ടുപേരുടെയും ദൃശ്യം പതിഞ്ഞെങ്കിലും വ്യക്തതയില്ലാത്തതുകാരണം ആളുകളെ തിരിച്ചറിയാനായിരുന്നില്ല.
പ്രദേശത്തെ വിവിധ സ്ഥാപനങ്ങളിലെയടക്കം നിരവധി പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടും പൊലീസിന് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചില്ല.
കൊലപാതകമാണെന്ന് വ്യക്തമായിട്ടും കുറ്റക്കാരെ കണ്ടെത്താനാവാത്തത് പൊലീസിന്റെ വീഴ്ചയാണെന്നാണ് ആരോപണം. സംഘടിതരല്ലാത്തതും പുറത്തുള്ളവരിൽനിന്നും വേണ്ടത്ര പിന്തുണ ലഭിക്കാത്തതുമാണ് സമ്മർദം ശക്തമാക്കാനും പ്രക്ഷോഭം ആരംഭിക്കുന്നതിനും തടസ്സമെന്നാണ് നഗരത്തിലെ ട്രാൻസ്ജെൻഡർ സമൂഹം പറയുന്നത്. ആത്മഹത്യ ചെയ്ത അനന്യയുടെ കേസിൽ തന്നെ ആറുമാസത്തിനുശേഷമാണിപ്പോൾ അന്വേഷണം പ്രഖ്യാപിച്ചത്. സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിനൊപ്പം ട്രാൻസ്ജെൻഡറുകളുടെ സുരക്ഷക്കും മതിയായ സംവിധാനമൊരുക്കണം. ശാലുവിന്റെ കൊലക്ക് കാരണക്കാരായവരെ ഉടൻ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.